ലൈഫ് മിഷൻ; ചാറ്റ് വിശദാംശങ്ങളുൾപ്പെടെ രേഖകൾക്കായി വിജിലൻസ് നീക്കം
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈവശമുള്ള വാട്സ്ആപ് ചാറ്റുകളുൾപ്പെടെ രേഖകൾക്കായി സംസ്ഥാന വിജിലൻസ് ശ്രമം തുടങ്ങി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാട്സ്ആപ് ചാറ്റുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കിയിരുന്നു. അതിൽ എന്തൊക്കെയുണ്ടാകുമെന്നത് സർക്കാർ വൃത്തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയിലൂടെ കണ്ടെടുത്ത ഈ വിവരങ്ങൾ ലഭിക്കാൻ ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന വിജിലൻസും ശ്രമം ആരംഭിച്ചത്.
ലൈഫ് ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് എസ്.പി സി.ബി.ഐക്ക് കത്ത് നൽകിയതായാണ് വിവരം. സ്വപ്ന സുരേഷ്, എം. ശിവശങ്കർ, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് എന്നിവർ തമ്മിലെ ഫോൺ സംഭാഷണം, വാട്സ്ആപ് ചാറ്റ് എന്നീ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ നേരത്തേ സി-ഡാക്ക് വഴി ശേഖരിച്ചിരുന്നു. ഇതിന്റെ ഡിജിറ്റൽ പരിശോധന റിപ്പോർട്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്നുപേരുടെ വാട്സ്ആപ് ചാറ്റും വിശദാംശവും നൽകണമെന്ന് ആവശ്യപ്പെട്ട് സി-ഡാക്കിനും കത്ത് നൽകിയതായാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.
അതിനിടെ ലൈഫ് ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിലേക്ക് മാത്രം ചുരുങ്ങുമെന്നാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾക്കായി സി.ബി.ഐയും കാത്തിരിക്കുകയാണ്. ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആരംഭിക്കുംമുമ്പ് അന്വേഷണം ആരംഭിച്ച വിജിലൻസ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ പിടിച്ചെടുത്തിരുന്നു.
ആ ഫയലുകൾ സി.ബി.ഐക്ക് ലഭിച്ചിട്ടില്ല. ആ ഫയൽ നിർണായകമാണെന്ന വിലയിരുത്തലിലാണ് സി.ബി.ഐ. കേസെടുത്ത് രണ്ടരവർഷം കഴിഞ്ഞിട്ടും വിജിലൻസിന് കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. ഇടക്ക് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചപ്പോൾ ഉണർന്ന വിജിലൻസ് സ്വപ്നയുടെ സുഹൃത്തിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. ഇപ്പോൾ ഇ.ഡി അന്വേഷണം ശക്തമായപ്പോഴും വിജിലൻസ് ഉണർന്നെന്നാണ് വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.