ജനന-മരണ രജിസ്റ്റർ എൻ.പി.ആറുമായി ബന്ധിപ്പിക്കൽ; ആറ് മാസമായിട്ടും അഭിപ്രായമറിയിക്കാതെ കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന-മരണ വിവരങ്ങൾ ജനസംഖ്യ രജിസ്റ്ററുമായി (എൻ.പി.ആർ) ബന്ധിപ്പിക്കുന്ന നിയമഭേദഗതിയിൽ അഭിപ്രായം ആരാഞ്ഞുള്ള കേന്ദ്രത്തിെൻറ കത്തിന്മേൽ സംസ്ഥാനം നിലപാട് വ്യക്തമാക്കാതെ അടയിരിക്കുന്നത് ആറ് മാസമായി.
അതേസമയം സംസ്ഥാന ചീഫ് രജിസ്ട്രാർ (ജനന-മരണം) കത്ത് ലഭിച്ച് ഒരു മാസത്തിനുള്ളിൽ കേന്ദ്രത്തിന് മറുപടി നൽകി. നിയമ ഭേദഗതികളോട് പൊതുവിൽ യോജിപ്പെന്നാണ് രജിസ്ട്രാർ അറിയിച്ചത്. 2021 മാർച്ചിലാണ് 1969ലെ ജനന-മരണ നിയമ ഭേദഗതിയിൽ അഭിപ്രായമാരാഞ്ഞ് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചത്. പിന്നാലെ രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യ സംസ്ഥാന ചീഫ് രജിസ്ട്രാർമാരോടും സെൻസസ് ഡയറക്ടർമാരോടും അഭിപ്രായം ആരാഞ്ഞു. പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ സെപ്റ്റംബറിൽ മാത്രമാണ്. സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന-മരണ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് പൗരത്വ നിയമത്തിന് കീഴിലെ ജനസംഖ്യ രജിസ്റ്റർ പുതുക്കാൻ ഉപയോഗിക്കുകയാണ് ഭേദഗതിയിൽ പ്രധാനം. ഒപ്പം ആധാർ, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമായി ഇൗ ഡാറ്റാബേസ് ബന്ധിപ്പിക്കും. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഇതുവരെയും നയപരമായ നിലപാടെടുക്കാൻ കഴിഞ്ഞില്ല. തീരുമാനമെടുത്തില്ലെന്ന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദനും മറുപടി തയാറാക്കൽ പുരോഗമിക്കുന്നെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരനും കഴിഞ്ഞദിവസം പറഞ്ഞു.
നിയമഭേദഗതിയിൽ അഭിപ്രായമാരാഞ്ഞുള്ള രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യയുടെ കത്തിൽ മറുപടി നൽകിയത് അക്കാലത് ചീഫ് രജിസ്ട്രാറായിരുന്ന കെ. രാമൻകുട്ടിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇക്കാലയളവിൽ മൂന്നുപേരാണ് ചീഫ് രജിസ്ട്രാർ തസ്തികയിൽ വന്നത്. എം. രാമൻകുട്ടിയും ശേഷം ജോസ്ന മോളും ചുമതല വഹിച്ചു. േത്രസ്യാമ്മ ആൻറണി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. ഭേദഗതിയിലെ ചില വ്യവസ്ഥകൾ സംബന്ധിച്ച അഭിപ്രായങ്ങൾ മാത്രമാണ് സംസ്ഥാന ചീഫ് രജിസ്ട്രാർ നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ചീഫ് രജിസ്ട്രാർ ഏപ്രിലിൽ തന്നെ മറുപടി നൽകി. എന്നാൽ, നയപരമായ പ്രധാന്യം അർഹിക്കുന്ന വിഷയത്തിൽ സർക്കാറിെൻറ അഭിപ്രായം തേടാതെ മറുപടി നൽകിയതോടെ സംസ്ഥാനം വെട്ടിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.