കുഞ്ഞുവരകളിൽ കേരളത്തിെൻറ സ്വന്തം മുഖങ്ങൾ...
text_fieldsതിരുവനന്തപുരം: ബുധനാഴ്ച നിയമസഭ ലോഞ്ചിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം കാണാനെത്തിയ എം.എൽ.എമാർ ആദ്യം തിരഞ്ഞത് സ്വന്തം മുഖമായിരുന്നു. കൺമുന്നിലെ കാൻവാസിൽ സ്വന്തം മുഖചിത്രം തിരിച്ചറിഞ്ഞ സാമാജികർ ആ കൊച്ചുമിടുക്കിയുടെ കലാസൃഷ്ടി ആവോളം ആസ്വദിച്ചു.
മലയാളക്കര തെരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച 140 എം.എൽ.എമാരെയും അതേപടി വരച്ചത് രാജക്കാട് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി റോസ് മേരി സെബാസ്റ്റ്യനായിരുന്നു. എല്ലാവരുടെയും പുഞ്ചിരിക്കുന്ന മുഖഭാവമാണ് ഈ കൊച്ചുമിടുക്കി വരച്ചത്. ഒന്നാം ക്ലാസ് മുതൽ ചിത്രരചന തുടങ്ങിയ റോസ് മേരി 20 ദിവസം കൊണ്ടാണ് 140 എം.എൽ.എമാരെയും ക്യാൻവാസിൽ പകർത്തിയത്.
ഒരാളെ വരച്ച് പൂർത്തിയാക്കാൻ ചുരുങ്ങിയത് അരമണിക്കൂർ വേണം. എന്നാൽ, ചില മുഖങ്ങൾക്ക് ഒരു മണിക്കൂർവരെ വേണ്ടിവന്നെന്ന് റോസ് മേരി പറയുന്നു. ഇവരിൽ എത്രപേരെ നേരിൽ കണ്ടിട്ടുണ്ടെന്ന് റോസ് മേരിക്ക് നിശ്ചയമില്ല. ചിലരെ ടി.വിയിൽ കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ കണ്ടത് ആരെയെന്ന ചോദ്യത്തിന് റോസ് മേരിക്ക് ഒറ്റ ഉത്തരമേയുള്ളൂ. ഇടുക്കിയുടെ സ്വന്തം മണിയാശാൻ ....! പ്രദർശനം കാണാൻ ആദ്യമെത്തിയ മന്ത്രിയും എം.എം. മണി തന്നെ. തെൻറ ചിത്രം പലവട്ടം നോക്കിയും കുഞ്ഞുചിത്രകാരിയെ അനുമോദിച്ചും ഏറെനേരം ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. പ്രദർശനം കാണാനെത്തിയ സാമാജികരെല്ലാം കൊച്ചുമിടുക്കിയുടെ പ്രതിഭയെ ആവോളം പ്രകീർത്തിച്ചശേഷമാണ് മടങ്ങിയത്. ഈ ചെറുപ്രായത്തിനുള്ളിൽ 3500ഒാളം ചിത്രങ്ങൾ വരച്ച റോസ് മേരി പല മത്സരത്തിലും സംസ്ഥാനതലംവരെ മത്സരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കി.
രാജക്കാട്, പൊന്മുടി, അമ്പഴത്തിനാൽ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫിെൻറയും ഷേർലിയുടെയും മകളാണ് റോസ് മേരി. പ്ലസ് ടു വിദ്യാർഥി കിരൺ സെബാസ്റ്റ്യനാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.