പുതിയ അമ്മയെത്തി; ലിനിയുടെ മക്കളായ റിതുലും സിദ്ധാർഥും ഹാപ്പി
text_fieldsകോഴിക്കോട്: ''ഞാൻ മരിച്ചുപോയാൽ അച്ഛനെ പോലെ ഒറ്റയ്ക്കു ജീവിക്കരുതേ...''എന്നായിരുന്നു മരണക്കിടക്കയിൽ വെച്ച് സിസ്റ്റർ ലിനി ഭർത്താവ് സജീഷിന് എഴുതിയ കത്തിൽ കണ്ണീരോടെ അപേക്ഷിച്ചത്. സജീഷ് പുനർവിവാഹിതനായപ്പോൾ മറ്റൊരു ലോകത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകും ലിനി.
വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു സജീഷും അധ്യാപകയായ പ്രതിഭയും തമ്മിലുള്ള വിവാഹം. പുനർവിവാഹം കഴിക്കാൻ പോകുന്ന കാര്യവും മക്കളുടെയും പ്രതിഭയുടെയും ഫോട്ടോ പങ്കുവെച്ച് സജീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർഥിനും ഒരമ്മയെ കിട്ടാൻ പോകുന്ന സന്തോഷമറിഞ്ഞ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടക്കമുള്ള ഒരുപാട് പേർ ആശംസ നേരുകയും ചെയ്തു.
എല്ലാവർക്കും നന്ദി പറഞ്ഞ് സജീഷ് തന്നെയാണ് വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സജീഷിന്റെയും ലിനിയുടെയും മക്കളായ റിതുലും സിദ്ധാർഥും ഒപ്പം പ്രതിഭയുടെ മകളായ ദേവപ്രിയയും ചടങ്ങിന് സാക്ഷികളായി. ഒരമ്മയോടൊപ്പം സഹോദരിയെ കൂടി ലഭിച്ചതിന്റെ സന്താഷത്തിലാണ് റിതുലും സിദ്ധാർഥും.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് 2018 മെയ് 21ന് ലിനി നിപ വൈറസ് ബാധിച്ച് മരിക്കുന്നത്.വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്കു പോലും വിട്ടുകൊടുക്കാതെയാണ് സംസ്‌കരിച്ചത്. ലിനി മരണത്തിന് കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് സജീഷിന് എഴുതിയ കത്തും മലയാളികളെ കണ്ണു നീരണിയിച്ചിരുന്നു. ''ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും മക്കളെ നല്ല പോലെ നോക്കണമെന്നും'' ലിനി കത്തിലൂടെ സജീഷിനോട് അപേക്ഷിച്ചിരുന്നു. ലിനിയുടെ മരണശേഷം സജീഷിന് സർക്കാർ ജോലി നൽകുകയും ചെയ്തു.
മക്കൾ പ്രതിഭയുമായി നല്ല രീതിയിൽ ഇണങ്ങി എന്നാണ് സജീഷ് അറിയിച്ചത്. ലിനിയുടെയും സജീഷിന്റെയും ഇളയ മകൻ ഒന്നാം ക്ലാസിലും മൂത്ത മകൻ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.