പാതയോരത്തെ മദ്യശാലകള്‍: എക്സൈസ് എ.ജിയുടെ നിയമോപദേശം തേടി
text_fieldsതിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ളെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുത്താന്‍ എക്സൈസ് വകുപ്പ് അക്കൗണ്ടന്‍റ് ജനറലിന്‍െറ (എ.ജി) നിയമോപദേശം തേടി. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള മദ്യനയരൂപവത്കരണത്തിന് മുന്നോടിയാണ് നടപടി.
തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പാതയോരത്തെ ബാറുകളും ചില്ലറവിപണന കേന്ദ്രങ്ങളും കള്ളുഷാപ്പുകളും മാറ്റാന്‍ നടപടി തുടങ്ങി. പക്ഷേ, കേരളത്തില്‍ ബിവറേജസ് കോര്‍പറേഷന്‍െറ (ബെവ്കോ) വിപണനശാലകളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. നൂറ്റി നാല്‍പത്തഞ്ചോളം ബെവ്കോ വിപണനശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. എന്നാല്‍, പഞ്ചനക്ഷത്ര ബാറുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. കേരള അബ്കാരി ചട്ടം അനുസരിച്ച് വിധി എല്ലാ മദ്യശാലകള്‍ക്കും ബാധകമാണെന്നാണ് നിയമവകുപ്പിന്‍െറ വിലയിരുത്തല്‍.
അതേസമയം, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മദ്യവില്‍പന സംബന്ധിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാറില്ളെന്നതും പാതയോരത്തുകൂടി പോകുന്നവര്‍ ഇത്തരം ഹോട്ടലുകളില്‍ മദ്യപിക്കാന്‍ കയറില്ളെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്യനിരോധനത്തിന് പകരം മദ്യവര്‍ജനമെന്ന നയം സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ പഞ്ചനക്ഷത്രബാറുകള്‍ പൂട്ടണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. വിനോദസഞ്ചാരമേഖലയിലെ പ്രതിസന്ധി പരിഗണിക്കണമെന്നും അഭിപ്രായമുണ്ട്.
ഇക്കാര്യത്തില്‍ എ.ജിയുടെ കൂടി അഭിപ്രായം ആരാഞ്ഞശേഷം അന്തിമതീരുമാനം കൈക്കൊള്ളാമെന്നാണ് മന്ത്രി ടി.പി. രാമകൃഷ്ണന്‍െറ നിലപാട്. നക്ഷത്രബാറുകള്‍ പൂട്ടാനാണ് നിയമോപദേശമെങ്കില്‍ സംസ്ഥാനത്തെ 31ല്‍ 16 എണ്ണം ബാര്‍രഹിതമായി പ്രവര്‍ത്തിക്കേണ്ടിവരും. ഇത് അംഗീകരിക്കാന്‍ ഉടമകള്‍ തയാറല്ല. സര്‍ക്കാര്‍നിലപാടുകൂടി അറിഞ്ഞശേഷം നിയമനടപടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണവര്‍.
അതേസമയം, വിഷയത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാന പ്രതിനിധികളുടെ ഉന്നതതലയോഗം ഹൈദരാബാദില്‍ ചേരുമെന്നും സൂചനയുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ളെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.