അഞ്ചു വര്‍ഷത്തിനിടെ ഖജനാവിലെത്തിയ മദ്യ നികുതി 46,000 കോടി; 50 ശതമാനത്തിലധികം വർധന
text_fieldsകഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യം വാങ്ങിയതിലൂടെ നികുതിയായി സര്‍ക്കാറിന് ലഭിച്ചത് 46,546.13 കോടി രൂപ. 2011-12 മുതൽ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് 50 ശതമാനത്തിലധികം വർധനയാണ് മദ്യവരുമാനത്തിലുണ്ടായത്. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.
ഒാരോ ദിവസവും ശരാശരി 25.53 കോടി രൂപയാണ് മദ്യപർ ഖജനാവിലേക്ക് നികുതിയായി നൽകുന്നത്, പ്രതിമാസം ശരാശരി 766 കോടി രൂപ. 2019 -20 ൽ മാത്രം 10,332.39 കോടി രൂപയാണ് ഇങ്ങനെ ഖജനാവിലേക്ക് എത്തിയത്.
മദ്യ വിൽപനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭം ഈ നികുതി വരുമാനത്തിന് പുറമെയാണ്.
2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്‌കോ ലാഭം നേടിയിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
2016 മുതല്‍ 2021 മാര്‍ച്ച് 31 വരെ ബെവ്കോയിൽ നിന്ന് 94.22 കോടി (94,22,54,386) ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 42.23 കോടി (42,23,86,768) ലിറ്റര്‍ ബിയറും 55.57 ലക്ഷം (55,57,065) ലിറ്റര്‍ വൈനുമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈനിന് 37 ശതമാനമാണ് നിലവിലെ നികുതി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റു മദ്യങ്ങൾക്ക് 115 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത ബിയറിന് 112 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 247 ശതമാനം, കേയ്‌സിന് 400 രൂപയില്‍ കൂടുതൽ നൽകി ബെവ്‌കോ വാങ്ങുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 237 ശതമാനം എന്നിങ്ങനെയാണ് നിലവിൽ നികുതി.
മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് ലഭിച്ച നികുതി
2011-12 -4740.73 കോടി രൂപ
2012-13 -5391.48 കോടി രൂപ
2013-14 -5830.12 കോടി രൂപ
2014-15 -6685.84 കോടി രൂപ
2015-16 -8122.41 കോടി രൂപ
2016-17 -8571.49 കോടി രൂപ
2017-18 -8869.96 കോടി രൂപ
2018-19 -9615.54 കോടി രൂപ
2019-20 -10332.39 കോടി രൂപ
2020-21 -9156.75 കോടി രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.