മദ്യമൊഴുകും; ഖജനാവിന് പണക്കിലുക്കം
text_fieldsഇ. ബഷീർ
തിരുവനന്തപുരം: മദ്യമൊഴുക്കുന്ന നയം നടപ്പാകുന്നതോടെ എക്സൈസ് വരുമാനം ബജറ്റിൽ വകയിരുത്തിയതിനെക്കാൾ കുത്തനെ ഉയരും. ഇക്കൊല്ലം 2975.37 കോടി രൂപയാണ് എക്സൈസിൽനിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 2800.49 കോടിയായിരുന്നു. മദ്യവിൽപന നികുതിയും കുതിച്ചുയരും. കഴിഞ്ഞ വർഷം ഇത് 16,100 കോടി രൂപയായിരുന്നു. എല്ലാ മേഖലയിൽനിന്നും പരമാവധി വരുമാന വർധനക്കാണ് ശ്രമം. സാമ്പത്തിക പ്രതിസന്ധിയും വരും വർഷങ്ങളിൽ തെരഞ്ഞെടുപ്പുകൾ വരുന്നതും മുന്നിൽ കണ്ടാണ് വ്യാപകമായ നികുതി-ഫീസ് വർധനയിലേക്ക് നീങ്ങുന്നത്.
ഏറ്റവും എളുപ്പമുള്ള മാർഗമെന്ന നിലയിലാണ് വരുമാന വർധനക്കായി മദ്യമേഖലയിൽ കൈവെക്കുന്നത്. ഉപയോഗം കുറക്കാനാണ് മദ്യത്തിന്റെ നികുതി കൂട്ടുന്നതെന്നാണ് സർക്കാർ പറയുക. ഇപ്പോൾ അത് 251 ശതമാനമാണ്. ടൂറിസം വികസനം, വ്യവസായ മേഖലയുടെ മികവ് ഒക്കെയാണ് ഈ മേഖലയിലേക്ക് മദ്യം ഉദാരമായി നൽകുന്നതിന് കാരണമായി പറയുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ ഒരു രക്ഷയുമില്ലാതെയാണ് ഇത്തരം നടപടികളിലേക്ക് സർക്കാർ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ പറഞ്ഞു. ഘട്ടംഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്ന നിലപാട് മാറ്റി വ്യാപകമായി മദ്യമൊഴുക്കുന്ന തീരുമാനങ്ങളാണ് വരുന്നത്. 250 ബിവറേജസ് കടകൾ വീണ്ടും തുറക്കാനും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വ്യവസായ മേഖലകളിലും മദ്യ ലൈസൻസ് നൽകാനും തീരുമാനിച്ചതോടെ മദ്യം വ്യാപകമാകും.
സർക്കാറിന് നികുതി ലഭിക്കുമെങ്കിലും സാമൂഹികമായി വലിയ ആഘാതങ്ങൾ ഉണ്ടാവും. എന്നാൽ, അബ്കാരികളുടെ കുടിശ്ശികയിൽ ഉദാര സമീപനമാണ്. സംസ്ഥാനത്ത് 19920.89 കോടിയുടെ നികുതി കുടിശ്ശിക ഉള്ളതിൽ 286 കോടി അബ്കാരി മേഖലയിൽനിന്നാണ്. സാമൂഹിക സുരക്ഷ ഫണ്ടിനായി മദ്യവിൽപനയിൽനിന്ന് 400 കോടിയോളം രൂപ സെസായി പിരിക്കാനും ആരംഭിച്ചിട്ടുണ്ട്. വിലയും നികുതിയും വർധിച്ചിട്ടും മദ്യ വിൽപന ഉയരുകയാണ്.
ജൂലൈ 24 വരെ 69.92 ലക്ഷം കെയ്സാണ് വിൽപന. മുൻ വർഷം ഇത് 67.83 ലക്ഷം കെയ്സായിരുന്നു. വിൽപനയിൽ 2.4 ശതമാനത്തിന്റെയും വരുമാനത്തിൽ 340 കോടിയുടെയും വർധനയാണ് ഒരുവർഷം ഉണ്ടായത്.ബാർ ലൈസൻസ് ഫീസ് 30 ലക്ഷമാക്കിയതോടെ വരുമാനം വീണ്ടും ഉയരും. ലോട്ടറി വരുമാനം 11536.80 കോടിയിൽനിന്ന് 12479.11 കോടിയായി ഉയരുമെന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.