ഐ.ടി പാർക്കുകളിൽ മദ്യം: സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ എതിർത്തത് സർക്കാർ മറച്ചുവെച്ചു -തിരുവഞ്ചൂർ
text_fieldsകോട്ടയം: ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാനുള്ള നിർദേശത്തെ നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചെന്ന തരത്തിൽ സംസ്ഥാന സർക്കാർ വ്യാജ പ്രചരണം നടത്തുകയാണെന്ന് കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാൻ ബാറുടമകൾക്ക് അവസരം നൽകാനുള്ള നിർദേശത്തെ നിയമസഭ സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ എതിർത്തിരുന്നു. എന്നാൽ, ഇക്കാര്യം സർക്കാർ പുറത്തു പറയാതെ ബോധപൂർവം കള്ളപ്രചരണം നടത്തിയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
മദ്യനയത്തിൽ വെള്ളം ചേർക്കുകയാണ്. ആയിരത്തോളം പുതിയ ബാറുകളാണ് സംസ്ഥാനത്ത് പുതിയതായി വന്നിരിക്കുകയാണ്. ഇതെല്ലാം സർക്കാറിന്‍റെ സൃഷ്ടിയാണ്. സർക്കാർ അബ്കാരികളുടെ കൈയിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ കാരണം എന്തെന്ന് ജനങ്ങൾ ആലോചിച്ച് കൊണ്ടിരുന്നപ്പോഴാണ് ബാറുടമകളുടെ സംഘടനാ ഭാരവാഹിയുടെ ശബ്ദ സന്ദേശം പുറത്തുവന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാൻ 2.5 ലക്ഷം വീതം നൽകണമെന്ന ബാറുടമ സംഘടന സംസ്ഥാന ഭാരവാഹിയുടെ ശബ്ദസന്ദേശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ചാണ് ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകിയത്. വളഞ്ഞവഴിക്ക് ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാൻ ബാറുടമകൾക്കും അവസരം കിട്ടുന്ന രീതിയിലാണ് ചട്ടഭേദഗതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും.
ഐ.ടി പാര്‍ക്കുകളില്‍ മദ്യ വിൽപനക്ക് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശ കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ, വിവാദങ്ങളിൽ കുലുങ്ങാതെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ചട്ടഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചു. ഇതിനാണ് ഇപ്പോള്‍ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്.
ലൈസൻസ് നൽകുന്നതിന് ചില പുതിയ നിർദേശങ്ങൾ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. ഐ.ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാൻ എഫ്.എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസാണ് നൽകുക. മദ്യവിൽപനയുടെ ചുമതല ഐ.ടി പാര്‍ക്ക് അധികൃതര്‍ക്ക് മാത്രം നല്‍കണമെന്നായിരുന്നു എക്‌സൈസ് കമീഷണറുടെ ആദ്യ ശിപാര്‍ശ. പാര്‍ക്കിന്‍റെ നടത്തിപ്പുകാരായ പ്രമോട്ടര്‍മാര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. പ്രമോട്ടര്‍ക്ക് ആവശ്യമെങ്കില്‍ പരിചയമുള്ള പുറത്തുള്ളവര്‍ക്കും നല്‍കാമെന്നാണ് ഭേദഗതി.
സർക്കാറിന്‍റെ പുതിയ നീക്കം നിലവിലെ ബാര്‍ ലൈസന്‍സികളിലേക്ക് എത്തിച്ചേക്കുമെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. ബാബുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ലൈസൻസ് ഫീസ് 20 ലക്ഷം ഈടാക്കാനാണ് ആലോചന. അപേക്ഷ വരുന്ന മുറക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കള്ള് വില്‍ക്കാനും റസ്‌റ്ററന്‍റുകളില്‍ വൈന്‍ വില്‍ക്കാനുമൊക്കെ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മദ്യം ഒഴുക്കാനുള്ള നീക്കത്തിൽ വിയോജനക്കുറിപ്പ് നൽകുമെന്നും നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തിമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.