ഡി.സി.സി ഭാരവാഹി പട്ടിക തയാറാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ഡി.സി.സി ഭാരവാഹി പട്ടികക്കുള്ള നിർദേശങ്ങൾ അടിയന്തരമായി സമർപ്പിക്കാൻ ഡി.സി.സി അധ്യക്ഷന്മാർക്ക് കെ.പി.സി.സി നിർദേശം. കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന ഡി.സി.സി പ്രസിഡൻറുമാരുടെ യോഗത്തിലാണ് നിർദേശം.
ഗ്രൂപ് പരിഗണനകൂടാതെ മെറിറ്റ് മാത്രം പരിഗണിച്ച് കരട് ഭാരവാഹി പട്ടിക തയാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കെ.പി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനത്തിന് പിന്നാലെ ഡി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാനാവുംവിധം പട്ടിക നൽകാനാണ് ഡി.സി.സി അധ്യക്ഷന്മാർക്കുള്ള നിർദേശം. ഇതിനുശേഷമായിരിക്കും പുതിയ മണ്ഡലം പ്രസിഡൻറുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കുക.
നിലവിലെ ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജകമണ്ഡലം കമ്മിറ്റികൾ വേണമോ അതോ ബ്ലോക്ക് കമ്മിറ്റികൾ നിലനിർത്തി നിയോജകമണ്ഡലം കമ്മിറ്റികൾകൂടി രൂപവത്കരിക്കണമോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഉടൻ തീരുമാനമെടുക്കും. ഒരു അസംബ്ലി മണ്ഡലത്തിൽ ഒന്ന് എന്ന നിലയിൽ തുടക്കമിട്ട യൂനിറ്റ് കമ്മിറ്റി രൂപവത്കരണം അടുത്ത ഘട്ടത്തിൽ ഒരു ബ്ലോക്കിൽ ഒന്ന് നിലയിൽ വിപുലീകരിക്കും.
നവംബർ14നകം ഇൗ പ്രവർത്തനം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി രൂപവത്കരിച്ച യൂനിറ്റ് കമ്മിറ്റികള്‍ (സി.യു.സി) പാര്‍ട്ടിക്ക് ആവേശകരമായ അടിത്തറ പാകിയെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് യോഗത്തിൽ പറഞ്ഞു.
കെ.പി.സി.സി രൂപവത്കരിച്ച് നടപ്പാക്കിയ മാര്‍ഗരേഖ താഴെത്തട്ടില്‍ നടപ്പാക്കിയത് പാര്‍ട്ടിയില്‍ അച്ചടക്കവും നവീകരണവും കൊണ്ടുവന്നു. പാര്‍ട്ടിക്ക് സെമി കേഡര്‍ പരിവേഷം നൽകാനും മാര്‍ഗരേഖക്ക് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വര്‍ക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി. തോമസ് എം.എല്‍.എ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.