ലൈഫ് പദ്ധതി അഴിമതി: ജീവനക്കാരനെ പിരിച്ചുവിടാൻ ശിപാർശ
text_fieldsഈരാറ്റുപേട്ട: മൂന്നിലവ് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ അഴിമതി കാട്ടിയ ജീവനക്കാരനെ പിരിച്ചുവിടാൻ ശിപാർശ.വി.ഇ.ഒ ജോൺസൺ കെ. ജോർജിനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ ദാരിദ്ര ലഘൂകരണ വിഭാഗം ജില്ല പ്രോജക്ട് ഡയറക്ടറാണ് ഗ്രാമവികസന കമീഷണർക്ക് ശിപാർശ നൽകിയത്. ശിപാർശ അംഗീകരിച്ചാൽ ഉടൻ പിരിച്ചുവിടുന്നതിനൊപ്പം മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ജോൺസണ് ജോലി ചെയ്യാൻ കഴിയാത്ത നടപടി സ്വീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ പേരിൽ ഇയാൾ 63 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് വകുപ്പ് കണ്ടെത്തിയത്. 2021ൽ പഞ്ചായത്തിൽ നടത്തിയ അർധ വർഷിക കണക്കെടുപ്പിൽ ലൈഫ് പദ്ധതിയുടെ കണക്കുകളും രേഖകളും ജോൺസൺ ഹാജരാക്കിയിരുന്നില്ല.പ്രളയത്തിൽ രേഖകൾ എല്ലാം നഷ്ടപ്പെട്ടു എന്നാണ് ജോൺസൺ അറിയിച്ചത്.
എന്നാൽ, ജോൺസന്‍റെ ഓഫിസിന് തൊട്ടടുത്തുള്ള ഓഫിസിലെ രേഖകൾ എല്ലാം മറ്റ് ജീവനക്കാർ ഹാജരാക്കിയതിനെ തുടർന്നാണ് ഓഡിറ്റേഴ്‌സിന് സംശയം തോന്നിയത്. തുടർന്ന് പഞ്ചായത്തിലെ മറ്റ് ജീവനക്കാർ നടത്തിയ രഹസ്യ പരിശോധനയിലാണ് തുക തട്ടിയെടുത്ത വിവരം പുറത്ത് വന്നത്. തട്ടിയെടുത്ത തുക തിരികെ അടക്കാൻ നോട്ടീസും നൽകി.നിശ്ചിത കാലയളവിനുള്ളിൽ തുക തിരിച്ചടച്ചില്ലെങ്കിൽ ജോൺസണിനെതിരെ റവന്യൂ നടപടി ആരംഭിക്കും. നേരത്തേ ഇയാളെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.