തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം
text_fieldsപീച്ചി: ജില്ലയിലെ അണക്കെട്ട് മേഖലയിൽ നേരിയ ഭൂചലനം. പാണഞ്ചേരി പഞ്ചായത്തിൽ 3.3 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് സെക്കൻഡിൽ അധികം നീണ്ടുനിന്ന ഭൂചലനത്തിൽ ജനം വീടുവിട്ട് ഇറങ്ങിയോടി.
ബുധനാഴ്ച്ച ഉച്ചക്കുശേഷം 2.41 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽനിന്നും സ്ഫോടന സമാനമായ വലിയ ശബ്ദം ഉണ്ടായതായി സ്ഥലവാസികൾ പറഞ്ഞു. പ്രകമ്പനവുമുണ്ടായി. ഇതോടെ വീടികൾക്കകത്തുള്ളവറ പുറത്തേക്കിറങ്ങി ഓടി. പട്ടിക്കാട്, പീച്ചി, തെക്കേകുളം, പൊടിപ്പാറ, അമ്പലക്കുന്ന്, ചുവന്നമണ്ണ് മേഖലകളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. പീച്ചി കണ്ണാറ ഭാഗത്തെ ചില വീടുകളിലെ കട്ടിലുകളും ഗൃഹോപകരണങ്ങളും ഇളകിയതായും പറയുന്നു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഴാനി ഡാമിന് സമീപവും ചിമ്മിന് ഡാം പ്രദേശമായ പാലപ്പിള്ളി, വലിയകുളം എച്ചിപ്പാറ അടക്കം ഒരു കിലേമീറ്റർ അധികം ചുറ്റളവിൽ ചെറിയ തോതിൽ ഭൂചലനമുണ്ടായി. ഇടിമുഴക്കത്തിന് സമാനമായ ശബ്ദമാണ് അവിടെ ഉണ്ടായത്. ഭൂചലനം ഉണ്ടായ മൂന്നു മേഖലയും ഡാം പ്രദേശമാണ്. എന്നാൽ ഇത് സംബന്ധിച്ച പരിശോധനയും വിശകലനവും ഭൗമശാസ്ത്രജ്ഞർ നടത്തും. പീച്ചിയിൽ അടക്കം അപുർവ്വമായാണ് ഭൂചലനം ഉണ്ടാവുന്നത്. അതേസമയം വടക്കാഞ്ചേരിയിലെ വരവൂരാണ് ജില്ലയുടെ ഭൂചലന പ്രഭവ കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.