കാൽനൂറ്റാണ്ടിലേക്ക് അടുക്കുമ്പോഴും പരിഹാരമാകാതെ കുർബാന പ്രശ്നം
text_fieldsകൊച്ചി: കത്തോലിക്ക സഭയിൽ പരിഷ്കരിച്ച കുർബാനക്രമത്തെ ചൊല്ലിയുടലെടുത്ത തർക്കം കാൽനൂറ്റാണ്ടിലേക്ക് അടുക്കുമ്പോഴും പരിഹാരമാകാതെ ഉഴലുന്നു. കഴിഞ്ഞയാഴ്ച സമാപിച്ച സഭ സിനഡിലെ അനുരഞ്ജനചർച്ചയിലും പ്രശ്നം പരിഹരിക്കപ്പെടാതായതോടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികൾ ഞായറാഴ്ചകൾ കലാപകലുഷിതമാകുന്ന നിലയിലെത്തി.
ഞായറാഴ്ച സിനഡ് കുർബാന നടത്താനും കർദിനാൾ ആലഞ്ചേരിയുടെ സർക്കുലർ വായിക്കാനുമുള്ള സഭാനേതൃത്വത്തിന്‍റെ ശ്രമം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. അതിരൂപതയിലെ 450 ദേവാലയങ്ങളിൽ സർക്കുലർ വായിക്കാൻ നൽകിയ നിർദേശം അംഗീകരിച്ചത് നാലു ദേവാലയത്തിൽ മാത്രമാണ്. പരിഷ്കരിച്ച കുർബാന ക്രമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സഭയും ജനാഭിമുഖ കുർബാന മാത്രമേ നടപ്പാക്കൂ എന്ന നിലപാടിൽ അതിരൂപതയിലെ വൈദികരും ഉറച്ചുനിൽക്കാൻ തീരുമാനിച്ചതോടെ തർക്കം പരിഹരിക്കപ്പെടില്ലെന്ന സ്ഥിതിയിലായിരിക്കുകയാണ്.
സഭ 24 വർഷം മുമ്പ് എടുത്ത തീരുമാനമാണ് ഇപ്പോഴും പൂർണമായി നടപ്പാക്കാൻ സാധിക്കാത്തത്. കഴിഞ്ഞ ദിവസം സമാപിച്ച സഭാ സിനഡിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതിനായി മൂന്നു ദിവസം നീളുന്ന അനുരഞ്ജനചർച്ചയും നടന്നു. ഒരു ദിവസം എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ സിനഡ് കുർബാന അനുവദിച്ചാൽ തുടർന്നുള്ള ദിവസങ്ങളിൽ ജനാഭിമുഖ കുർബാന നിയമപരമാക്കാമെന്നുപോലും അനുരഞ്ജനചർച്ചയിൽ നിർദേശം വന്നെങ്കിലും അൽമായരോ ഇടവക വൈദികരോ സമ്മതിച്ചില്ലെന്നാണ് അറിയുന്നത്.
1999ലെ സിനഡിലാണ് കുർബാന പരിഷ്കരണം തീരുമാനിച്ചത്. സഭയിലെ ഒട്ടുമിക്ക അതിരൂപതകളും അത് അംഗീകരിക്കാൻ തയാറായെങ്കിലും എറണാകുളം-അങ്കമാലി അതിരൂപത സമ്മതിച്ചില്ല. തുടർന്നുള്ള സിനഡ് സമ്മേളനങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പരിഷ്കരണം നടപ്പായില്ല. 2021 ആഗസ്റ്റിൽ നടന്ന സിനഡിലും പരിഷ്കരണം നടപ്പാക്കാൻ സിനഡ് തീരുമാനം എടുത്തിരുന്നു. 2021 ജൂലൈയിലും ’22 മാർച്ചിലും ഫ്രാൻസിസ് മാർപാപ്പ കത്ത് മുഖേന ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
അന്തിമതീരുമാനം എടുക്കാൻ അധികാരമുള്ള സിനഡും മാർപാപ്പയും നിശ്ചയിച്ച നിയമത്തിനു വിരുദ്ധമായി തീരുമാനിക്കാൻ ആർക്കും അവകാശമില്ലെന്നാണ് കഴിഞ്ഞ ആഴ്ച സമാപിച്ച സഭ സിനഡും വ്യക്തമാക്കിയത്. സിനഡിനുശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്നലെ കടന്നുപോയത്. സിനഡ് തീരുമാനപ്രകാരമുള്ള കർദിനാൾ ആലഞ്ചേരിയുടെ സർക്കുലറാണ് വായിക്കാൻ ഞായറാഴ്ച ശ്രമിച്ചതും പരാജയപ്പെട്ടതും. പലയിടത്തും അത് പ്രതിഷേധമായും പ്രകടനമായും രൂപപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.