ഫ്രെയിമിലൊതുങ്ങാത്ത ജീവിതം
text_fieldsഅന്തരിച്ച അരുണ വാസുദേവുമായി മാധ്യമം ലേഖകൻ പി.പി പ്രശാന്ത് നടത്തിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു
ഏഷ്യൻ സിനിമയുടെ മാതാവ് എന്നറിയപ്പെടുന്ന അരുണ വാസുദേവിന് ഇപ്പോൾ 84വയസ്സ്. ഈ വയസ്സിലും അവർ ചെന്നെത്താത്ത ചലച്ചിത്രോത്സവങ്ങളില്ല.ഇന്ത്യൻ സിനിമയുടെ വികാസത്തിെൻറ ഓരോ ഘട്ടത്തിലും അരുണയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഭാഷയുടെയും കാലത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച ദേശാടനമാണ് അവർക്ക് സിനിമ.
ഇന്ത്യയിൽ ആദ്യമായി സിനിമയെക്കുറിച്ച് ഇറങ്ങിയ ആധികാരിക പുസ്തകങ്ങൾ അരുണയുടെതാണ്. കാൻസ്, ലോക്കർനോ എന്നിവയുൾപ്പെടെ 40 ഓളം മികച്ച ചലച്ചിത്ര ഉത്സവങ്ങളുടെ അന്താരാഷ്ട്ര ജൂറി അംഗമായിട്ടുണ്ട് ഇവർ.ഏഷ്യൻ സിനിമകളുടെ തുടിപ്പുകൾ ഒന്നര പതിറ്റാണ്ട് പ്രേക്ഷകരെ അറിയിച്ച ‘സിനിമായ’എന്ന മാഗസിെൻറ അച്ചടിമഷിക്ക് പിന്നിൽ അരുണയാണ്. ഏഷ്യൻ ചലച്ചിത്രോത്സവമായ ‘സിനിഫാൻ ഫിലിം ഫെസ്റ്റിവ’ലിന് ഡൽഹി വേദിയായപ്പോൾ അതിന് പിന്നിലെ പെൺകരുത്തായിരുന്നു അരുണ. ഏഷ്യൻ സിനിമപ്രവർത്തകരുടെ കൂട്ടായ്മയായ ‘നെറ്റ്പാകി’ന് രുപം നൽകിയതും ഇവർ തന്നെ.ലെബനണിലെ ട്രിപോളി ഫിലിം ഫെസ്റ്റിവൽ സിനിമയിലെ മികച്ച രചനയ്ക്കുള്ള സമ്മാനം “അരുണ വാസുദേവ് അവാർഡ്’ ഇവരുടെ സേവനങ്ങളുടെ ഉപകാരസ്മരണയാണെന്നു കൂടി പറഞ്ഞാലേ അരുണ വാസുദേവിനെക്കുറിച്ചുള്ള പറച്ചിൽ പൂർണമാകൂ.ഇറ്റലിയിൽ നിന്നുള്ള സ്റ്റാർ ഓഫ് ഇറ്റാലിയൻ സോളിഡാരിറ്റി, ഫ്രാൻസിൽ നിന്നുള്ള ഷെവലിയർ ഓഫ് ആർട്സ് & ലെറ്റേഴ്സ് എന്നി കലാരംഗത്തെ ഉയർന്ന പദവികൾ അവർക്ക് ലഭിച്ചു.ലോക സിനിമപ്രവർത്തകരുടെ ആദരം പിടിച്ചുപറ്റിയ അരുണ വാസുദേവ് ലോക്ഡൗണിന് തൊട്ടുമുമ്പാണ് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജൂറിയായി എത്തിയത്. കോവിഡിെൻറ ഭീഷണിയിൽ ചലച്ചിത്രോത്സവ ദിനങ്ങൾ വെട്ടിച്ചുരുക്കുകയായിരുന്നു. തൃശൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് അരുണ വാസുദേവ് ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങൾ ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
