കാലമേ... നന്ദി..
text_fieldsമനുഷ്യജീവിതത്തിന്റെ അഗാധതകളെ നിളയുടെ ആഴത്തോളം, പരപ്പോളം മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരൻ. തൊട്ടതിലെല്ലാം പൊൻമുദ്ര ചാർത്തിയ സർഗപ്രതിഭ. മലയാള ചെറുകഥയെ കവിതയുടെ ഉദാത്തതയിലേക്ക് ആനയിച്ച കാഥികൻ. ജ്ഞാനപീഠമേറിയ വാക്കുകളുടെ പെരുന്തച്ചൻ. എഴുത്തിന്റെ പടിക്കെട്ടുകൾ താണ്ടാൻ ഒട്ടേറെ പേർക്ക് വഴി തെളിച്ച പത്രാധിപർ. മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്ത്. നടപ്പുശീലങ്ങളിൽനിന്ന് മലയാള സിനിമയുടെ നെറുകയിൽ കടുംവെട്ട് ചാർത്തിയ സംവിധായകൻ. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി എന്ന രണ്ടക്ഷരത്തിന്റെ വിശാലതകൾ വിവരിക്കുക എളുപ്പമല്ല.
കവിതയെഴുതിത്തുടങ്ങിയെങ്കിലും കഥയിലേക്കു പ്രവേശിച്ച കാലം മുതൽ അതൊരു ഒഴുക്കായിരുന്നു. ലോകസാഹിത്യത്തിന്റെ വിശാലതകളിലേക്ക് വായനകൊണ്ടും അറിവുകൊണ്ടും കടന്നുചെന്നപ്പോഴും തന്നോട് ചേർന്നൊഴുകിയ നിളയുടെ നൈർമല്യവും ലാളിത്യവും എഴുത്തിലേക്ക് ചേർത്തുനിർത്താനായിരുന്നു എം.ടിക്ക് എന്നും താൽപര്യം. അറിയാത്ത സമുദ്രങ്ങളിലേക്ക് അദ്ദേഹം കുതിച്ചില്ല. അറിയുന്ന നിളയുടെ ആഴങ്ങളിൽ ആവുന്നത്ര എടുക്കാൻ ഇനിയുമേറെയുണ്ടെന്ന് എപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
കൂടല്ലൂരിന്റെ വാസു
‘‘കൂടല്ലൂർ എന്ന എന്റെ ചെറിയ ലോകത്തിനോടു ഞാൻ മാറിനിൽക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകൾക്കപ്പുറത്തു കടക്കില്ലെന്ന നിർബന്ധമുണ്ടോ എന്നു ചോദിക്കാം. ഇല്ല, വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്, പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേക്കു തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാകാം.
പക്ഷേ, അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം.’’
തെരഞ്ഞെടുത്ത കഥകളുടെ ആദ്യപതിപ്പിൽ എം.ടി ഇങ്ങനെ എഴുതുന്നു. വാസ്തവത്തിൽ തന്റെ രചനകളെക്കുറിച്ചുള്ള സത്യവാങ്മൂലമാണ് ഈ വാക്കുകൾ. അമേരിക്കയും വാരാണസിയുമൊക്കെ പശ്ചാത്തലമായിപ്പോലും കഥ പറയുമ്പോഴും അതിന്റെ വേരുകൾ വെള്ളം തേടിവന്നുനിൽക്കുന്നത് നിളയുടെ തീരത്തുതന്നെയായിരുന്നു.
ദാരിദ്ര്യത്തിന്റെ വലിയൊരു പുഴ താണ്ടിക്കടന്നതായിരുന്നു എം.ടിയുടെ ബാല്യം. കഥകളിലേക്ക് ആ ദരിദ്രമായ നാളുകളെ എം.ടി പലകുറി പരാവർത്തനം ചെയ്തിട്ടുമുണ്ട്. നാലുകെട്ടിലും അസുരവിത്തിലുമൊക്കെ ദരിദ്രമായ ആ കാലത്തിന്റെ അടയാളങ്ങളുണ്ട്.
