മിന്നലിൽനിന്നും രക്ഷ നേടാൻ ചില കാര്യങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകരമാണ്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
മിന്നലിൽനിന്നും സുരക്ഷിതത്വം നൽകുന്ന ഇടങ്ങൾ
- മിന്നലിനെ ഉൾഭാഗത്തേക്ക് തുളച്ചുകയറാൻ അനുവദിക്കാത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാൽ ഭാഗികമായോ പൂർണമായോ ചുറ്റപ്പെട്ട സ്ഥലങ്ങൾ സുരക്ഷിതമായിരിക്കും. ഫ്രെയിം ഉള്ള കെട്ടിടങ്ങൾ, ലോഹപ്രതലങ്ങളുള്ള വാഹനങ്ങൾ (തുറന്ന വാഹനങ്ങളല്ല), കൂരയും ഭിത്തിയും ലോഹ ഷീറ്റ് കൊണ്ട് മൂടിയതും ജോയിന്റുകൾ ചാലക പ്രതലം ഉറപ്പാക്കുന്ന തരത്തിൽ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ചതുമായ കെട്ടിടങ്ങൾ എന്നിവ ഉദാഹരണം.
- വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉൾഭാഗം. പർവതങ്ങളിൽ കാണപ്പെടുന്ന പാർശ്വഭാഗങ്ങളിൽ സ്പർശിക്കാതെ ഒരാൾക്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാൻ കഴിയുന്ന പൊള്ളയായ ഭാഗങ്ങൾ.
മിന്നൽ ഉള്ളപ്പോൾ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളും
- ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിലാണ് പ്രധാനമായും മിന്നൽ പതിക്കുന്നത്. പ്രത്യേകിച്ചും ലോഹനിർമ്മിതമായ വസ്തുക്കളിൽ. ലോഹ വസ്തു വലുതാണെങ്കിൽ സാധ്യത കൂടുന്നു.
- മിന്നൽ സമയത്ത് കുന്നിന്റെ മുകൾഭാഗം സുരക്ഷിതമല്ല. താഴ്‌വാരത്തേക്കാൾ മിന്നൽ പതിക്കാൻ സാധ്യത കൂടുതലാണ്.
- തുറസ്സായ മൈതാനത്ത് നിൽക്കാതിരിക്കുക. കുന്നിൻ മുകളിലെ ഒറ്റപ്പെട്ട മരങ്ങളുടെ അടിയിലും നിൽക്കുന്നത് ഒഴിവാക്കണം. മരത്തിന്റെ ഉയരം കൂടുംതോറും അപകട സാധ്യത കൂടും. മരങ്ങൾ ഉള്ള വനങ്ങളുടെ അരികിൽ നിൽക്കുന്നത് അപകടകരമാണ്.
- സുരക്ഷാ കവചം ഇല്ലാത്ത കളപ്പുര, കെട്ടിടങ്ങൾ, നിരീക്ഷണ ടവറുകൾ, കുടിലുകൾ എന്നിവ അപകടകരമാണ്.
- വൈദ്യുത ലൈനുകൾ, ലോഹഘടനങ്ങൾ എന്നിവയുടെ സമീപ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന് കൊടിമരം, ടി.വി ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകൾ എന്നിവ
- തടാകങ്ങളും നീന്തൽകുളങ്ങളിലും മിന്നൽ പതിക്കാൻ സാധ്യത ഏറെയുള്ള സ്ഥലങ്ങളാണ്.
- ലോഹങ്ങളോ ലോഹ വയർ കൊണ്ട് നിർമ്മിച്ച വേലികൾ, കൈവരികൾ എന്നിവയുമായി ചേർന്ന് നിൽക്കരുത്.
- സൈക്കിൾ ചവിട്ടുന്നതും ബൈക്ക്, ഓപ്പൺ ട്രാക്ടർ എന്നിവ ഓടിക്കുന്നതും ഒഴിവാക്കണം.
- കോടാലി, പിക്ക് ആക്സ്, കുട, ലോഹ കസേരകൾ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല.
- സുരക്ഷാ കവചം ഇല്ലാത്ത ചെറുമുറികളിലും കൂട്ടമായി നിൽക്കാൻ പാടില്ല.
- കാറുകൾക്ക് വളരെ അടുത്ത് നിൽക്കുന്നതും അതിനുമേൽ ചാരി നിൽക്കുന്നതും ഒഴിവാക്കുക.
- റോഡ് റോളർ, റെയിൽവേ ട്രാക്ക്, ലോഹം നിർമ്മിതമായ വാഹനങ്ങൾ എന്നിവയുടെ സമീപത്ത് നിൽക്കരുത്.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
- അരിവാൾ, കത്തി, കുട, ഗോൾഫ് സ്റ്റിക് തുടങ്ങിയ ലോഹ നിർമ്മിതമായ സാധനങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക.