സിനിമയിലേക്കുള്ള യാത്രയുടെ തുടക്കം എങ്ങനെയായിരുന്നു
യു.എന്നിലെ ഉദ്യോഗാവശ്യാർഥം പിതാവിനൊപ്പം ന്യൂയോർക്കിൽ താമസിച്ചുവരവേയാണ് ടെലിവിഷൻ പ്രചാരത്തിൽ വരുന്നത്. നേരത്തെ ബി.എ ഇംഗ്ലിഷ്ഒാണേഴ്സ് പഠിച്ചുകൊണ്ടിരിക്കേ റേഡിയോയിൽ ചില പരിപാടികൾ അവതരിപ്പിച്ചിരുന്നു.ആ ഇടക്കാണ് സിനിമ ചെയ്യാൻ പഠിക്കണമെന്ന മോഹം വന്നത്. അറുപതുകളുടെ തുടക്കം.ഗൊദാർഥിെൻറയും എറിക് റോമറിെൻറയും മറ്റും സിനിമകളിലൂടെ ഫ്രഞ്ച് സിനിമകളിലെ നവതരംഗം ചർച്ചചെയ്യപ്പെടുന്ന സമയം. ‘‘എനിക്ക് പാരിസ് ഫിലിം സ്കൂളിൽ പഠിക്കണം’’ഞാൻ വീട്ടുകാർക്ക് മുമ്പിൽ ആഗ്രഹം അവതരിപ്പിച്ചു. അവർ എതിര് പറഞ്ഞില്ല.അങ്ങനെ പാരിസിലെത്തി.അക്കാലത്ത് ഇന്ത്യക്കാർ അവിടെ എത്തിത്തുടങ്ങിയിരുന്നില്ല. 150 ഡോളറോളം പ്രതിമാസ ചെലവുണ്ടായിരുന്നു. പഠിക്കുന്നതോടൊപ്പം അത് സ്വരൂപിക്കാനായി ശ്രമം.. ഇടക്കേ ക്ലാസിൽ പോകാറുള്ളൂ. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള സത്യജിത് റേയെപ്പറ്റി ധാരാളം എഴുതിയിട്ടുള്ള മാരി സീറ്റനുമായി രൂപപ്പെട്ട അടുത്ത പരിചയം മുതൽക്കൂട്ടായി. അവർ മുഖേന പ്രശസ്ത ഡയറ്ടർ ക്രിസ് മാർക്കറിനെ പരിചയപ്പെട്ടു. പ്രശസ്ത ഡോക്യുമെൻററികൾ എടുത്തിട്ടുള്ള അവരുടെ കീഴിൽ അപ്പരൻറിസ് ആയി ജോലി ചെയ്തു. ഫ്രഞ്ച് നവതരംഗ സിനിമ ചരിത്രത്തിലെ അതികായരായിരുന്ന അലെയ്ൻ റനെ,േക്ലാഡ് ഷബ്റോൾ എന്നിവരോടൊപ്പം സഹകരിക്കാനും ആ പരിചയം സഹായിച്ചു. ജീവിതം മാറ്റിമറിച്ച ദിവസങ്ങളായിരുന്നു അത്. ശരിക്കും ഒരു അവിസ്മരണീയ പാഠശാല.
ഇന്ത്യയിലേക്കുള്ള മടക്കം എങ്ങനെയായിരുന്നു
പാരിസിൽ വെച്ച് പരിചയപ്പെട്ട മാരി സീറ്റൻ സത്യജിത് റായെക്കറിച്ച് പുസ്തകമെഴുതിയ കാര്യം പറഞ്ഞിരുന്നല്ലോ. അവർ വഴി സത്യജിത് റായിയെ പരിചയപ്പെട്ടു. എന്നെ ഏറെ സ്വാധീനിച്ച കൂടിക്കാഴ്ചയായിരുന്നു അത്.ആകെ ഉണ്ടായ പ്രശ്നം എനിക്ക് ഇംഗ്ലിഷ് മാത്രമേ വശമുണ്ടായിരുന്നുള്ളൂ എന്നതാണ്.അതേസമയം അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ആ മോഹം മനസ്സിൽവെച്ചുകൊണ്ടുതന്നെ ഞാൻ ഡൽഹിയിലേക്ക് മടങ്ങി. കാരണം അച്ഛൻ അവിടെ തിരിച്ചെത്തിയിരുന്നു.