1933 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കൂടല്ലൂരിലായിരുന്നു ജനനം. അച്ഛന് പുന്നയൂര്‍ക്കുളം ടി. നാരായണന് നായരുടെയും അമ്മാളു അമ്മയുടെയും നാല് ആണ്മക്കളില് ഏറ്റവും ഇളയവൻ. അച്ഛൻ സിലോണിൽനിന്നയക്കുന്ന തുച്ഛമായ തുകയിൽ കഴിഞ്ഞുപോന്ന കുടുംബം. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി തകർന്നുതുടങ്ങിയതോടെ രണ്ടുപേരുടെ പഠനം അസാധ്യമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഒരു വർഷം തുടര്‍പഠനം നടത്താനായില്ല. ആ കാലത്ത് അക്കിത്തത്തിന്റെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവന്ന് വായിച്ച പുസ്തകങ്ങളിലൂടെ വായനയുടെ ഒരു ലോകം തനിക്കുചുറ്റും പടുക്കാൻ തുടങ്ങി. എല്ലാം മറന്ന് ആണ്ടിറങ്ങിയ ഏകാകിതമായ ആ വായനാലോകത്തിൽ അവസാനകാലം വരെയും എം.ടി സ്വയമലിഞ്ഞുകിടന്നു. കൂടല്ലൂരിന്റെ ഇടവഴികളിൽനിന്ന് ആ കാലങ്ങളിൽ എം.ടി കഥകളെയും കഥാപാത്രങ്ങളെയും കണ്ടെടുക്കുകയായിരുന്നു. വേലായുധനും ഗോവിന്ദൻകുട്ടിയും കോന്തുണ്ണിയും കാതുമുറിച്ച മീനാക്ഷിയുമെല്ലാം ആ കണ്ടുപിടിത്തങ്ങളായിരുന്നു.
കോഴിക്കോട്ടുകാരനായ എം.ടി
പിന്നീട് പാലക്കാട് പഠിക്കാൻ പോയി. വിക്ടോറിയ കോളജിൽ രസതന്ത്രത്തിൽ ബിരുദം. പി. ഭാസ്കരനെപ്പോലുള്ളവരുടെ പത്രാധിപത്യത്തിൽ മദിരാശിയിൽനിന്നിറങ്ങിയിരുന്ന ‘ജയകേരളം’ മാഗസിനിൽ പഠനകാലത്ത് എഴുതിയ കഥകൾ അച്ചടിച്ചുവന്നു. ഫൈനൽ ഇയറിന് പഠിക്കുമ്പോൾ (1953) മാതൃഭൂമി നടത്തിയ ലോക കഥാമത്സരത്തിന് അയച്ച ‘വളർത്തുമൃഗങ്ങൾ’ എന്ന കഥക്ക് ഒന്നാം സമ്മാനം കിട്ടിയപ്പോൾ തന്നെ ഉറപ്പിച്ചു, എഴുത്തുതന്നെ ജീവിതം. കൂടുതൽ വായിക്കാനും എഴുതാനും സൗകര്യപ്പെടുക കോളജ് അധ്യാപകനായാലാണെന്ന വിശ്വാസത്താൽ അതാകാൻ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു എം.ടിക്ക്. പക്ഷേ, നിയോഗം തന്റെ കഥ പ്രസിദ്ധപ്പെടുത്തിയ അതേ ‘മാതൃഭൂമി’യിൽ പത്രാധിപസമിതിയംഗമാകാനായിരുന്നു. ഇടക്കാലത്ത് അധ്യാപകന്റെയും ഗ്രാമസേവകന്റെയും വേഷമിട്ടു.
മാതൃഭൂമിയിലെ ജോലി കൂടല്ലൂരുകാരനായ എം.ടിയെ കോഴിക്കോട്ടുകാരനാക്കി. ഉറൂബ്, എൻ.പി. മുഹമ്മദ്, എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയ പ്രമുഖരായ എഴുത്തുകാരുടെ വലിയ സംഘത്തിൽ അങ്ങനെ എം.ടിയുമുണ്ടായി. അതൊരു വസന്തകാലമായിരുന്നുവെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു.
‘എഴുത്തിലേക്കുള്ള മോഹം ഇവിടെനിന്നാണ് തുടങ്ങുന്നത്. ആ കാലത്ത് ഇവിടെ വായനശാലകളുണ്ടായിരുന്നില്ല. മഹാകവി അക്കിത്തത്തിന്റെ വീട്ടിലേക്ക് കുന്നുകള്‍ കയറിയിറങ്ങി നടന്നുപോയാണ് വായിക്കാൻ പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നത്.
