ലിജിക്ക് ലൈഫിൽ വീടുകിട്ടും, സുമനസ്സുകൾ കനിഞ്ഞാൽ
text_fieldsകൊച്ചി: ജീവിതത്തിലിന്നോളം സങ്കടമഴയിൽ നനഞ്ഞു വിറച്ച് ഒടുവിൽ സ്വപ്ന സാക്ഷാത്കാരത്തിെൻറ തണലിലേക്ക് നടന്നടുക്കുമ്പോഴും വീണ്ടുമൊരു പേമാരിയിൽ വിറങ്ങലിക്കുകയാണ് ഇവിടെ ഒരമ്മയും മകളും. ലൈഫ് ഭവനപദ്ധതി അനുമതിയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്നത്തിലേക്കെത്താൻ ഏറെ ദൂരമില്ലാതിരിക്കെ സ്വന്തമായി ഭൂമി വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിെൻറ നിസ്സഹായാവസ്ഥയിലാണ് എറണാകുളം ഏലൂർ ഉദ്യോഗമണ്ഡലിൽ താമസിക്കുന്ന സി.കെ. ലിജിമോളും മകൾ ഐശ്വര്യ ശ്രീക്കുട്ടിയും. വീടു വെക്കാനുള്ള ഭൂമി വാങ്ങാനായി സർക്കാർ അനുവദിച്ച നാലരലക്ഷം രൂപക്കൊപ്പം ചേർക്കാനുള്ള ബാക്കി തുക കണ്ടെത്താനായി നെട്ടോട്ടമോടുകയാണ് ലിജിമോൾ. ജനുവരി പത്തിന് ഭൂമി ശരിയാക്കി രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഉള്ളം കൈയിൽനിന്ന് തട്ടിത്തെറിച്ചുപോവുക ഇവരുടെ ജീവിതം തന്നെയാണ്.
അനാഥാലയത്തിൽ വളർന്ന ബാല്യത്തിെൻറ കയ്പുനിറഞ്ഞ ഭൂതകാലത്തിൽ തുടങ്ങുന്നു ഈ ദലിത് യുവതിയുടെ ദുരിതം. മകൾക്ക് ഒരു വയസ്സ് തികയും മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയി. പിന്നീട് മകളെ പഠിപ്പിക്കാനും രണ്ടു വയർ നിറക്കാനുമായി വീട്ടുജോലിയും റോഡുപണിയും ഹോട്ടലിലെ ജോലിയുമുൾെപ്പടെ പല ജോലികൾ ചെയ്തു. ഗർഭാശയ സംബന്ധമായ രോഗങ്ങൾ മൂലം രണ്ടുവർഷം മുമ്പ് ഗർഭപാത്രം നീക്കം ചെയ്തതിന് പിന്നാലെ നടുവേദന, പുറംവേദന, വയറുവേദന തുടങ്ങിയ രോഗങ്ങൾ നിരന്തര ഉപദ്രവവും തുടങ്ങി.
പലതവണ അപേക്ഷിച്ച് ഒടുവിലാണ് ലൈഫിലൂടെ ലിജിക്കും മകൾക്കും വീട് ശരിയായത്. പട്ടികജാതി വകുപ്പിൽ നിന്ന് നാലര ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിന് അനുവദിച്ചുകിട്ടി. എന്നാൽ, മൂന്ന് സെൻറ് സ്ഥലം വാങ്ങുന്നതിനായി ഈ തുക പര്യാപ്തമല്ല. വാസയോഗ്യമായ ഭൂമി സെൻറിന് മൂന്ന്, മൂന്നര ലക്ഷം രൂപ വരെയാണ് പലരും പറയുന്നത്. ഇത്ര വലിയൊരു തുക കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി, സ്ഥലം വാങ്ങാനാവുമോയെന്ന ആധിയിലാണ് ഇവർ. ജനുവരി പത്താണ് ഇവർക്ക് അധികൃതർ നൽകിയ അവസാന തീയ്യതി. ഇത് രണ്ടാഴ്ചക്കെങ്കിലും നീട്ടി നൽകാമോയെന്ന ലിജിയുടെ കണ്ണീരിലും നിസ്സഹായതയിലും കുതിർന്ന ചോദ്യത്തിന് സർക്കാർ നൂലാമാലകൾ കനിഞ്ഞിട്ടില്ല.
സുമനസ്സുകളുടെ സഹായത്തോടെ വാടകവീടുകളിൽ മാറി മാറി നിന്ന ഈ അമ്മയും മകളും ഒടുവിൽ വാടക നൽകാനില്ലാതെ ഇറങ്ങേണ്ടി വന്നു. നിലവിൽ ചാലക്കുടിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനൊപ്പം അന്തിയുറങ്ങുകയാണ് ഇരുവരും. നന്നായി പഠിക്കുന്ന മകൾ എറണാകുളം സെൻറ് തെരേസാസ് കോളജിലെ ഒന്നാം വർഷ ബിരുദവിദ്യാർഥിനിയാണ്. ഐ.എ.എസുകാരിയാവണമെന്ന മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാനും ലിജി കൊതിക്കുന്നുണ്ട്. എന്നാൽ, വീടില്ലാതെ ജീവിതം മുന്നോട്ടുപോകില്ലെന്ന നിരാശ പൊതിഞ്ഞിരിക്കുകയാണ് ഈ രണ്ടു ജീവനുകളെ. ഇത്തവണ നഷ്ടപ്പെട്ടാൽ ഇനിെയന്ന് കിട്ടുമെന്നും അറിയില്ല.
ലിജിയെ സഹായിക്കാൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗമണ്ഡൽ ശാഖയിലെ 8568100110004307(Lijimol ck) എന്ന അക്കൗണ്ട് നമ്പറിൽ പണമയക്കാം. ഐ.എഫ്.എസ്.സി-BKID0008568. ഫോൺ-9947023770
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.