ലിഫ്റ്റ് പ്രവർത്തിച്ചില്ല; കളമശ്ശേരി മെഡിക്കൽ കോളജിൽ മൃതദേഹം ചുമന്നിറക്കി
text_fieldsകളമശ്ശേരി: ശരീരമാസകലം പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം ലിഫ്റ്റ് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് ചുമന്ന് ഇറക്കേണ്ടി വന്നതിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ മരിച്ച കാലടി ശ്രീമൂലനഗരം തൃക്കണിക്കാവ് കുന്നുവഴി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുകുമാരന്‍റെ (48) മൃതദേഹത്തോടാണ് അനാദരവുണ്ടായത്.
80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ആശുപത്രിയിൽ എത്തിച്ച സമയത്ത് ലിഫ്റ്റ് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് സ്ട്രച്ചറിൽ ചുമന്ന് മുകൾ നിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്നാം നിലയിലാണ് പൊള്ളൽ ചികിത്സ വിഭാഗം പ്രവർത്തിക്കുന്നത്. തൊട്ടടുത്ത ദിവസം സുകുമാരൻ മരിച്ചു. അന്നും ലിഫ്റ്റ് പ്രവർത്തനരഹിതമായിരുന്നതിനാൽ മൃതദേഹം ബന്ധുക്കൾക്ക് ചുമന്ന് താഴെയിറക്കേണ്ടി വന്നു.
ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വലിയ പ്രതിഷേധമുയർന്നത്. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് മാർച്ചും സംഘടിപ്പിച്ചു. ആശുപത്രി അധികൃതർക്കെതിരെ മരിച്ചയാളുടെ കുടുംബവും രംഗത്തെത്തി. മനുഷ്യവകാശ കമീഷൻ അടക്കമുള്ളവരെ സമീപിക്കാനാണ് കുടുംബത്തിന്‍റെയും നാട്ടുകാരുടെയും നീക്കം.
പോസ്റ്റ്മോർട്ടം നടത്തുന്നതിലും ആശുപത്രിയിൽ അനാസ്ഥയുണ്ടായതായി പറയുന്നു. പോസ്റ്റ്മോർട്ടം ചെയ്യേണ്ട ഡോക്ടർ അടക്കമുള്ളവർ മെഡിക്കൽ കോളജിൽ നടക്കുന്ന യോഗത്തിലാണെന്നും രണ്ട് മണിക്ക് ശേഷമേ നടത്തൂ എന്നുമാണ് അറിയിച്ചതെന്ന് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ പറഞ്ഞു. തുടർന്ന് മൂന്ന് മണിയോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രണ്ട് മണിക്ക് സംസ്കാരം നടത്താനുള്ള സജ്ജീകരണങ്ങളും അറിയിപ്പുകളും ബന്ധുക്കളും നാട്ടുകാരും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.