കൂടല്ലൂര്‍ ഗ്രാമത്തിലെ ഇടവഴികളും ഇല്ലിമുളംകാടും പുഴയും ജീവജാലങ്ങളും ഇവിടത്തെ മനുഷ്യരുമാണ് എന്റെ കഥാപാത്രങ്ങളായി നിറഞ്ഞത്. അവരാണ് എഴുത്തുകാരനാക്കിയത്. പത്രങ്ങള്‍പോലും വരാത്ത ആ കാലത്ത് നാട്ടിലെ പ്രധാന തറവാട്ടിലേക്ക് മൂന്നു ദിവസം കൂടൂമ്പോള്‍ എത്തുന്ന ‘ഹിന്ദു’ പത്രമായിരുന്നു ആശ്രയം. അവിടത്തെ കാര്യസ്ഥന്റെ പിന്നാലെ നടന്നാണ് വായിച്ചിരുന്നത്. എന്നും വൈകീട്ട് പോസ്റ്റ് ഓഫിസില്‍ പോകും. ആരും കത്തയച്ചിട്ടില്ല. ഒരു രസം അത്രമാത്രം. കത്ത് വാങ്ങാന്‍ വരുന്നവരുടെ മുഖഭാവങ്ങള്‍ മനസ്സില്‍ തട്ടുമായിരുന്നു. പിന്നീട് ചെറിയതോതില്‍ എഴുതിത്തുടങ്ങി. വായിക്കും, പിന്നീട് ചീന്തിക്കളയും -എം.ടി പറഞ്ഞിട്ടുണ്ട്. അന്ന് ബുക്ക് പോസ്റ്റായാണ് കത്ത് അയച്ചിരുന്നത്. മുക്കാല്‍ അണയുടെ സ്റ്റാമ്പ് വേണം. ഇതിന് പലപ്പോഴും അമ്മയാണ് സഹായിച്ചത്. ‘നാലുകെട്ട്’ അമ്മ പറഞ്ഞുതന്ന കഥകളിലൂടെയും മറ്റുമാണ് പിറവിയെടുത്തതെന്നും എം.ടി തന്നെ പറഞ്ഞിട്ടുണ്ട്. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃയായി പുറത്തുവന്നത് അക്കാലത്താണ്.
പിന്നീട് എം.ടി എന്നത് അക്ഷരോത്സവമായി മാറി. നാലുകെട്ടും അസുരവിത്തും മഞ്ഞും കാലവുമെല്ലാം വായനക്കാർ ഉത്സാഹത്തോടെ ഏറ്റുവാങ്ങി. വ്യാസൻ മഹാഭാരതത്തിൽ അവശേഷിപ്പിച്ച മൗനങ്ങളുടെ ആഴം തേടിയ ‘രണ്ടാമൂഴം’ മലയാളത്തിലെ മറ്റൊരു ഇതിഹാസമായി. 90കളുടെ ഒടുവിൽ എഴുതിയ ‘വരാണസി’ എന്ന നോവലായിരുന്നു ആ പരമ്പരയിൽ ഒടുവിലത്തേത്.
സിനിമയിലെ എം.ടി
സാഹിത്യത്തിൽനിന്ന് സിനിമയിലേക്കു വന്നവർ അനേകരുണ്ടെങ്കിലും അതിൽ എം.ടിയെപ്പോലെ മറ്റൊരാളില്ല. ഉറൂബും ബഷീറുമൊക്കെ സിനിമക്കായി എഴുതിയെങ്കിലും എം.ടിയെപ്പോലെ അത്ര തീവ്രമായി ആശ്ലേഷിച്ചവരല്ല. തിരക്കഥയിൽ മാത്രമായിരുന്നില്ല എം.ടിയുടെ സ്പർശം പതിഞ്ഞത്, സംവിധാനത്തിലും ഗാനരചനയിൽപോലുമായിരുന്നു.
1965ലാണ് ആദ്യമായി എം.ടി സിനിമയിൽ എത്തുന്നത്. ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന തന്റെ ചെറുകഥയെ ‘മുറപ്പെണ്ണ്’ എന്ന സിനിമയുടെ തിരരൂപമാക്കി. എ. വിൻസെൻറ് സംവിധാനം ചെയ്ത ആ സിനിമയോടെ എം.ടി തിരക്കഥകൾ മലയാള സിനിമയിലെ വിലമതിക്കാനാവാത്തതായി മാറി. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, ഓളവും തീരവും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, അക്ഷരങ്ങൾ, അനുബന്ധം, ഉയരങ്ങളിൽ, അടിയൊഴുക്കുകൾ, പഞ്ചാഗ്നി, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, പരിണയം, സുകൃതം, പഴശ്ശിരാജ.... എണ്ണിയാൽ തീരാത്തത്ര സിനിമകൾ. എം.ടിയുടെ തിരക്കഥകൾക്കായി നിർമാതാക്കൾ വീട്ടുപടിക്കൽ കാവൽ കിടന്നിട്ടുണ്ട്. ആ തൂലികയിൽനിന്ന് പിറന്ന ഡയലോഗുകൾ തലമുറകളിലേക്കുകൂടി പാഞ്ഞുനടന്നു. ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയിൽ പാട്ടുകൾ എഴുതുകയും ചെയ്തിട്ടുണ്ട് എം.ടി.
