കാലത്തിനു നേർക്കു തിരിച്ചുപിടിച്ച മനസായിരുന്നു എം.ടിക്ക് സാഹിത്യലോകം- മുഖ്യമന്ത്രി
text_fieldsതിരുവനന്തപരം: കാലത്തിനു നേർക്കു തിരിച്ചുപിടിച്ച മനസായിരുന്നു എം.ടിക്ക് സാഹിത്യലോകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായരുന്നു മുഖ്യമന്ത്രി. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ്.
ചതിയൻ ചന്തു എന്ന ഒരാൾ ഇന്നു മലയാള മനസ്സിൽ ഇല്ലാതായത് അദ്ദേഹത്തിന്റെ വടക്കൻ വീരഗാഥ ഉണ്ടായതുകൊണ്ടാണ്. ചന്തു ചതിയനല്ലെന്നും ചതിക്കപ്പെട്ടവനാണെന്നും എം ടി പറഞ്ഞുവെച്ചപ്പോൾ കാലങ്ങളായി നിലനിന്ന ഒരു ചെളി ചന്തുവിൽ നിന്നു മാറ്റപ്പെടുകയായിരുന്നു. അത്ര ശക്തവും സർഗാത്മകവുമായിരുന്നു ആ എഴുത്ത്.
സർവശക്തനായി കരുതപ്പെടുന്ന ഭീമൻ രണ്ടാമൂഴക്കാരനായി എന്നും മാറ്റിനിർത്തപ്പെട്ടവനാണെന്ന കാര്യം എം ടി രണ്ടാമൂഴത്തിലൂടെ ഓർമ്മിപ്പിച്ചപ്പോൾ മാത്രമാണു നാം തന്നെ ഓർത്തത്. എത്ര മൗലികമാണ് ആ സങ്കല്പം! മഞ്ഞ്, കാലം തുടങ്ങിയ കൃതികളാകട്ടെ, മലയാളിക്ക് ഒരിക്കലും മനസ്സിൽ നന്നു മാറ്റിനിർത്താൻ ആവാത്തവയാണ്. അങ്ങനെ എത്രയെത്ര കൃതികൾ.
സാഹിത്യകൃതികൾ കൊണ്ടുമാത്രമല്ല, മനുഷ്യസ്‌നേഹപരമായ നിലപാടുകൾ കൊണ്ടുകൂടിയാണ് എം.ടി മലയാള മനസ്സിൽ പതിഞ്ഞുനിൽക്കുന്നത്. തുഞ്ചൻ പറമ്പിനെ വർഗീയ ദുസ്വാധീനങ്ങൾക്കായി തുറന്നുകൊടുക്കാൻ എത്ര വലിയ സമ്മർദമാണ് ഒരു ഘട്ടത്തിൽ എം.ടിക്കുമേൽ ഉണ്ടായത്. ആ ജീവനു ഭീഷണി പോലുമുണ്ടായി. എന്നാൽ, എം.ടി തരിമ്പും വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചൻ പറമ്പിന്റെ ജീവനാക്കി നിലനിർത്തി. മതേതര കേരളം എന്നും അതിന് എം.ടിയോടു നന്ദിയുള്ളതായിരിക്കും.
സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം.ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ സ്വഭാവം തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായി മാറിയപ്പോൾ തനിക്ക് പറയാനുള്ള ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു. 'ഇന്നാണെങ്കിൽ നിർമാല്യം പോലെ ഒരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല' എന്നൊരിക്കൽ അദ്ദേഹം നടത്തിയ പ്രസ്താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു.
മലയാളം ലോകസാഹിത്യത്തിനു നൽകിയ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് എം ടി. ഏതെങ്കിലും ഒരു കള്ളിയിൽ ഒതുങ്ങിനിൽക്കുന്നതല്ല എം ടിയുടെ പ്രതിഭ. പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിൽ തനതായ മുദ്ര പതിപ്പിച്ചു.
സാഹിത്യമോ സിനിമയോ പത്രപ്രവർത്തനമോ ഏതു രംഗവുമാകട്ടെ അവിടെയെല്ലാം തിളങ്ങുന്ന മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എം ടി ഒരു പാഠപുസ്തകമാണ്. ആ ജീവിതത്തിലെ ഓരോ ഏടും ഓരോ ഇഴയും വേറിട്ടു പരിശോധിക്കുന്നത് സാഹിത്യ പഠിതാക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽ നിന്നും നമുക്കു പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് 'കാഥികന്റെ പണിപ്പുര'.
മലയാള സാഹിത്യത്തിന്റെ തേജോമയമായ മുഖം മറ്റ് ഇന്ത്യൻ ഭാഷകൾ ദർശിക്കുന്നത് എം ടിയിലൂടെയാണെന്നതും നമുക്കറിയാം. ജി ശങ്കരക്കുറുപ്പിനെയും തകഴിയെയും ബഷീറിനെയും പൊറ്റെക്കാട്ടിനെയും ഒ എൻ വിയെയും അക്കിത്തത്തെയും പോലെ ഇന്ത്യൻ എഴുത്തുകാരൻ എന്ന പദവിയിലാണ് എം ടിയുടെ നില. എം ടിയുടെ സാംസ്‌കാരിക സംഭാവനകളെ കേരളം എന്നും നന്ദിപൂർവ്വം ഓർക്കും. മലയാളഭാഷ ഉള്ളിടത്തോളം എം ടി ഓർമ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.