സാഹിത്യത്തോട് സിനിമ നീതി ചെയ്തുവോ?
text_fieldsതിരൂര്‍: സിനിമയുടെ നിലനില്‍പിന് സാഹിത്യം അനിവാര്യതയാണോ...? സാഹിത്യത്തോട് സിനിമ എത്രമേല്‍ നീതിപുലര്‍ത്തി...? തുഞ്ചന്‍പറമ്പില്‍ അരങ്ങേറിയ മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ സമാപനദിവസം ‘പൊന്നാനിക്കളരി’ വേദിയില്‍ ‘സിനിമയും സാഹിത്യവും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച സാഹിത്യവും സിനിമയും തമ്മിലെ ബന്ധത്തെക്കുറിച്ച വീണ്ടുവിചാരമായി.സാഹിത്യത്തെ സിനിമ വെറും ഉപഭോഗവസ്തുവായി മാത്രം കാണുന്നതായി നോവലിസ്റ്റും സംവിധായകനുമായ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മലയാള സാഹിത്യം സിനിമയെ കല്യാണം കഴിച്ചിട്ട് കുറച്ചുകാലമായി.
പക്ഷേ, സിനിമയെന്ന ഭര്‍ത്താവ് സാഹിത്യമെന്ന ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയാണ്. സിനിമാരംഗത്തും ഇതുതന്നെയാണവസ്ഥ. നായകന് കോടികള്‍ പ്രതിഫലം ലഭിക്കുമ്പോള്‍ വലിയ നടിമാര്‍ക്കുപോലും ലക്ഷങ്ങള്‍ തികച്ച് കിട്ടില്ല. ലോകത്ത് മറ്റെവിടെയും ഇങ്ങനെയല്ല. നടി നടുറോഡില്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്താണ് അതിന് പോംവഴി എന്നു കണ്ടുപിടിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നു. അത്രമേല്‍ പുരുഷാധിപത്യമുള്ള സമൂഹമാണ് നമ്മുടേത്. സിനിമയും സാഹിത്യവുമായുള്ള ബന്ധത്തിലും ഇതേ അവസ്ഥ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.സാഹിത്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയല്ലാതെ സിനിമ അതേപടി ആവിഷ്കരിക്കുന്നില്ളെന്ന് ചര്‍ച്ചയുടെ മോഡറേറ്റര്‍ കഥാകൃത്തും തിരക്കഥാകാരനുമായ ശത്രുഘ്നന്‍ പറഞ്ഞു.
സിനിമ സ്വയംപൂര്‍ണമായ കലയാണെന്നും അതിന് സിനിമയുടെ സാഹിത്യം മാത്രമേ ആവശ്യമുള്ളൂവെന്നുമായിരുന്നു കവിയും പ്രഭാഷകനും തിരക്കഥാകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍െറ പക്ഷം. മാനുഷികതയുടെ ചെറുത്തുനില്‍പുകള്‍ സാഹിത്യത്തെക്കാള്‍ സിനിമയിലാണുണ്ടായതെന്നും എന്നാല്‍, സിനിമയില്‍ സാഹിത്യത്തിന്‍െറ ഇടം ചുരുങ്ങുന്നത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയുടെ തുടക്കത്തില്‍ സാഹിത്യവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ളെന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്‍. നിശ്ശബ്ദമായിരുന്ന കാലത്ത് സിനിമക്ക് സാര്‍വലൗകിക ഭാവമുണ്ടായിരുന്നു. എന്നാല്‍, ശബ്ദിച്ചുതുടങ്ങിയപ്പോള്‍ സിനിമയിലേക്ക് സാഹിത്യം കടന്നുവന്നു. സിനിമ സാഹിത്യത്തില്‍ സാധ്യതകള്‍ കണ്ടത്തെുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സാഹിത്യമാണ് എല്ലാ കലകളുടെയും മാതാവെന്നും സിനിമക്കും അത് ബാധകമാണെന്നും കഥാകാരന്‍ കെ.പി. രാമനുണ്ണി. നോവലും സിനിമയും അടുത്തുനില്‍ക്കുമ്പോഴും പൂര്‍ണമായി സിനിമയിലേക്ക് നോവലിനെ കൊണ്ടുവരാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.സിനിമ സംവിധായകന്‍െറ കലയാണെന്നും സാഹിത്യത്തില്‍നിന്ന് മോചിതമാകുമ്പോഴാണ് സംവിധായകന് സ്വാതന്ത്ര്യം കൈവരുന്നതെന്നും എഴുത്തുകാരനും തിരക്കഥാകാരനുമായ കെ.വി. മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു. മൂലകൃതിയോട് നീതി പുലര്‍ത്തിയില്ല എന്നത് എഴുത്തുകാരുടെ എക്കാലത്തെയും പരാതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള കാലം സാഹിത്യത്തിന്‍േറതല്ളെന്നും സിനിമയുടെതാണെന്നുമുള്ള വേറിട്ട നിലപാടായിരുന്നു നടനും സംവിധായകനുമായ ജോയി മാത്യുവിന്‍േറത്. ജീവിതം മൊത്തത്തില്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്നു. വി.കെ.എന്നിന്‍െറ നര്‍മത്തെപോലും അതിശയിക്കുന്ന വിധം സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന പയ്യന്മാരുള്ള കാലത്ത് സാഹിത്യം കാലത്തിനനുസരിച്ച് മാറിയില്ളെങ്കില്‍ നിലനില്‍പ് അവതാളത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തോട് വിച്ഛേദം പ്രഖ്യാപിച്ച സിനിമയും സിനിമക്കാരും വിമര്‍ശനത്തെ നേരിടാന്‍ തയാറാകുന്നില്ളെന്ന് ചലച്ചിത്ര നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ വ്യക്തമാക്കി. സിനിമയും സാഹിത്യവുമായുള്ള ബന്ധം ചരിത്രപരമായി രൂപപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്തവര്‍ക്ക് മാധ്യമത്തിന്‍െറ ഉപഹാരം ഗള്‍ഫ് മാധ്യമം റസിഡന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദും ചീഫ് റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ രാവണേശ്വരവും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.