സത്യജിത് റായിയെ പിന്നീട് കണ്ടിരുന്നോ
ഒരിക്കൽ റായ് സാബിനെ കാണാൻ കൽകട്ടക്ക് പോയപ്പോൾ കുറച്ച് ഇംഗ്ലീഷുകാർ അവിടെയുണ്ടായിരുന്നു. ട്വൻറീത്ത് സെൻച്വറി ഫോക്സുമായി ബന്ധപ്പെട്ട് ഒരു സിനിമയുമായി ബദ്ധപ്പെട്ട ചർച്ചയാണെന്നാണ് പറഞ്ഞത്.എന്നോട് ബംഗാളി പഠിച്ച് സിനിമ വർക്ക് ചെയ്യാൻ വരാൻ പറഞ്ഞ് അന്ന് തിരിച്ചയച്ചു. അന്ന് ചർച്ച നടത്തിയിരുന്ന സിനിമയാണ് പിന്നീട് സ്റ്റീവൻ സ്പീൽബർഗിെൻറ ഇ.ടി എന്ന വേൾഡ് ഹിറ്റ് സിനിമയായി പുറത്തുവന്നത്. ഏലിയൻ എന്ന പേരിൽ തിരക്കഥയും അതിനായി വരച്ച രൂപരേഖയും സ്പീൽബർഗ് ഉപയോഗിക്കുകയായിരുന്നു.ഇന്ത്യയിൽ ഷൂട്ടിങ് വേണമെന്ന് പറഞ്ഞ റായ് സാബിനോട് പറ്റില്ലെന്ന് പറഞ്ഞ് വഴിപിരിഞ്ഞ ചർച്ചയാണ് പിന്നീട് ലോകം ചർച്ചചെയ്ത സിനിമയായി പിറന്നത്. പിന്നീട് സ്പീൽബർഗ് മാപ്പ് പറയാൻ പോലും വന്നുവത്രേ. ഞാൻ പിന്നീട് ന്യൂ ഇന്ത്യൻ സിനിമ എന്ന പുസ്തമെഴുതിയപ്പോൾ ഇക്കാര്യം സൂചിപ്പിക്കട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
പിന്നീട് സത്യജിത് റായുടെ അടുത്ത് തിരിച്ചുപോയിരുന്നോ
ഇല്ല.എല്ലാ പദ്ധതികളും പാളി.ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ഞാൻ വിനോദസഞ്ചാരമന്ത്രാലയത്തിന് വേണ്ടി ‘ദ മുഗൾ’ എന്ന ഫിലിം ചെയ്തു. ഫിലിംസ് ഡിവിഷന് വേണ്ടിയും മറ്റുമായി കുറച്ച് വർക്കുകൾ ബോംബെയിൽ താമസമാക്കിയപ്പോൾ ലഭിച്ചു. ആ സമയത്താണ് ഡൽഹിയിൽ ജർമൻ ടെലിവിഷൻ സ്റ്റുഡിയോ തുടങ്ങിയത്. അവർ എന്നെ അവിടേക്ക് ക്ഷണിച്ചു. അവിടെ ജോലിയെടുത്തുകൊണ്ടിരിക്കേ ഏഷ്യൻ രാജ്യങ്ങളെ പരിചയപ്പെടുത്തുന്ന സീരിസെടുക്കാനായി തായ്ലൻറിൽ പോയി. അക്കാലത്ത് ലോക ശ്രദ്ധ ഏഷ്യയിൽ പതിഞ്ഞത് ഞാനെടുത്ത ദൃശ്യങ്ങളിലൂടെയായിരുന്നു.അത് ഭയങ്കര അനുഭവമായിരുന്നു. പിന്നീട് പാരിസിലേക്ക് തിരിച്ചുപോയി.ഇതിനിെട 1968ൽ വിവാഹം. മീഡിയ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വീഡിഷ് പൗരനായിരുന്നു കൂട്ടായി വന്നത്.പാരിസിൽ താമസമാക്കാനായിരുന്നു തീരുമാനം. മെയ് 16ലെ വിപ്ലവം തുടങ്ങിയ ദിവസമായിരുന്നു അവിടെ എത്തിയത്. സംഭവബഹുലമായിരുന്നു ദിനങ്ങൾ.വൈകാതെ ഞാൻ ലണ്ടനിൽ തിരിച്ചെത്തി കനേഡിയൻ കമ്പനിക്ക് വേണ്ടി ജോലിചെയ്തു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുപോന്നു.
