സാക്ഷരത മിഷനിലെ നടപടി: സ്ഥിരപ്പെടുത്തൽ തസ്തിക നിർണയിക്കാതെ; ഡയറക്ടറടക്കം ഉന്നതർ കുരുക്കിൽ
text_fieldsകോട്ടയം: സാക്ഷരത മിഷനിൽ 74 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് തസ്തിക നിർണയിക്കാതെ. നിയമനം ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിനും സാക്ഷരത മിഷൻ ഡയറക്ടറടക്കം ഉന്നതർക്കും തിരിച്ചടിയായി. ജില്ല പ്രോജക്ട് കോഓഡിനേറ്റർ, അസി. കോഓഡിനേറ്റർ തുടങ്ങി സാങ്കൽപിക തസ്തികകളിൽ പ്രവർത്തിച്ചിരുന്നവരെ മാനദണ്ഡം ലംഘിച്ച് സ്ഥിരപ്പെടുത്തിയതും പ്രതിസന്ധി സൃഷ്ടിച്ചു. സാക്ഷരത മിഷനുണ്ടായ അധികച്ചെലവ് 10 കോടിയും.
കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് ചട്ടം ബാധകമല്ലാത്ത ഇവിടെ നടന്ന നിയമനങ്ങളധികവും അതത് കാലത്തെ രാഷ്ട്രീയ നേതൃത്വത്തിെൻറ ഇഷ്ടാനുസരണമായിരുന്നു. പ്രോജക്ട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നതിനാൽ സ്ഥിരം സ്വഭാവവും സ്ഥാപനത്തിനില്ല. എന്നാൽ, 10 വർഷം പൂർത്തിയാക്കിയെന്ന മാനദണ്ഡമനുസരിച്ച് 13 ജില്ല പ്രോജക്ട് കോഓഡിനേറ്റർമാരെയും 17 അസി. കോഓഡിനേറ്റർമാരെയും അടക്കം 74 താൽക്കാലിക ജീവനക്കാരെയാണ് 2021 ഫെബ്രുവരി 15ന് സ്ഥിരപ്പെടുത്തിയത്. ജില്ല കോഓഡിനേറ്റർമാർക്ക് സീനിയർ ഹൈസ്കൂൾ അധ്യാപകരുടെ സ്കെയിലും അസി. കോഓഡിനേറ്റർമാർക്ക് ജൂനിയർ ഹൈസ്കൂൾ അധ്യാപകരുടെ സ്കെയിലും അനുവദിച്ചായിരുന്നു സ്ഥിരപ്പെടുത്തൽ.
നിയമനം ലഭിച്ചവരെല്ലാം ഇടതുപക്ഷ പ്രവർത്തകരാണ്. സാക്ഷരത മിഷനിൽ ജില്ല പ്രോജക്ട് കോഓഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് ജില്ല പഞ്ചായത്ത് സെക്രട്ടറിമാരാണ്. ജില്ലകളിലെ സാമ്പത്തികവും ഭരണപരവുമായ ചുമതല ജില്ല കോഓഡിനേറ്റർമാരായി പ്രവർത്തിക്കുന്ന ഇവർക്കാണ്. സാക്ഷരത മിഷൻ പദ്ധതികളുടെ പഞ്ചായത്ത്തല കോഓഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് പ്രേരക്മാരാണ്. ബ്ലോക്ക്തല കോഓഡിനേറ്റർമാരായി നോഡൽ പ്രേരക്മാരും.
ജില്ലതല ഏകോപനം നടത്തുന്ന ജീവനക്കാരുടെ തസ്തിക വരേണ്ടിയിരുന്നത് ജില്ല പ്രേരക്, ജില്ല അസി. പ്രേരക് എന്നിങ്ങനെയായിരുന്നു. പകരം അധികവേതനം നൽകാൻ ജില്ല പ്രോജക്ട് കോഓഡിനേറ്റർ, അസി. കോഓഡിനേറ്റർ എന്നിങ്ങനെ സാങ്കൽപിക തസ്തിക സൃഷ്ടിച്ചു. പ്രേരക്മാർക്ക് 12,000, നോഡൽ പ്രേരക്മാർക്ക് 15,000 എന്നിങ്ങനെയാണ് നൽകിവരുന്ന വേതനം. ഹൈസ്കൂൾ അധ്യാപക സ്കെയിൽ അനുവദിച്ച് സ്ഥിരപ്പെടുത്തിയവർ അധ്യാപനത്തിെൻറ ഒരുതലത്തിലും പ്രവർത്തിക്കാത്തവരുമാണ്. പിന്നീട് ഇവർക്ക് സീനിയർ ഹയർ സെക്കൻഡറി ടീച്ചറുടെ കാറ്റഗറി-11, ജൂനിയർ ഹയർ സെക്കൻഡറി ടീച്ചറുടെ കാറ്റഗറി-10 എന്നിങ്ങനെ ഉൾപ്പെടുത്തി ഉയർന്ന വേതനം അനുവദിച്ചതും ഗുരുതര ചട്ടലംഘനമാണെന്ന് തെളിഞ്ഞു.
ജീവനക്കാർക്ക് അധികമായി അനുവദിക്കുന്ന വേതനത്തിെൻറ ബാധ്യത മേലുദ്യോഗസ്ഥരുടേതാണെന്ന് 2016 ഫെബ്രുവരിയിൽ സർക്കാർ ഉത്തരവും ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.