സാക്ഷരത മിഷൻ പരീക്ഷ: 150 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 104 കാരൻ ജെയിംസ് താരമായി
text_fieldsനേമം: സാക്ഷരത മിഷന്‍റെ 'പഠ്ന, ലിഖ്ന അഭിയാൻ' പദ്ധതി പ്രകാരം നടന്ന വാർഡുതല പരീക്ഷയിൽ 150 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 104 കാരൻ ജെയിംസ് താരമായി.
വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിൽ നെടുംകുഴി ജിത്തു ഭവനിൽ താമസിക്കുന്ന ജെയിംസ് മൂന്നുമാസംകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്. മൂന്നു മണിക്കൂർ നേരം ക്ഷമയോടെ ഇരുന്ന് കണ്ണട പോലും െവക്കാതെ ചോദ്യങ്ങൾ ഓരോന്നിനും കൃത്യമായ ഉത്തരമെഴുതി.
എഴുതാനുള്ള ചോദ്യങ്ങളും ടിക്ക് മാർക്ക് ചെയ്യേണ്ടതായ ചോദ്യങ്ങളും ഉണ്ടായിരുന്നു. നാലാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ജയിംസ്. പഞ്ചായത്തംഗം ബി. ചന്ദ്രബാബുവാണ് ഇദ്ദേഹത്തെ വാഹനത്തിൽ പരീക്ഷഹാളിൽ എത്തിച്ചതും തിരികെ കൊണ്ടുപോയതും. അൽപം കേൾവിക്കുറവുണ്ട് എന്നതല്ലാതെ മറ്റ് ശാരീരിക അസ്വസ്ഥതകളൊന്നും ജെയിംസിന് ഇല്ല. ഇനിയും കൂടുതൽ പഠിക്കണമെന്നാണ് ആഗ്രഹമെന്ന് പരീക്ഷഹാൾ വിട്ട് പുറത്തുവന്ന ജെയിംസ് ചെറുപുഞ്ചിരിയോടെ പറഞ്ഞു.
11 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 10 പേരും സ്ത്രീകളായിരുന്നു. ജെയിംസിന്‍റെ ഭാര്യ രാജമ്മ 2018 ലാണ് മരിച്ചത്. ദമ്പതികൾക്ക് നാല് പെൺമക്കളുണ്ട്. ചോദിച്ച ചോദ്യങ്ങൾക്ക് മുഴുവനും ഉത്തരമെഴുതി സംതൃപ്തിയോടെ പരീക്ഷഹാൾ വിട്ട ജെയിംസിനോട് പക്ഷേ, സഹ പരീക്ഷാർഥികൾക്ക് അസൂയയൊന്നുമില്ല. ജയിംസ് തങ്ങൾക്ക് പ്രചോദനമാണെന്നാണ് അവരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.