സംസ്ഥാനത്തെ 116 റോഡുകളില്‍ വിജിലൻസിന്റെ മിന്നൽ പരിശോധന
text_fieldsതിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും ഉള്‍പ്പെടെ 116 റോഡുകൾ ബുധനാഴ്ച വിജിലൻസ് സംഘം പരിശോധിച്ചു. തിരുവനന്തപുരം-15, കൊല്ലം-ആറ്, പത്തനംതിട്ട-എട്ട്, ആലപ്പുഴ-അഞ്ച്, കോട്ടയം-മൂന്ന്, ഇടുക്കി-മൂന്ന്, എറണാകുളം-അഞ്ച്, തൃശൂർ-മൂന്ന്, പാലക്കാട്-മൂന്ന്, മലപ്പുറം-നാല്, കോഴിക്കോട്-17, വയനാട്-ആറ്, കണ്ണൂർ-32, കാസർകോട് -ആറ് എന്നിങ്ങനയാണ് ജില്ല തിരിച്ചുള്ള കണക്ക്.
റോഡ് കോർ കട്ട് ചെയ്തു ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് കിട്ടിയതിന് ശേഷം എം ബുക്കുമായി ഒത്തു നോക്കി ക്രമക്കേടുകൾ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
എല്ലാ വിജിലൻസ് യൂനിറ്റ് മേധാവികളും സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നിർമ്മാണം- അറ്റകുറ്റപ്പണികൾ കഴിഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകൾ തിരഞ്ഞെടുത്തു പരിശോധിക്കണമെന്നാണ് നിർദേശം നൽകിയത്. റോഡിലെ ടാറിന്റെ കോർ കട്ട് സാമ്പിളുകൾ മിന്നൽ പരിശോധനയിൽ എടുത്തു.
ഓരോ ലെയറും നിർമ്മിച്ചിരിക്കുന്ന ചേരുവകൾ എന്തൊക്കെ വസ്തുക്കൾ ഉപയോഗിച്ചാണെന്നും അവ എപ്രകാരം മിക്സ് ചെയ്തിരിക്കുന്നുവെന്നും മനസിലാക്കുന്നതിന് സാമ്പിളുകൾ ലാബിലേക്ക് അയച്ചു. ലാബ് ടെസ്റ്റ് റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് സാങ്കേതിക വിദഗ്ധരുടെ സഹായത്താൽ എം.ബുക്കുമായി ഒത്തു നോക്കി കരാറുകാര്‍ക്ക് കൂടുതൽ തുക മാറ്റി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ടെൻഡർ പ്രകാരമുള്ള ഗുണനിലവാരത്തിലാണോ പണി പൂർത്തീകരിച്ചിട്ടുള്ളതെന്ന് പരിശോധിച്ച ശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.
സംസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്ന റോഡുകളിൽ ഗ്രേഡ് മെറ്റൽ ഉപയോഗിക്കാതെയും ടാർ നിശ്ചിത അളവിൽ ഉപയോഗിക്കാതെയും പണി ചെയ്യുന്നതായും അതുവഴി റോഡുകളുടെ ആയുസ് കുറഞ്ഞു പോകുന്നതായും പരിശോധനയിൽ വ്യക്തമായി. അത് കുഴികൾ രൂപപ്പെടുന്നതായും ഓരോ ലയറിന്റെയും കനം ടെൻഡറിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിർമിക്കാതെ കനം കുറച്ചു നിർമ്മിച്ച ശേഷം എഞ്ചീനിയർമാരുമായി ഒത്തുകളിച്ച് എം. ബുക്കിൽ ടെൻഡറിൽ പറഞ്ഞ അതേ കനത്തിലും അതേ നിലവാരത്തിലും ആണ് നിർമ്മാണ സാധനങ്ങൾ ഉപയോഗിച്ചത് എന്ന് രേഖപ്പെടുത്തി ബില്ല് മാറി നിൽക്കുന്നതായും കണ്ടെത്തി.
കരാറുകാർ തോന്നിയ പടി അറ്റകുറ്റപ്പണികൾ ചെയ്യുന്നതു കാരണം, സംസ്ഥാനത്ത് നടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളിൽ ഭൂരിഭാഗവും വാറണ്ടി കാലാവധിയായ ആറുമാസത്തിനുള്ളിൽ തന്നെ പൊളിഞ്ഞു പോകുന്നു. ആറു മാസങ്ങൾക്ക് ശേഷം എഞ്ചിനീയർമാർ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വീണ്ടും ടെൻഡറുകൾ നൽകുന്നത് വഴി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും വിജിലൻസ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്‍ബലത്തില്‍ ചില കരാറുകാര്‍ ടെൻഡറിൽ പറഞ്ഞിരിക്കുന്ന അളവിലും കനത്തിലും റോഡ് പണികൾ ചെയ്യാറില്ലെന്നും ചില കരാറുകാർ നിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ റോഡ് നിർമ്മാണത്തിനും പണികൾക്കും ഉപയോഗിച്ച് വരുന്നതായും റോഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി നൽകേണ്ട ചില എൻജിനീയർമാർ കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമല്ലാതെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും സാങ്കേതിക അനുമതി നൽകിവരുന്നതായി വിവരം ലഭിച്ചതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.
വിജിലൻസ് ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂനിറ്റുകളും പങ്കെടുത്തു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.