മദ്യം യാഥാർഥ്യം, യാഥാർഥ്യബോധമില്ലാതെ പെരുമാറാനാകില്ല -മന്ത്രി രാജേഷ്
text_fieldsതിരുവനന്തപുരം: മദ്യനയത്തിനെതിരായ പ്രതിപക്ഷ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മദ്യം ഒരു യഥാർഥ്യമാണെന്നും യാഥാർഥ്യബോധമില്ലാതെ സർക്കാറിന് പെരുമാറാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാറിനെ ആക്രമിക്കാനുള്ള വ്യഗ്രതയിൽ കേരളത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. മദ്യനയത്തിന്റെ പേരിൽ രാഷ്ട്രീയലാഭത്തിനും കപടസാദാചാരത്തിനും വേണ്ടിയുള്ള വാദങ്ങളാണ് ഒരുവിഭാഗം ഉയർത്തുന്നത്. പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തിലൂടെ കേരളത്തിൽ മദ്യമൊഴുകുമെന്നാണ് വി.ഡി. സതീശന്റെ ആരോപണം. കേരളത്തിൽ 309 റീട്ടെയിൽ ഔട്ട്ലെറ്റും 772 ബാറുമാണുള്ളത്. കർണാടകയിൽ 3950ഉം തമിഴ്നാട്ടിൽ 5329ഉം റീട്ടെയിൽ ഔട്ട്ലെറ്റുണ്ട്. 500 ഔട്ട്ലെറ്റുകൾകൂടി അധികം തുറക്കാൻ തമിഴ്നാട് തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം മാറിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം കാടടച്ച് വെടിവെക്കലാണ്. കേന്ദ്ര സർക്കാറിന്റെ കണക്ക് പ്രകാരം മദ്യപാനത്തിൽ രാജ്യത്ത് 22ാം സ്ഥാനത്താണ് കേരളം. മദ്യ ഉപയോഗത്തിൽ ദേശീയ ശരാശരി 14.6 ശതമാനമാണെങ്കിൽ കേരളത്തിൽ 12.4 ശതമാനമാണ്. രാജ്യത്ത് കഞ്ചാവ് ഉപയോഗം 2.8 ശതമാനമാണെങ്കിൽ കേരളത്തിൽ 0.1 ശതമാനമാണ്. 0.1 ശതമാനമേയുള്ളൂവെന്ന് കരുതി സർക്കാർ മിണ്ടാതിരിക്കുന്നില്ല.
ശക്തമായി നേരിടുകയാണ്. മദ്യവർജനം നയമായി സ്വീകരിച്ചതുകൊണ്ടുമാത്രമാണ് നൂറിൽ 12 പേർ മാത്രം മദ്യപിക്കുന്ന സംസ്ഥാനമായി കേരളം നിൽക്കുന്നത്. മദ്യം പ്രോത്സാഹിക്കണമെന്ന നയം സർക്കാറിനില്ല. മദ്യവർജനം ദീർഘകാലാടിസ്ഥാനത്തിൽ കൈവരിക്കാവുന്ന ലക്ഷ്യമാണ്. അടിച്ചേൽപിക്കാൻ കഴിയില്ല. മദ്യനയത്തിൽ എ.ഐ.ടി.യു.സി ഉയർത്തിയ വിമർശനങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തും. മദ്യനയത്തിന്റെ ഊന്നൽതന്നെ കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
കള്ള് തനത് പാനീയം, പോഷകാംശം അറിയില്ല
തിരുവനന്തപുരം: കേരളത്തിന്റെ തനത് പാനീയമാണ് കള്ളെന്നും എന്നാൽ അതിലെ പോഷകാംശത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി എം.ബി. രാജേഷ്. കള്ള് പോഷകാഹാരമാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജരാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ള് ചെത്ത് മേഖല പ്രതിസന്ധിയിലാണ്. ആ മേഖലയെ നവീകരിക്കാതെ മുന്നോട്ടുപോകാനാകില്ല. ചെത്ത് മേഖലയെ സംരക്ഷിക്കാനാണ് മദ്യനയത്തിലൂടെ ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ തനത് പാനീയങ്ങൾ ബ്രാൻഡ് ചെയ്യുമ്പോൾ കേരളത്തിൽ മാത്രം എന്തുകൊണ്ട് ചെയ്യാൻ പാടില്ല. എല്ലാവർക്കും കടന്ന് ചെല്ലാവുന്ന സ്ഥാപനമായി കള്ളുഷാപ്പുകളെ മാറ്റും.
സ്വഭാവത്തിലും സേവനത്തിലും മാറ്റമുണ്ടാകും. നല്ല ഭക്ഷണം കഴിക്കാനും ഷാപ്പുകളെ ആശ്രയിക്കാം. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിസോർട്ട് ഉടമകൾക്കുകൂടി സ്ഥാപനത്തിനകത്തുള്ള തെങ്ങും പനയും ചെത്തി കള്ള് നൽകാൻ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.