സിനിമ എഴുത്തിലേക്ക് വഴിമാറിയതെപ്പോഴാണ്
കുറച്ച് സ്ക്രിപ്റ്റ്, ഡോക്യുമെൻററികൾ എന്നിവയുമായി കഴിഞ്ഞുകൂടുന്നതിനൊപ്പമാണ് ഞാൻ പാരിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ഫിലിം സ്റ്റഡീസിൽ പി.എച്ച്ഡി ചെയ്യുന്നത്.‘ലിബർട്ടി ആൻറ് ലൈസൻസ് ഇൻ ഇന്ത്യൻ സിനിമ’എന്നതായിരുന്നു വിഷയം. ഇത് പിന്നീട് ഞാൻ പുസ്തകമാക്കി. .സിനിമ ജീവിതത്തെപ്പറ്റി അധികമാരും എഴുതിയിരുന്നില്ല.‘ദ ഫസ്റ്റ് റിയൽ ബുക്ക് ഇൻ ഇന്ത്യൻ സിനിമ’ എന്നാണ് ഈ പുസ്തകം അറിയപ്പെട്ടത്.
പുണെ ഫിലിം ഇൻസ്റ്റിറ്യട്ടിലുണ്ടായിരുന്ന ഇന്ത്യൻ സിനിമയിലെ അതികായന്മാരായ കുമാർ സാഹ്നി, മണി കൗൾ എന്നിവരുമായുള്ള സൗഹൃദമായിരുന്നു ഈ കാലയളവിൽ മറക്കാനാവാത്തത്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ ഞാൻ വീണ്ടും വിവാഹിതയായി. കുട്ടിജനിച്ചു. എഴുത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഈ സമയത്തായി. കുറേ മാഗസിനുകളിലും പത്രങ്ങളിലും സിനിമസംബന്ധിയായി എഴുതിത്തുടങ്ങി. ഒട്ടേറെ പുസ്തകങ്ങൾ എഴുതി. ഇന്ത്യയിൽ ഫിലിംഫെസ്റ്റിവലുകൾ തുടങ്ങിയ സമയമായിരുന്നു. അതുമായി സഹകരിച്ചു.ബോംബെ, മദ്രാസ് , കൽക്കട്ട എല്ലായിടത്തുമെത്തി അഭിമുഖങ്ങൾ നടത്തി. ഏഷ്യൻ സിനിമകളെക്കുറിച്ചും തെക്കേ ഇന്ത്യൻ സിനിമകളെക്കുറിച്ചും മുഖ്യധാര മാധ്യമങ്ങളിലും സിനിമ ലോകത്തും പരിചയപ്പെടുത്തിയത് ഒരുപക്ഷേ എെൻറ ലേഖനങ്ങളിലൂടെയായിരിക്കണം. എന്താണ് ഇന്ത്യൻ സിനിമ എന്ന കാഴ്ചപ്പാടും പ്രാദേശിക സിനിമകളുടെ ശക്തിയും എെൻറ എഴുത്തിനെ പ്രചോദിപ്പിച്ചു. മലയാളി സംവിധായകരായ അടുർ ഗോപാലകൃഷ്ണനുമായും അരവിന്ദനുമായും ഉറ്റസൗഹൃദം പുലർത്തിയത് ഇക്കാലത്താണ്.