- കാൽപാദങ്ങളും കാൽ മുട്ടും ചേർത്ത് പിടിച്ച് കൈകൾ മുട്ടിൽ ചുറ്റിവരിഞ്ഞ് താടി മുട്ടിനു മുകളിൽ ഉറപ്പിച്ച് നിലത്ത് കുത്തിയിരിക്കുക.
- മിന്നൽ സമയത്ത് പൊക്കം കൂടിയ മരത്തിന്റെ അരികിൽപ്പെട്ടാൽ ചില്ലകളുടെ അടുത്ത് നിന്നും മാറി കുത്തിയിരിക്കുക.
- ടെറസിന് മുകളിൽ വിളക്കുകൾ ഘടിപ്പിക്കുന്നതിന് ലോഹ കമ്പികൾ ഒഴിവാക്കുക.
- ടെറസിൽ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും ലോഹ വയറുകളും ഒഴിവാക്കുക.
മിന്നൽ സംരക്ഷണ മാർഗ്ഗങ്ങൾ
മിന്നൽ രക്ഷാചാലകം
പെട്രോളിയം ശേഖരണ ടാങ്കുകൾ, പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലം, മിന്നലിൽ നിന്നും രക്ഷ അനിവാര്യമായ കെട്ടിടങ്ങൾ എന്നിവയ്ക്ക് സുരക്ഷാകവചം ഒരുക്കുന്ന സംവിധാനമാണ് മിന്നൽ രക്ഷാചാലകം എന്നാൽ ഈ സംവിധാനത്തിന് മിന്നൽ ഉണ്ടാകുന്നത് തടയാൻ സാധ്യമല്ല.
എർത്തിങ്
ഗാർഹിക വൈദ്യുത പ്രസരണത്തിനായി ചെയ്തിട്ടുള്ള എർത്തിങ് ഒരിക്കലും മിന്നൽ രക്ഷ ചാലകത്തിന്റെ എർത്തിങ്ങിന് പര്യാപ്തമല്ല. ഗാർഹിക പ്രസരണത്തിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ വോൾട്ടേജ് മിന്നൽ പ്രവാഹം മൂലം ഉണ്ടാകുന്നതിലാണിത്. എന്നിരുന്നാലും ഈ വലിയ വോൾട്ടേജ് സ്വയം ഭൂമിയിലേക്ക് പ്രവഹിക്കുന്നതിനാൽ ആനുപാതികമായി ഒരു വലിയ എർത്തിങ് പലപ്പോഴും ആവശ്യമായി വരുന്നില്ല.
റിങ്ങ് കണ്ടക്ടർ
വൃക്ഷ സാന്ദ്രത കൂടിയ കേരളത്തിൽ മിക്ക വീടുകളും അവയെക്കാൾ ഉയരമുള്ള വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതുമൂലം രക്ഷചാലകത്തിന് പലപ്പോഴും മരങ്ങളെ സംരക്ഷിക്കാൻ കഴിയാതെ വരുന്നു. ഈ മരങ്ങളിൽ മിന്നൽ പതിക്കുമ്പോൾ സമീപത്തുള്ള വീടിന്റെ വൈദ്യുത ശ്യംഖല, എർത്തിങ് മറ്റു ലോഹവസ്തുക്കൾ എന്നിവയിലൂടെ മിന്നലിന്റെ ഊർജ്ജം ഭൂമിയിലൂടെ വീടിനുള്ളിൽ പ്രവേശിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ചാലക വളയത്തിന് ഒരു പരിധി വരെ വീടിനെ സംരക്ഷിക്കാൻ കഴിയും.
മിന്നൽ അറസ്റ്റർ
വൈദ്യുത ഉപകരണങ്ങളെ മിന്നൽ ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് മിന്നൽ അറസ്റ്റർ മിന്നൽ പ്രവാഹം വൈദ്യുത ഉപകരണത്തിന്റെ സർക്യൂട്ടിലൂടെ കടക്കാതെ ഭൂമിയിലേക്ക് കടത്തിവിടുന്നതിനുള്ള മാർഗം ഒരുക്കി ഈ ഉപകരണം സഹായിക്കുന്നു.
പ്രഥമ ശുശ്രൂഷ
മിന്നൽ ആഘാതത്താൽ ഉണ്ടാകുന്ന അപകടങ്ങളിൽ ശ്വാസ തടസ്സം മൂലമാണ് കൂടുതൽ പേരും മരണത്തിന് കീഴടങ്ങുന്നത്. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റ നിരവധി ആൾക്കാരെ നമുക്ക് രക്ഷിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.