കേരളത്തിൽ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക
text_fieldsകരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കേരളത്തിൽ നിന്നുള്ള തീർഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നു. 10,565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വോട്ടയായ 5,274 സീറ്റിലേക്കാണ് നറുക്കെടുപ്പ് നടന്നത്. ഹജ്ജിന് 1609 പേർക്ക് നേരിട്ട് അവസരം ലഭിച്ചു. ബാക്കിയുള്ളവരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ കാത്തിരിപ്പ് പട്ടികയിലുൾപ്പെടുത്തി പിന്നീട് വരുന്ന ഒഴിവിലേക്ക് പരിഗണിക്കും. നറുക്കെടുപ്പിനു ശേഷം കവർഹെഡിന്‍റെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കും. കൂടാതെ, ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ പാസ്പോർട്ട് നമ്പർ നൽകിയാലും നറുക്കെടുപ്പ് വിവരം അറിയാം. കൂടുതൽ വിവരങ്ങൾക്ക്: 04832710717, 0483 2717572.
കൂടുതൽ സ്ത്രീകൾ
കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ കൂടുതൽ സ്ത്രീകൾ. തെരഞ്ഞെടുക്കപ്പെട്ട 5274ൽ 3486ഉം സ്ത്രീകളാണ്. 1788 പുരുഷന്മാരും നാല് കുട്ടികളും അവസരം ലഭിച്ചവരിൽ ഉൾപ്പെടും. മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ പേർക്ക് അവസരം ലഭിച്ചത്- 1735. മറ്റു ജില്ലകളിൽനിന്നുള്ള കണക്ക്: തിരുവനന്തപുരം -150, കൊല്ലം -141, പത്തനംതിട്ട -21, ആലപ്പുഴ -21, കോട്ടയം -45, ഇടുക്കി -34, എറണാകുളം -486, തൃശൂർ -271, പാലക്കാട് -295, കോഴിക്കോട് -1064, വയനാട് -116, കണ്ണൂർ -586, കാസർകോട് -261.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കവർ നമ്പറുകളും വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 500 പേരുടെ കവർ നമ്പറുകളും താഴെ ചേർക്കുന്നു.
ക്വോട്ടയിൽ പോലും അപേക്ഷകരില്ലാതെ മൂന്നു സംസ്ഥാനങ്ങൾ
കരിപ്പൂർ: കേരളത്തിൽ ഹജ്ജിന് അപേക്ഷിച്ചവർക്ക് അവസരം ലഭിക്കാതിരിക്കുമ്പോൾ അനുവദിച്ച ക്വോട്ടയിൽപോലും അപേക്ഷകരില്ലാതെ മൂന്നു സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ 9294 സീറ്റുകളാണ് അപേക്ഷകരില്ലാത്തതിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകിയത്. 2011ലെ സെൻസസ് അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലെയും മുസ്ലിം ജനസംഖ്യ അടിസ്ഥാനത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട നിശ്ചയിച്ചത്. ഇതുപ്രകാരം കൂടുതൽ ക്വോട്ട അനുവദിച്ച സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ എന്നിവ. യു.പിക്ക് അനുവദിച്ച ക്വോട്ട 12,450 ആണെങ്കിൽ അപേക്ഷകർ 8701 മാത്രമാണ്. ബംഗാളിൽ ഇത് യഥാക്രമം 7976ഉം 5911ഉം ബിഹാറിൽ 5680ഉം 2210ഉം ആണ്. യു.പി -3,749, ബംഗാൾ -2065, ബിഹാർ -3470 സീറ്റുകളാണ് അപേക്ഷകരില്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയത്. കൂടാതെ, ഹിമാചൽ പ്രദേശിൽ 10 സീറ്റുകളിൽ അപേക്ഷകരില്ല. ഇത്തരത്തിൽ ബാക്കി വന്ന സീറ്റുകളിൽ 3743 എണ്ണം കൂടുതൽ അപേക്ഷകരുള്ള വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചുനൽകി. ഇതിൽ കേരളത്തിനാണ് കൂടുതൽ ലഭിച്ചത്; 709 എണ്ണം. മഹാരാഷ്ട്രക്ക് 660 സീറ്റും ഗുജറാത്തിന് 631 സീറ്റും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.