ഹിന്ദി ബെൽറ്റിൽ നിന്ന് സൗത് ഇന്ത്യ ഉൾപ്പെടെ ഇന്ത്യൻ സിനിമകളെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെങ്കിലും ഏഷ്യൻ സിനിമകളെക്കുറിച്ച് കൂടുതലറിഞ്ഞത് എങ്ങനെയായിരുന്നു
ഏഷ്യൻ സിനിമകളെക്കുറിച്ച് കുറേ എഴുതിയിരുന്നെങ്കിലും കണ്ടിരുന്നില്ല. പത്രങ്ങളിലും മാഗസിനുകളിലും സിനിമയെക്കുറിച്ച് നിരവധി ലേഖനങ്ങളും ഇൻറർവ്യൂകളും എഴുതിക്കൊണ്ടിരുന്നു.അങ്ങയെയിരിക്കവേയാണ് ഹവായ് ഫിലിംഫെസ്റ്റിവെലിനോടനുബന്ധിച്ച കോൺഫറൻസിൽ ഇന്ത്യൻ സിനിമയെക്കുറിച്ച് സംസാരിക്കാൻ ഫെസ്റ്റിവൽ ഡയറക്ടർ ജെന്നറ്റ് ക്ഷണിച്ചത്. അതിനായി ഹവായിയിൽ പോയപ്പോൾ ഏഷ്യൻ സിനിമകളുടെ മനോഹാരിത കാണാനിടയായി. അതുവരെ കുറസോവയെ മാത്രമേ അറിയുമായിരുന്നുള്ളൂ. ശരിക്കും അതിശയിച്ചുപോയി. അത്ര വൈവിധ്യപൂർണവും ഗംഭീരവുമായിരുന്നു ആ സിനിമകൾ. അവിടെവെച്ച് ജാപ്പാനീസ് യുവസംവിധായകനെ പരിചയപ്പെട്ടു.അദ്ദേഹത്തോടൊപ്പമായിരുന്നു വിമാനത്തിൽ മടക്കയാത്ര. ഹോങ്കോങ് വഴിയുള്ള യാത്രമധ്യേ അദ്ദേഹം ചോദിച്ചു‘‘എന്തുകൊണ്ട് നിങ്ങൾ ഹേങ്കോങ് ഫിലിംഫെസ്റ്റിവലിന് വരുന്നില്ല’’. ആ ചോദ്യത്തിെൻറ മായികവലയത്തിൽ അവിടെ ഇറങ്ങി ഹോങ്കോങ് സിനിമ ഫെസ്റ്റിവൽ കോ ഓർഡിനേറ്ററെ കണ്ടു.‘എയർഫെയർ തരാൻ പറ്റില്ല, അക്കോമഡേഷൻ തരാം.. ’ ഇതായിരുന്നു അവർ നൽകിയ വാഗ്ദാനം.അങ്ങനെ ഹോങ്കോങ് ഫെസ്റ്റിവലിലെത്തി. ഏഷ്യൻ - ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ സിനിമകളെക്കുറിച്ചുള്ള ആധികാരിക മാഗസിൽ തുടങ്ങാൻ വഴിമരുന്നിട്ടത് അന്നത്തെ ചിന്തകളായിരുന്നു.
