വിവാഹവീടുകളിലെ മദ്യസല്‍ക്കാര ബോധവത്കരണം: സര്‍ക്കുലര്‍ എക്സൈസ് കമീഷണര്‍ മരവിപ്പിച്ചു
text_fieldsകോഴിക്കോട്: വിവാഹവീടുകളില്‍ നേരിട്ടുചെന്ന് ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരത്തിനെതിരെ ബോധവത്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് പുറത്തിറക്കിയ അടിയന്തര സര്‍ക്കുലര്‍ കമീഷണര്‍ ഋഷിരാജ്സിങ് മരവിപ്പിച്ചു.
കമീഷണര്‍ അറിയാതെയാണത്രെ എക്സൈസ് ആസ്ഥാനത്ത് ബോധവത്കരണത്തിന്‍െറ ചുമതലയുള്ള ഡെപ്യൂട്ടി കമീഷണര്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയ ഉദ്യോഗസ്ഥനോട് കമീഷണര്‍ ഋഷിരാജ്സിങ് വിശദീകരണം തേടി.
മദ്യസല്‍ക്കാരത്തിനെതിരെ ബോധവത്കരിക്കാനും മുന്നറിയിപ്പ് നല്‍കാനും എക്സൈസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ വിവാഹവീടുകളില്‍ നേരിട്ട് ചെല്ലണമെന്നാണ് ജനുവരി മൂന്നിന് പുറത്തിറക്കിയ അടിയന്തര സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അടിയന്തരപ്രാധാന്യ ചിഹ്നത്തോടെ ഈ സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണത്തിന്‍െറ ഭാഗമായി വിവാഹത്തിന്‍െറ നാലുദിവസം മുമ്പെങ്കിലും വീടുകളില്‍ ചെന്ന് മദ്യസല്‍ക്കാരത്തിന്‍െറ ദൂഷ്യഫലങ്ങളും നിയമപരമായ മുന്നറിയിപ്പും നല്‍കണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. വിവാഹവീടുകളിലെ ബോധവത്കരണ സര്‍ക്കുലര്‍ എക്സൈസ് ഉദ്യോഗസ്ഥരില്‍ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ കൈപ്പറ്റിയ ഡെപ്യൂട്ടി കമീഷണര്‍മാര്‍ ഇതെങ്ങനെ നടപ്പാക്കുമെന്നറിയാതെ പരസ്പരം ആശങ്ക പങ്കുവെച്ചു.‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കുലര്‍ വിവാദമായതോടെ ഇതെങ്ങനെ നടപ്പാക്കുമെന്ന സംശയവുമായി വിവിധ കോണുകളില്‍നിന്ന് അന്വേഷണവും വന്നു. വകുപ്പു മന്ത്രിയും ഇതിനെക്കുറിച്ച് വിവരം തിരക്കി. സമൂഹമാധ്യമങ്ങളും വിവാദമേറ്റുപിടിച്ചു. ഇതോടെയാണ് സര്‍ക്കുലര്‍ അടിയന്തരമായി മരവിപ്പിച്ച് എക്സൈസ് കമീഷണര്‍ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.