വിഷമദ്യം: വയനാട്ടിൽ പിതാവും മകനുമടക്കം മൂന്നു മരണം
text_fieldsവെള്ളമുണ്ട: വാരാമ്പറ്റയിൽ വിഷമദ്യം കഴിച്ച അച്ഛനും മകനുമടക്കം മൂന്നുപേർ കുഴഞ്ഞു വീണു മരിച്ചു. വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിലെ തിഗന്നായി (75), മകൻ പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവരാണ് മരിച്ചത്. ഗുളികൻ സേവാ പൂജാകർമത്തിന് മാനന്തവാടി സ്വദേശി നൽകിയ മദ്യം കഴിച്ചാണ് മരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെറിയതോതിൽ മന്ത്രവാദക്രിയകൾ ചെയ്തിരുന്നു തിഗന്നായി. ബുധനാഴ്ച രാവിലെ 11ഓടെ പൂജ ചെയ്യാനെത്തിയ മാനന്തവാടി സ്വദേശിയായ സാമൂഹിക പ്രവർത്തകൻ നൽകിയ മദ്യം കഴിച്ച് അവശനിലയിലായ തിഗന്നായി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് സംസ്കാരം നടത്താനും തീരുമാനിച്ചു.
രാത്രി പത്തോടെ മരണവീട്ടിലെ അടുക്കളയിൽ കണ്ട മദ്യവുമായി മകൻ പ്രമോദും സുഹൃത്തുക്കളും തൊട്ടടുത്ത് പ്രസാദിെൻറ വീട്ടിലേക്ക് പോയി. മദ്യപിച്ച ഉടൻ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈത്തിരി നവോദയ സ്കൂൾ ജീവനക്കാരനായ പ്രമോദ് അവിവാഹിതനാണ്. മാതാവ്: ഭാരതി. വിനോദ്, ശാരദ, രാജു എന്നിവർ സഹോദരങ്ങളാണ്.
പ്രസാദ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: കല്യാണി. ഭാര്യ: ഷീജ. മക്കൾ: ഋഷികേശ്, അദ്വൈത് (വാരാമ്പറ്റ ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ).
മാനന്തവാടിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ സ്വർണപ്പണിക്കാരനാണ് സാമൂഹിക പ്രവർത്തകന് മദ്യം നൽകിയതെന്ന് പറയുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വിഷമദ്യമാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
മൂന്നു പേരുടെയും മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.