ഇന്ത്യൻ സിനിമ ചരിത്രത്തിലെ പുതു അധ്യായമായിരുന്നു ‘സിനിമായ’ എന്ന പ്രസിദ്ധീകരണം. അതിെൻറ തുടക്കം എങ്ങനെയായിരുന്നു
പ്രശസ്ത സംവിധായകനായ ചിദാനന്ദ ദാസ് ഗുപ്ത സുഹൃത്തായിരുന്നു.അദ്ദേഹത്തോടായിരുന്നു മാഗസിൻ തുടങ്ങാനുള്ള ആശയം അറിയിച്ചത്.1988ലായിരുന്നു അത്. പിന്നീട് അമേരിക്കൻ സുഹൃത്തിനോട്ചോദിച്ചു. ഉറ്റ സുഹൃത്തുക്കളായ ലതിക പട്ഗോൻകർ , രശ്മി ദൊരൈസാമി എന്നിവർ എന്നോടൊപ്പം നിന്നു. ജോലി കഴിഞ്ഞുള്ള സമയങ്ങളിലായിരുന്നു ആദ്യദിവസങ്ങളിൽ പ്രവർത്തിച്ചുപോന്നിരുന്നത്. സാമ്പത്തികം വിഷയമായപ്പോൾ പരസ്യത്തിന് വേണ്ടി അലഞ്ഞു.ഒടുവിൽ എൻ.എഫ്.ഡി.സി(നാഷനൽ ഫിലിംസ് ഡവലപ്മെൻറ് കോർപറേഷൻ ) ഒരു ലക്ഷം തന്നു. അതിനാൽ ആദ്യലക്കത്തിൽ തെന്ന മുഴുവൻ പണവും തിരിച്ചുകിട്ടി. വീടിെൻറ മുകൾനിലയായിരുന്നു എഡിറ്റോറിയൽ ഓഫിസ്.സൗണ്ട്, മ്യൂസിക്, ഇമേജ്, ഭാഷ.. തുടങ്ങി കലകളുടെ പുതിയ ചക്രവാളങ്ങൾ തുറന്ന ലേഖനങ്ങളായിരുന്നു ഉൾകൊള്ളിച്ചിരുന്നത്. വായനക്കാർ അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.ഇന്ത്യയിലെ തന്നെ സിനിമയെ ഗൗരമായി കണ്ട ആദ്യ മാഗസിനും അതുതന്നെയായിരുന്നു. ലോകമെമ്പാടും അതിനെക്കുറിച്ച് അറിഞ്ഞു.
‘സിനിമായ’സിനിമാക്കാരുടെ ഒഴിച്ചുകൂടാനാവാത്ത പുസ്തകമായി വൈകാതെ മാറി. അക്കാലത്താണോ ഏഷ്യൻ സിനിമ പ്രതിനിധികളുടെ കൂട്ടായ്മയായ നെറ്റ്പാക് രൂപവത്കരിച്ചത്
സിനിമായ ഒരു വർഷം കഴിഞ്ഞപ്പോൾ യുനെസ്കോ എന്നെ ഒരു വലിയ സിനിമ കോൺഫറൻസ് കോഓർഡിനേറ്റ് ചെയ്യാൻ ക്ഷണിച്ചു. ഡൽഹിയിൽവെച്ച് നടന്ന ചടങ്ങിൽ 18ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തി. പുസാൻ ഫെസ്റ്റിവൽ, ജപ്പാനിലെ ഡോക്യുമെൻററി ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലേക്ക് ക്ഷണം ലഭിച്ചു. അതേത്തുടർന്ന് ജപ്പാനിൽവെച്ചാണ് നെറ്റ്വർക് ഫോർ പ്രമോഷൻ ഓഫ് ഏഷ്യൻ സിനിമ (നെറ്റ്പാക്) രൂപവത്കരിക്കാൻ ചർച്ചനടക്കുന്നത്. സിങ്കപ്പൂർ ആസ്ഥാനമാക്കി 1990ലായിരുന്നു രൂപവത്കരിച്ചത്.ഒട്ടേറെ രാജ്യങ്ങളിലെ പ്രതിനിധികൾ അതിെൻറ ഭാഗമായി.
സിനിഫാൻ ഫിലിം ഫെസ്റ്റിവലായിരുന്നു അടുത്ത നാഴികക്കല്ല്
സിനിമായയുടെ 10ാം വർഷ ആഘോഷത്തിെൻറ ഭാഗമായി 1999ലാണ് ഡൽഹിയിലെ ഹാബിറ്റാറ്റ് സെൻററിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യൻ ആൻറ് ഇന്ത്യൻ സിനിമ ഫെസ്റ്റിവൽ നടന്നത്. ഏഷ്യൻ സിനിമകൾക്ക് വേണ്ടിയുള്ള ഫിലിംഫെസ്റ്റിവൽ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. സിനിഫാൻ അഥവ സിനിമായ ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ സിനിമ തുടങ്ങിയത് അങ്ങെനയായിരുന്നു..ഇത് പിന്നീട് ഓഷ്യൻസ് സിനിഫാൻ ഫെസ്റ്റിവലായി.
