പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; ക്ലര്‍ക്കിന് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ നിയമന പട്ടിക പുറത്തായ സംഭവത്തില്‍ എൽ.ഡി ക്ലർക്കിന് സസ്പെൻഷൻ. കോന്നി താലൂക്ക് ഓഫിസിലെ ക്ലര്‍ക്ക് യദുകൃഷ്ണനെ ജില്ല വരണാധികാരി കൂടിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണനാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെതുടർന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കലക്ടര്‍ക്ക് പരാതി നൽകിയിരുന്നു. ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുംചെയ്തു. തുടർന്ന് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട കലക്ടര്‍ കോന്നി മണ്ഡലം ഉപവരണാധികാരിയില്നിന്ന് റിപ്പോര്‍ട്ട് വാങ്ങിയ ശേഷമാണ് യദുകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്.
പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ പതിക്കുന്നതിന് പ്രിന്റ് ചെയ്യാന്‍ കൊടുത്ത വിവരങ്ങളാണ് പുറത്തായതെന്നാണ് യദുകൃഷ്ണന്റെ വിശദീകരണം. ഇതറിയാതെ ഓഫിസര്‍മാരുടെ ഗ്രൂപ്പിൽ എത്തിയതാണെന്നും പറയുന്നു. നടപടിയുണ്ടായതിന് പിന്നാലെ സമരം അവസാനിപ്പിച്ച് കോൺഗ്രസ് നേതാക്കൾ മടങ്ങി. ഉച്ചകഴിഞ്ഞ് കലക്ടറെ കണ്ട എൽ.ഡി.എഫ് നേതാക്കൾ ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പരാതി നല്കി.
ഔദ്യോഗിക ഗ്രൂപ്പിൽ വന്ന പട്ടിക പൊതുഗ്രൂപ്പുകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഔദ്യോഗികരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണന് അറിയിച്ചു. ഇതിനിടെ, തനിക്കെതിരെ കള്ളവോട്ട് ആരോപണം ഉന്നയിച്ച ആന്റോ ആന്റണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ജനീഷ് കുമാര്‍ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.