ജീവിതം വലകളുടെ ഊരാക്കെട്ടുകളിൽതന്നെ
text_fieldsചേർത്തല: പ്രളയകാലത്ത് മനുഷ്യജീവൻ മാത്രമല്ല, ജീവജാലങ്ങളുടെ രക്ഷകരായി നിന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ഉൾപ്പെടെ പലപേരിട്ട് ബഹുമാനിച്ച് വിളിച്ചെങ്കിലും ഇവരുടെ ജീവിതം ഇപ്പോഴും വലകളുടെ ഊരാക്കെട്ടുകളിൽ തന്നെ. സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ മത്സ്യബന്ധനത്തിന് പോകുന്ന ഓരോ മത്സ്യത്തൊഴിലാളികളുടെ ജീവന് ഒരു ഗാരന്റിയുമില്ല. ആദ്യകാലങ്ങളിൽ ഇൻഷുറൻസ് എടുക്കുമായിരുന്നത് ഇപ്പോൾ 50 ശതമാനത്തോളം പേർ മാത്രമേ എടുക്കാറുള്ളൂവെന്ന് തൊഴിലാളികൾ പറയുന്നു.
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞിട്ട് ഇൻഷുറൻസ് തുക ലഭിക്കാത്ത അവസ്ഥവരെയുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾകൊണ്ടാണ് മരണമെന്നും മറ്റ് അസുഖങ്ങളാണ് മരണകാരണമെന്ന് പറഞ്ഞ് ഇൻഷുറൻസ് കമ്പനി എന്തെങ്കിലും തട്ടാമുട്ടി ന്യായങ്ങൾ പറഞ്ഞ് തുക നൽകാറില്ല. അതുകൊണ്ടാണ് പലരും ഇൻഷുറൻസ് എടുക്കാത്തത്. ഇതിനൊപ്പം ഇവർക്ക് സർക്കാറിൽനിന്ന് ലഭിക്കുന്ന ക്ഷേമ പെൻഷൻ പോലും സമയാസമയങ്ങളിൽ ലഭിക്കുന്നില്ല.
കേന്ദ്രസർക്കാർ വഴി ഫിഷറീസ് വകുപ്പിന്റ തണൽ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന 1300 രൂപ പെൻഷനും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. വീട്ടാവശ്യത്തിനും മക്കളുടെ പഠനചെലവിനും ഇവർക്ക് മത്സ്യബന്ധനമല്ലാതെ മറ്റൊരു മാർഗവുമില്ല. പണയംവെച്ചും കടം വാങ്ങിയും മറ്റുമാണ് തൊഴിലാളികളുടെ കുടുംബങ്ങൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. സാധാരണ പൊന്തുവള്ളങ്ങളിൽ പോകുന്നവർക്ക് ചെമ്മീൻ, മത്തി, അയല, മറ്റ് ചെറു മത്സ്യങ്ങളാണ് കിട്ടുക. നിലവിൽ തീരെ ചെറിയ മീൻപിടിക്കാൻ അനുവാദമില്ലാത്തതും ഇവരെ കുഴക്കുന്നുണ്ട്. വള്ളങ്ങൾ അടുപ്പിക്കുന്നിടത്ത് തന്നെ പൊലീസ് സാന്നിധ്യമുണ്ട്. ചെറുമത്സ്യങ്ങൾ ഉണ്ടെന്ന് കണ്ടുകഴിഞ്ഞാൽ തിരികെ കടലിൽ കളയുകയാണ് ചെയ്യുന്നത്.
ഗുണമില്ലാതെ ഹെൽത്ത് സെന്റർ
തൈക്കൽ ബീച്ചിനോട് ചേർന്നുള്ള ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം മത്സ്യത്തൊഴിലാളികൾക്ക് അത്ര ഗുണം ചെയ്യുന്നില്ല. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ 12ാം വാർഡിൽ തീരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജൽ ജീവൻ മിഷന്റെ നേതൃത്തിലുള്ള ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ചില ദിവസങ്ങളിൽ മാത്രമേ ഡോക്ടറുടെ സേവനമുള്ളൂ. ഒന്നോ, രണ്ടോ നഴ്സുമാരുടെ സേവനമാണുള്ളത്. ജീവിതശൈലീരോഗ നിർണയമല്ലാതെ ഇവിടെ മറ്റൊന്നുമില്ല.
മത്സ്യത്തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ അത്യാവശ്യഘട്ടത്തിൽ ആരോഗ്യകേന്ദ്രത്തിൽ എത്തിക്കാൻ പോലും ഇവിടെയുള്ളവർ മടിക്കുന്നു. ആവശ്യത്തിന് മരുന്നുപോലും ഇവിടെ ഇല്ലാത്തതാണ് കാരണം. അപകടത്തിൽപെടുന്നവരെ ഏഴ് കിലോമീറ്റർ അകലെയുള്ള ചേർത്തല താലൂക്ക് ആശുപത്രി മാത്രമാണ് ആശ്രയം.
മണ്ണെണ്ണ ലഭ്യതയില്ല
മണ്ണെണ്ണ ലഭ്യത ഇല്ലാത്തത് മത്സ്യബന്ധനത്തിന് വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ സർക്കാർ സബ്സിഡിയിൽ ആവശ്യമായ മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കുന്നുണ്ടായിരുന്നത് നിലവിൽ പൂർണമായും ഇല്ലാതായി. കരിഞ്ചന്തയിൽ വെള്ള മണ്ണെണ്ണ 125 മുതൽ 150 രൂപവരെ നൽകിയാണ് മത്സ്യബന്ധനം നടത്തുന്നത്. അർത്തുങ്കൽ ഹാര്‍ബറിൽനിന്ന് ആയിരത്തോളം വള്ളങ്ങളാണ് കടലില്‍ പോകുന്നത്. പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ മാത്രം ലൈലാൻഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്. ഇതിനാവശ്യമായ മണ്ണെണ്ണ കരിഞ്ചന്തയിൽനിന്നാണ് വാങ്ങുന്നത്. ഒരു വള്ളത്തിന് ഒരു ദിവസത്തെ മത്സ്യബന്ധനത്തിന് 150ഓളം ലിറ്റർ മണ്ണെണ്ണ ആവശ്യമായി വരാറുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.