വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടും; മദ്യത്തിന് വില കൂടും
text_fieldsതിരുവനന്തപുരം: മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിലൂടെയുണ്ടാകുന്ന വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്.
സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന ടേൺഓവർ ടാക്സ് ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. അഞ്ച് ശതമാനം നികുതിയാണ് ഒഴിവാക്കുന്നത്. ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും.
നഷ്ടം നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതുവിൽപന നികുതി നിരക്കിൽ നാല് ശതമാനം വർധന വരുത്തും. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ചട്ടഭേദഗതി അവതരിപ്പിക്കും. ഇതിന് ശേഷമായിരിക്കും പുതിയ നിരക്കിൽ മദ്യം വിൽക്കുക.
അതേസമയം, ബിവറേജസ് കോർപ്പറേഷന് വെയർഹൗസ് മാർജിൻ ഒരു ശതമാനം വർധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ ബിവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറികളിൽ നിന്ന് സംഭരിക്കുന്ന വിദേശ മദ്യ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.