പൊതുവിടങ്ങളിലെ മാലിന്യനിക്ഷേപം; സ്കൂൾതല ബോധവത്കരണം സംഘടിപ്പിക്കണം -ഹൈകോടതി
text_fieldsകൊച്ചി: പൊതുവിടങ്ങളിലെ മാലിന്യനിക്ഷേപം തടയാൻ സ്കൂൾതലം മുതൽ ബോധവത്കരണം സംഘടിപ്പിക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ ജൂൺ 14നുമുമ്പ് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി.
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലും മറ്റ് ജില്ല കേന്ദ്രങ്ങളിലുമുള്ള മാലിന്യനിർമാർജന സൗകര്യങ്ങൾ സംബന്ധിച്ചും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരണം തേടി. ഈ മാലിന്യം എങ്ങനെ നീക്കുമെന്ന് അറിയിക്കാനും സർക്കാറിനോട് നിർദേശിച്ചു. കഴിഞ്ഞവർഷം എറണാകുളം ബ്രഹ്മപുരത്ത് മാലിന്യമലക്ക് തീ പിടിച്ചതിനെത്തുടർന്ന് ഹൈകോടതി സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്.
ബ്രഹ്മപുരത്തെ മാലിന്യത്തിന്റെ ബയോ മൈനിങ് കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് കൊച്ചി കോർപറേഷൻ അറിയിച്ചു. നാല് ടൺ മാലിന്യം ഇതിനകം വേർതിരിച്ചു. 2.72 ടൺ മാലിന്യത്തിന്റെ ബയോ മൈനിങ് നടക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്താകെ 36,000 കലക്ഷൻ ബൂത്തുകൾ സ്ഥാപിച്ചതായും സർക്കാർ അറിയിച്ചു.
നടപടിയിൽ സർക്കാറിനെ അഭിനന്ദിച്ച കോടതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ കലക്ഷൻ ബൂത്തുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചു. കൊച്ചിയിലെ തേവര -പേരണ്ടൂർ കനാൽ തീരത്തെ മാലിന്യം നീക്കാൻ സ്വീകരിച്ച നടപടികളും കനാലുകൾ വൃത്തിയാക്കാൻ കൊച്ചി കോർപറേഷൻ സ്വീകരിച്ച നടപടികളും അറിയിക്കണം. റോഡിലെ കാനകളിൽനിന്ന് നീക്കിയ ചെളി റോഡരികിൽനിന്ന് നീക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കൊച്ചി കോർപറേഷനോട് കോടതി നിർദേശിച്ചു.
സ്കൂൾതല ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയതായി സർക്കാർ അറിയിച്ചു. ഈ അക്കാദമിക് വർഷം മുതൽ ബോധവത്കരണ പരിപാടി സ്കൂൾ തലത്തിൽ തുടങ്ങുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.