ബാർ നികുതിയിൽ കണ്ണടച്ചു; കോടികൾ നഷ്ടം
text_fieldsതിരുവനന്തപുരം: മദ്യനയത്തിലെ ഇളവ് നീക്കങ്ങൾക്കൊപ്പം ബാറുകളിൽനിന്നുള്ള നികുതി പിരിവിൽ സർക്കാർ ‘സൗകര്യപൂർവം’ വരുത്തുന്നത് ഗുരുതര വീഴ്ച. മദ്യവിൽപനയുടെ അടിസ്ഥാനത്തിൽ ബാറുകളിൽനിന്ന് ഈടാക്കുന്ന ടേൺ ഓവർ ടാക്സിലാണ് നികുതി വകുപ്പ് കണ്ണടക്കുന്നത്. വിൽപനയുടെ 10 ശതമാനമാണ് നിലവിൽ നികുതി. ഇത് ഉപഭോക്താവിൽനിന്ന് ഈടാക്കേണ്ടതല്ല. ബാറുകൾ വാങ്ങുന്ന മദ്യത്തിന്റെ കയറ്റിറക്ക്, ഗതാഗതച്ചെലവ്, ലാഭം എന്നിവയടങ്ങുന്ന തുകയാണ് വിറ്റുവരവായി കണക്കാക്കുന്നത്.
നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓരോ ബാറും സന്ദർശിക്കുകയും രേഖകൾ പരിശോധിച്ച് വിൽപന കണക്കാക്കുകയും സമർപ്പിച്ച റിട്ടേണുകൾ ഒത്തുനോക്കുകയും ഇത് അടിസ്ഥാനമാക്കി ടേൺ ഓവർ നികുതി നിശ്ചയിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിനു പുറമേ, റിട്ടേണിൽ തട്ടിപ്പ് കണ്ടെത്തിയാൽ പിഴയും ചുമത്തിയിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2017 ഓടെ ബാറുകളിലെ ഇത്തരം പരിശോധന അവസാനിച്ചു. മദ്യവിൽപനയും ലാഭവും സംബന്ധിച്ച് ബാർ ഉടമകൾ സമർപ്പിക്കുന്ന റിപ്പോർട്ട് മാത്രമായി നികുതി വകുപ്പിന് ആശ്രയം. ഇതനുസരിച്ചാണ് ടേൺ ഓവർ നികുതി കണക്കാക്കുന്നത്.
ബാർ ലൈസൻസ് പഞ്ച നക്ഷത്ര ബാറുകൾക്ക് മാത്രമായി നിജപ്പെടുത്തിയ 2016-17ൽ ബാറുകളുടെ എണ്ണം 29 ആയി ചുരുങ്ങിയിരുന്നു. ഇക്കാലയളവിൽ പ്രതിവർഷം 300 കോടിയാണ് ടേൺ ഓവർ നികുതി ഇനത്തിൽ സംസ്ഥാന ഖജനാവിലേക്കെത്തിയിരുന്നത്. എന്നാൽ, നിലവിൽ 801 ബാറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുമ്പോഴും 600 കോടിയിൽ താഴെയാണ് നികുതി വരുമാനമെന്നാണ് വിവരം. ഇക്കാലയളവിൽ മദ്യത്തിന്റെ വിലയും വർധിച്ചിട്ടുണ്ട്. സ്വാഭാവികമായും ലാഭവും നികുതിയും ഉയരണം. പതിന്മടങ്ങ് വർധിക്കേണ്ട നികുതി എവിടെയാണ് ചോരുന്നതെന്നതിന് സർക്കാറിനും മറുപടിയില്ല. കൃത്യമായ കണക്ക് പുറത്തുവിടാൻ സർക്കാർ സന്നദ്ധവുമല്ല. നിയമസഭയിൽ 2023 മാർച്ച് ആറിന് റോജി എം. ജോൺ ഈ വിഷയത്തിൽ ഉന്നയിച്ച ചോദ്യത്തിന് ഒരു വർഷം പിന്നിട്ടിട്ടും ധനമന്ത്രി മറുപടി നൽകിയിട്ടില്ല. ബാറുടമകളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സർക്കാർ കണ്ണടച്ചതോടെ ഭൂരിഭാഗം ബാർ ഹോട്ടലുകളും നികുതി റിട്ടേൺ സമയബന്ധിതമായി ഫയൽ ചെയ്യാത്ത സ്ഥിതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.