മുതലമട പഞ്ചായത്തിലെ ലൈഫ് പദ്ധതി ക്രമക്കേട്: വിജിലൻസ് അന്വേഷണം ആരംഭിച്ചു
text_fieldsകൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മൂച്ചങ്കുണ്ട് വാർഡ് അംഗം കൽപനദേവി നൽകിയ പരാതിയിലാണ് പാലക്കാട് വിജിലൻസ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി അന്വേഷണം ആരംഭിച്ചത്.
ഇടുക്ക്പാറയിൽ ഒ.ബി.സി വിഭാഗത്തിലുള്ള വനിത പട്ടികവർഗ സർട്ടിഫിക്കറ്റ് നേടി ലൈഫ് പട്ടികയിൽ മുൻഗണയിൽ വന്നത് പരിശോധിക്കണമെന്നും സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വിജിലൻസിൽ പരാതി നൽകിയത്.
വെള്ളാരൻ കടവ് പ്രദേശത്ത് നിരവധി വിധവകൾ ഓലപ്പുരയിൽ വസിക്കുമ്പോഴും അത്തരക്കാരെ ഒഴിവാക്കി പട്ടികവർഗ പ്രമോട്ടറും മുൻ പഞ്ചായത്ത് അംഗവുമായ വ്യക്തിക്ക് ലൈഫ് അനുവദിച്ചത്, ഇടുക്കുപാറയിൽ നിർമൽ ഭവന പദ്ധതിയിൽ ഉൾപ്പെട്ടവരെ വീണ്ടും ലൈഫിൽ ഉൾപ്പെടുത്തിയത്, അച്ഛനും അമ്മക്കും സർക്കാർ പദ്ധതിയിൽ സ്ഥലമുണ്ടായിട്ടും മകനെ ലൈഫിൽ ഉൾപ്പെടുത്തിയത് എന്നിവ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമാകുന്നു
മുതലമട: പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ അനർഹരെ ഉൾപ്പെടുത്തി അർഹരെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്തിലെ അന്തിമ പട്ടികയിൽ 1818 പേരാണുള്ളത്. രാഷ്ട്രീയ അതിപ്രസരം മൂലം ചില വാർഡുകളിൽ ഗുണഭോക്താക്കൾ കുറയുകയും മറ്റു വാർഡുകളിൽ വർധിക്കുകയുമാണെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
മുച്ചങ്കുണ്ട് വാർഡിൽ കുണ്ടന്തോട്ടിൽ വസിക്കുന്ന ആദിവാസി ദമ്പതികളായ ചിത്രയെയും നാഗരാജിനെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. രണ്ടു മക്കളുമായി ദമ്പതികൾ പതിറ്റാണ്ടിലധികമായി ഓലക്കുടിലിലാണ് താമസം. വൈദ്യുതി പോലും എത്താത്ത കുടിലിലുള്ളവരെ അവഗണിച്ചതിനെതിരെ കലക്ടറെ സമീപിക്കാൻ തയാറെടുക്കുകയാണ് ദമ്പതികൾ.
മുച്ചങ്കുണ്ട് വാർഡിലുള്ളവരെ ഒഴിവാക്കിയതിനെതിരെ പഞ്ചായത്ത് അംഗം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം നടത്തിയ ശേഷമാണ് കുമാർ മാരിമുത്തു, തമിഴ് ചെൽവി, മണി, കുപ്പാത്താൽ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അർഹതയുള്ളവർക്ക് ഭവന പദ്ധതിയിൽ ഇടം നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.