ബെവ് ക്യൂ വഴി മദ്യവിൽപന: അഴിമതിക്ക് കളമൊരുങ്ങുന്നെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ബെവ് ക്യൂ വഴിയുള്ള മദ്യ വിൽപനയിലൂടെ കോവിഡിെൻറ മറവിൽ അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്റ്റ്വെയർ കമ്പനിക്ക് ലഭിക്കും. യാതൊരു ചെലവുമില്ലാതെ കമ്പനിക്ക് പ്രതിമാസം മൂന്ന് കോടി വരെ കിട്ടുന്നതിനാണ് അവസരമൊരുങ്ങുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു ടോക്കണിന് 50 പൈസ ഈ കമ്പനിക്ക് പോകുന്നത് എന്തിെൻറ അടിസ്ഥാനത്തിലാണെന്നും എന്ത് കാരണമാണിതിന് സർക്കാറിന് ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ബീവറേജ് കോർപറേഷെൻറ ഔട്ട്ലറ്റുകളുടെ ക്രമീകരണത്തിന് വേണ്ടി സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട എന്ത് ആവശ്യമാണുള്ളത്. സർക്കാർ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത് പ്രതിഷേധാർഹമാണ്. ഇത് സർക്കാർ ഗൗരവപൂർണമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് താൻ മന്ത്രി ടി.പി. രാമകൃഷ്ണന് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഒട്ടും മുൻകാല പരിചയമില്ലാത്ത, സി.പി.എം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്പനിക്കാണ് ബെവ് ക്യുവിെൻറ ചുമതല നൽകിയതെന്നും ഇത് കോവിഡിെൻറ മറവിൽ നടക്കുന്ന അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ കമ്പനിക്ക് നൽകിയ ഉത്തരവ് റദ്ദാക്കി, ബെവ് ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ കൈവശമുള്ള വിവരങ്ങൾ സർക്കാർ നിർദേശപ്രകാരം നശിപ്പിച്ചുവെന്ന സ്പ്രിൻക്ലറിെൻറ വാദം വിശ്വസനീയമല്ലെന്ന് ചെന്നിത്തല പറഞ്ഞു. വിവരങ്ങൾ കൈയിൽ കിട്ടിയാൽ തങ്ങളുടെ ആവശ്യത്തിന് ഫലപ്രദമായി അത് ഉപയോഗിക്കാനുള്ള കഴിവും ശാസ്ത്രീയ പരിജ്ഞാനവും സ്പ്രിൻക്ലറിനുണ്ട്. മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഈ വിവരങ്ങൾ ഉപയോഗിക്കില്ലെന്നതിന് എന്താണ് തെളിവുള്ളത്.? എങ്ങനെ ഈ കമ്പനിയെ വിശ്വസിക്കാൻ കഴിയും.? അമേരിക്കൻ കമ്പനിയും സർക്കാറും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
സ്പ്രിൻക്ലർ ഒരു പി.ആർ കമ്പനിയാണ്. അതിനാൽതന്നെ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി അവർ ഉപയോഗിക്കില്ലെന്ന് പറയാൻ കഴിയില്ല. ആരോഗ്യ വിവരങ്ങൾ വളരെ സുപ്രധാനമായതുകൊണ്ട് അത് വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും എളുപ്പമാണ്. സമഗ്രമായ ഓഡിറ്റാണ് ഇക്കാര്യത്തിൽ വേണ്ടത്. അതിന് കേന്ദ്ര സഹായം ആവശ്യമാണെങ്കിൽ അത് നേടിയെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.