ഇന്ധന വിലപോലെ വൈദ്യുതി നിരക്കും മാസാംതോറും മാറുന്ന സ്ഥിതി -മന്ത്രി
text_fieldsകോട്ടയം: പെട്രോൾ, ഡീസൽ വിലപോലെ വൈദ്യുതി നിരക്കും മാസാമാസം മാറുന്ന സ്ഥിതിയാണുള്ളതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അതിനുപുറമെ ചെലവിന് ആനുപാതികമായി എല്ലാ വർഷവും മാർച്ച് ആദ്യം വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വിതരണച്ചെലവ് പ്രതിഫലിക്കുന്ന രീതിയിൽ നിരക്ക് പുതുക്കണമെന്നും കേന്ദ്ര സർക്കാർ പുതിയ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറവിലങ്ങാട് കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 15 വൻകിട സ്വകാര്യ താപനിലയങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കേന്ദ്രം നിർദേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സ്വകാര്യ വൈദ്യുതി ഉൽപാദന നിലയങ്ങൾക്ക് കൂടിയ നിരക്ക് നിശ്ചയിക്കാൻ കഴിയുന്നു. വൈദ്യുതിയുടെ കമ്പോളവില ഉയർന്നു നിൽക്കുന്നു. വൈദ്യുതി വിതരണ ലൈസൻസികൾക്ക് കമ്പോളത്തിൽനിന്ന് ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങാനും ലാഭകരമായി വിതരണം ചെയ്യാനും ഉതകുന്ന നിലയിൽ മാസാമാസം വൈദ്യുതി സർചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ വൈദ്യുതി ചട്ടഭേദഗതി കൊണ്ടുവന്നു. ഇതോടെ ഓരോ മാസവും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെപോലും അനുമതിയില്ലാതെ സർചാർജ് ഈടാക്കാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് കഴിയുന്ന സ്ഥിതിയാണ്.
ജനങ്ങൾക്ക് അധികഭാരം ചുമത്താതെ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമം. ടോട്ടക്സ് മോഡൽ അല്ലാതെ ബദൽ മാതൃകയിലൂടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് ശ്രമം. ഫ്ലോട്ടിങ് സോളാർ പദ്ധതികൾക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ 400 കെ.വി പവർ ഹൈവേ നിർമാണം അന്തിമഘട്ടത്തിലാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസൽ, 40 മെഗാവാട്ടിന്റെ തോട്ടിയാർ ജലവൈദ്യുതി പദ്ധതികൾ ഈ വർഷം പൂർത്തീകരിക്കും. 211 മെഗാവാട്ട് ശേഷിയുള്ള ഒമ്പതു ജലവൈദ്യുതി പദ്ധതികൾ പുരോഗമിക്കുകയാണ്. കാർഷികാവശ്യത്തിനുള്ള ഒരുലക്ഷം പമ്പുകളുടെ സൗരോർജവത്കരണത്തിന് കേന്ദ്രാനുമതി ലഭിച്ചു. 9348 പമ്പുകൾ നബാർഡ് സഹായത്തോടെ സൗരോർജത്തിലേക്ക് മാറ്റാൻ അനർട്ട് നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.