ഉരുൾ ദുരന്തം: പുനരധിവാസത്തിനുള്ള കുടുംബങ്ങളുടെ പട്ടിക 16ന് തയാറാകും
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കുള്ള സ്ഥിരം പുനരധിവാസ പദ്ധതിക്ക് അർഹരായവരുടെ കരട് പട്ടിക ഒക്ടോബർ 16ഓടെ തയാറാകും. ഇതിനുള്ള ഫീൽഡ് പരിശോധനയും ഡോ. ജോൺ മത്തായി സമിതിയുടെ റിപ്പോർട്ടനുസരിച്ചുള്ള അതിർത്തി രേഖപ്പെടുത്തലും തിങ്കളാഴ്ച തുടങ്ങും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടത്തിലും വാസയോഗ്യമല്ലാതായ സ്ഥലങ്ങളിലുള്ളവരെ രണ്ടാം ഘട്ടത്തിലുമായാണ് സർക്കാറിന്റെ ടൗൺഷിപ് പദ്ധതിയിൽ പുനരധിവസിപ്പിക്കുക. ഫീൽഡ് പരിശോധന പൂർത്തിയാക്കി, ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക ബുധനാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നാണ് വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്.
സർക്കാർ നിയോഗിച്ച ഡോ. ജോൺ മത്തായി സമിതിയുടെ റിപ്പോർട്ട് പ്രകാരം വാസയോഗ്യമായതും അല്ലാത്തതുമായ (ഗോ ആൻഡ് നോ ഗോ സോൺ) പ്രദേശങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തി അതിർത്തി നിർണയിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ കലക്ടർ നിയോഗിച്ചിട്ടുണ്ട്. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലത്തിന്റെ അതിർത്തി ഫീൽഡിൽ അടയാളപ്പെടുത്തുകയാണ് ഇവർ ചെയ്യുക. ഈ സ്ഥലങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ വിവരങ്ങളും തയാറാക്കും. ജില്ല ജിയോളജിസ്റ്റ്, ജില്ല മണ്ണുസംരക്ഷണ ഓഫിസർ, സർവേ ഡെപ്യൂട്ടി ഡയറക്ടർ, വയനാട് ഹസാർഡ് അനലിസ്റ്റ്, വൈത്തിരി തഹസിൽദാർ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സംഘം. ഇവർ കൽപറ്റ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്ഥാപന അംഗങ്ങൾ എന്നിവരെ മുൻകൂട്ടി വിവരമറിയിച്ചാണ് ഫീൽഡ് പരിശോധന നടത്തുക. വിവരശേഖരണത്തിന് അഞ്ച് പഞ്ചായത്ത് ജീവനക്കാരെയും 10 റവന്യൂ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിശ്ചയിച്ച വാസയോഗ്യമല്ലാത്തയിടങ്ങളിൽ ഉൾപ്പെടാത്തവരെ പ്രത്യേക സാഹചര്യത്തിൽ ഈ ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇതിനുള്ള കാരണം പ്രത്യേകം തയാറാക്കി കൈമാറുകയും വേണം.
ജൂലൈ 30നുണ്ടായ ദുരന്തം മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളെയാണ് ഇല്ലാതാക്കിയത്. ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 983 കുടുംബങ്ങളിലെ 2569 പേരാണ് നിലവിൽ വാടകവീടുകളിലായി താൽക്കാലിക പുനരധിവാസത്തിൽ കഴിയുന്നത്. സ്ഥിരം പുനരധിവാസനടപടികൾ നീളുന്നുവെന്ന ആരോപണമുയർന്നതോടെ ഗുണഭോക്തൃ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.