സിനിഫാൻ ഫെസ്റ്റിവൽ എത്രവർഷം തുടർന്നു. സാമ്പത്തികച്ചെലവ് എങ്ങനെ കണ്ടെത്താനായി
അഞ്ച് വർഷം തുടർച്ചായായി ഫെസ്റ്റിവൽ നടത്തി. ഡൽഹി സർക്കാർ 10 ലക്ഷം തരുമായിരുന്നു. പക്ഷേ 90 ലക്ഷത്തോളം ചെലവ് വരും. ആളുകൾ എത്തുന്നത് കൂടിവന്നിട്ടും ഭീകരമായ ചെലവ് കീറാമുട്ടിയായി .ഈ തുക സ്വരൂപിക്കാൻ ഏറെ കഷ്ടപ്പെട്ടു. പണം കടം വാങ്ങി നടത്തേണ്ട അവസ്ഥ വന്നു. അവസാനം അവസാനിപ്പിക്കാൻ തീരുമാനിച്ചു.സിനിമായയുടെ അവസ്ഥയും പരിതാപമായിരുന്നു.ജീവനക്കാർക്ക് ശമ്പളം നൽകാൻ പണം തികയാതായി. ആ സമയത്താണ് ഓഷ്യൻസ് ആർട് ഹൗസ് സമീപിക്കുന്നത്.നിരന്തര ചർച്ചക്കൊടുവിൽ അവർ ഏറ്റെടുക്കുകയായിരുന്നു. അവർ ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് വർഷം കൂടി ഞാൻ അതിൽ നേതൃസ്ഥാനത്ത് തുടർന്നു.സിനിമായ രണ്ടുവർഷം കൂടി ഇറങ്ങി.
പിന്നീടുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു
അപ്പോഴേക്കും ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി സഹകരിച്ച് പ്രവർത്തിക്കാനിടവന്നു. ദൂരദർശന് വേണ്ടി സീരീസ് ചെയ്തു.കാർലോവി വാരി , ലൊകാനോ,കാൻസ്, ലാസ് പാമാസ്, പുസാൻ തുടങ്ങി അന്തർദേശീയ ഫിലിംഫെസ്റ്റവലുകളിൽ ജൂറി അംഗമായി. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ഇമേജിങ് ഇന്ത്യകോൺഫറൻസിൽ മുഖ്യപങ്കാളിയായി. ബുദ്ധിസം പ്രമേയമായി ആദ്യ ബുദ്ധിസ്റ്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തി.ഇതിനിടയിൽ ഒരുപാട് പുസ്തകങ്ങൾ എഴുതി.
ലോകസിനിമകൾ ഏറെ കണ്ടിട്ടുള്ള താങ്കളുടെ ഇന്നത്തെ ഏഷ്യൻ സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കാമോ
ഓസ്കാർ നേടിയ പാരസൈറ്റിെൻറ നേട്ടം കണ്ടില്ലേ...യൂറോപ്യൻ സിനിമളോട് കിടപിടിക്കുന്ന സിനിമകളാണ് ഏഷ്യൻ സിനിമകൾ. മികച്ച സംവിധായകരും സിനിമപ്രവർത്തകരും ഇവിടെയുണ്ട്. അതിനേക്കാളുപരി വ്യത്യസ്തമാണ് ഇവിടെത്തെ കാഴ്ചകൾ. ഏഷ്യൻ സിനിമയ്ക്ക് ഇന്ന് സ്വന്തമായി നിലപാടുണ്ട്. മനസ്സിനെയും ഹൃദയത്തെയും തുറപ്പിക്കുന്നതാണ് ഏഷ്യൻ സിനിമകൾ. ജീവിതം അതിലുണ്ടാകും. കഥപറയുന്ന ജീവിതസാഹചര്യങ്ങൾ അതിൽ പ്രധാനമാണ്.കാഴ്ചപ്പാടുകൾക്ക് വല്ലാത്തൊരു തുറവി നൽകുന്നുണ്ട്. ഏഷ്യൻ സിനിമകൾക്കേ അതാകൂ.
