മാലിന്യം തള്ളൽ: കൊച്ചിയിൽ അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
text_fieldsകൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, എറണാകുളം ടൗൺ നോർത്ത്, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ചെല്ലാനം ചാളക്കടവ് ബസ്റ്റോപ്പിന് സമീപം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് ചാളക്കടവ് ചെട്ടിവേലിക്കകത്ത് വീട്ടിൽ ജോസി(70)യെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കലൂർ ഫാസ്റ്റ് ഫുഡ് ആൻഡ് ടീ ഷോപ്പ് എന്ന കടയിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് തൃശ്ശൂർ പുന്നയൂർക്കുളം കിടങ്ങത്തയിൽ വീട്ടിൽ നജീമുദ്ദീൻ (45), കലൂർ ജഡ്ജസ് അവന്യൂ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മറൈൻ കഫെ എന്ന കടയിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് തൃശൂർ കാക്കുളശ്ശേരി പള്ളിപ്പാടൻ വീട്ടിൽ പി.പി സേവ്യർ (47) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കെ.എൽ.07.ബി.സി 7266 നമ്പർ മോട്ടോർ കാറിൽ എത്തി ഇടപ്പളളി വൈറ്റില ബൈപ്പാസിൽ ചളിക്കവട്ടം ഭാഗത്ത് സർവീസ് റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പാലാരിവട്ടം വെളിയിൽ വീട്ടിൽ ബിജു സേവ്യർ (47), കെ.എൽ.07.സി.എച്ച്.3099 നമ്പർ സ്കൂട്ടറിൽ എത്തി കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷന് പുറകുവശം പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം പുത്തൻപുരപറമ്പ് വീട്ടിൽ പി.എസ് റിയാസ് (30) എന്നിവരെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.