മദ്യനയം: സർക്കാർ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്ഥിരമാക്കുന്നു -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട് : സാമൂഹികവും സാമ്പത്തികവുമായ വലിയ ദുരന്തത്തിന് കാരണമായിട്ടുള്ള മദ്യത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ കാണിക്കുന്ന ഉദാരനയം കേരളത്തിന്റെ സാമൂഹിക, സാമ്പത്തികാവസ്ഥയെ കൂടുതൽ അരക്ഷിതമാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.
ഉൽപാദനവും ഉപഭോഗവും സമ്പൂർണമായി നിരോധിക്കേണ്ട സാമൂഹിക വിപത്താണ് മദ്യം. ഇതിന്റെ ലഭ്യത കൂടുതൽ വിപുലപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയ മദ്യനയം. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. സ്വാസ്ഥ്യവും ആരോഗ്യപൂർണവുമായ ജീവിതം മൗലികവകാശമാണ്. ഇതിനെതിരെ തന്നെ വെല്ലുവിളിയുയർത്തുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി കുറ്റകൃത്യങ്ങൾക്ക് കാരണം മദ്യോപയോഗമാണെന്ന് ബോധ്യപ്പെട്ട കാര്യമാണ്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഉദാര മദ്യനയം നടപ്പിലാക്കുന്ന സർക്കാർ മദ്യ ഉപയോഗത്തിന്റെ പേരിൽ ദുരിതമനുഭവിക്കുന്ന ജനതയെ വിസ്മരിക്കുന്നു. മദ്യലഭ്യത ഉറപ്പുവരുത്തുകയും അതേസമയം മദ്യ ഉപയോഗത്തിനെതിരെ കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണ്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.