കൂടുതൽ ആളുകൾ ചലച്ചിത്രമേളകളിലേക്ക് എത്തുന്നുണ്ടെന്നത് പ്രതീക്ഷ തരുന്നില്ലേ
ലോകത്തുള്ള ചലച്ചിത്രമേളകളിലെല്ലാം ആ മാറ്റം നിങ്ങൾക്ക് കാണാം. കുറേ ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലെ ചലച്ചിത്രമേളകളിൽ എത്തുന്നുണ്ട്.നിങ്ങൾ ലോകത്തെ അറിയുന്നത് സിനിമകളിലൂടെയാണ്. അവർ കിഴക്കൻ യൂറോപ്പ് കാണുന്നു. ചെക്കോേസ്ലാവാക്യ കാണുന്നു, വിയറ്റ്നാം കാണുന്നു. വ്യത്യസ്തമായ ലോകമാണത്.പുതുതലമുറ സാങ്കേതിക വിദ്യകളോട് അടുത്ത് നിൽക്കുന്നവരാണ്. ലോകത്തെ അറിയാൻ ഉൽസുകരാണവർ.പുതു സിനിമകൾ അവരുടെ കണ്ണ് തുറപ്പിക്കാൻ പര്യാപതമാണ്.നല്ല കാര്യം തന്നെയാണത്.
ഇന്ന് നടക്കുന്ന ചലച്ചിത്ര മേളകളിൽ എന്ത് മാറ്റം വേണമെന്നാണ് ആഗ്രഹിക്കുന്നത്
പ്രേക്ഷകനുമായി ഓരോ സിനിമ കഴിയുേമ്പാഴും സംവാദം വേണം. എങ്കിലേ അവരുടെ അഭിപ്രായസ്വരൂപികരണം നടക്കൂ.ഓരോ വർഷവും ഓരോ രാജ്യങ്ങളെ കേന്ദ്രീകരിച്ച സിനിമകൾ കൊണ്ടുവരണമെന്ന് തോന്നിയിട്ടുണ്ട്.
ലോകത്തെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ പോയിട്ടുല്ലോ?ഏത് ചലച്ചിത്രമേളയാണ് ഏറെ പ്രചോാദിപ്പിച്ചിട്ടുള്ളത്
ചൈനയിലെ ഹായ്നാൻ ഫിലിംഫെസ്റ്റിവൽ. ഒരുവർഷം ഞാൻ ജൂറിയായിരുന്നു. മനോഹരമായ ദ്വീപാണത്. പുതുഫെസ്റ്റിവലായ അവിടെക്ക് ലോകസിനിമയിലെ പ്രമുഖർ എത്താറുണ്ട്.
ഏത് രാജ്യങ്ങളിലെ സിനിമകളാണ് താങ്കളെ പ്രചോദിപ്പിച്ചിട്ടുള്ളത്. അതായത് കൂടുതൽ താൽപര്യം തോന്നിയിട്ടുള്ളത്
യൂറോപ്യൻ സിനിമകളെയാണ് കൂടുതൽ ഇഷ്ടം. പിന്നീട് ഫ്രഞ്ച്. അതിന് ശേഷം ഏഷ്യൻ സിനിമകൾ.
ഇപ്പോൾ ചിത്രരചനയുടെ തിരക്കിലാണെന്ന് കേട്ടിരുന്നു
ചെറുപ്പത്തിൽ തന്നെ വരയ്ക്കുമായിരുന്നു.രണ്ടുവർഷം മുമ്പ് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ചിത്രരചനയിൽ കൂടുതൽ സമയം ചെലവിട്ടു. ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടത്തിവരുന്നുണ്ട്. ഫിലിംഫെസ്റ്റിവലുകളിൽ ഇപ്പോഴും പോകുന്നുണ്ട്.
കേരളത്തിൽ ഒരുപാട് വന്നിട്ടുണ്ടോ
സംവിധായകൻ അരവിന്ദനെ ഇൻറർവ്യൂചെയ്യാൻ വന്നിട്ടുണ്ട്. ഇവിടെ അന്ന് പരിചയമുണ്ടായിരുന്ന ഒരുപാട് പേർ മരിച്ചുപോയി. തിരുവനന്തപുരത്തെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അരവിന്ദൻ അനുസ്മരണം നടത്താൻ വന്നിരുന്നു.ആദ്യ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.