മലയാള സിനിമയിലെ വിപ്ലവം എന്നു വിശേഷിപ്പിക്കാവുന്ന ‘നിർമാല്യം’ സംവിധാനം ചെയ്തുകൊണ്ടായിരുന്നു എം.ടി തിരശ്ശീലയിൽ തന്റെ പേര് ഒന്നുകൂടി ഉറപ്പിച്ചത്. മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം കരസ്ഥമാക്കിയ നിർമാല്യത്തിലെ അഭിനയത്തിനായിരുന്നു പി.ജെ. ആൻറണിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്. മഞ്ഞ്, വാരിക്കുഴി, ബന്ധനം,
കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ സിനിമകളും തകഴിയെക്കുറിച്ചും മോഹിനിയാട്ടത്തെപ്പറ്റിയും ഡോക്യുമെൻററികളും സംവിധാനം ചെയ്തു. അതൊക്കെ ഒട്ടനേകം പുരസ്കാരങ്ങളും നേടി.
പുരസ്കാരങ്ങളിലെ എം.ടി
മലയാളത്തിലേക്ക് നാലാം വട്ടം ജ്ഞാനപീഠം കയറിവന്നത് എം.ടിയിലൂടെയായിരുന്നു. 1995ൽ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്കായിരുന്നു ആ പുരസ്കാരം. 2013ൽ മലയാള സിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ ജെ.സി. ഡാനിയൽ അവാർഡും അദ്ദേഹത്തിനു ലഭിച്ചു. മികച്ച തിരക്കഥക്ക് നാലു തവണയാണ് ദേശീയ പുരസ്കാരം ലഭിച്ചത്. 11 തവണ സംസ്ഥാന അവാർഡും ലഭിച്ചു. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു.
കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളടക്കം സാഹിത്യത്തിലെ പ്രധാനപ്പെട്ട എല്ലാ പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ ഷോകേസിൽ എത്തി. ദാരിദ്ര്യം കാരണം ഒരുകാലത്ത് മുടങ്ങിപ്പോയ വിദ്യാഭ്യാസത്തിന് പ്രായശ്ചിത്തമെന്നോണം കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി എം.ടിയെ ആദരിച്ചു.
അപൂർവമായി മാത്രം ചിരിക്കുന്നൊരാളായിരുന്നു എം.ടി. എപ്പോഴെങ്കിലും ചിരിച്ചാൽ അത് പകർത്താൻ കാമറക്കാർ മത്സരിച്ചുനടന്നിട്ടുണ്ട്. നിലപാടുകളിലെ കാർക്കശ്യമായിരുന്നു എം.ടിയുടെ പ്രത്യേകത. അത് പലപ്പോഴും ധിക്കാരമായിവരെ വിലയിരുത്തിയിട്ടുണ്ട്.
‘‘എം.ടിയിൽ കണ്ട ധന്യത അദ്ദേഹത്തിന്റെ ധിക്കാരമാണ്. ഒരു ഒത്തുതീർപ്പിനും തയാറാകാത്ത എഴുത്തുകാരൻ...’’ എന്ന് ഒരിക്കൽ പി. ഭാസ്കരൻ അനുസ്മരിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും നോട്ടുനിരോധനം അടിച്ചേൽപിച്ചപ്പോഴും അദ്ദേഹം ശക്തമായ വാക്കുകളിൽ പ്രതികരിച്ചിട്ടുണ്ട്. കാലം ഇനിയും കടന്നുപോകും. ഋതുക്കൾ മാറി വരും. അപ്പോഴും കലയും സാഹിത്യവും ഇവിടെയുണ്ടാവും. എം.ടിയുടെ രചനകളും പകർന്നുതന്ന ദൃശ്യാനുഭവങ്ങളും ആ കാലത്തിലൂടെ അപ്പോഴും നമുക്കൊപ്പമുണ്ടാവും. കാലമേ നന്ദി.. വാക്കുകൾക്ക്... നിലപാടുകൾക്ക്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.