കമ്യൂണിസ്റ്റായി ജീവിച്ചു, മരിക്കുന്നതും കമ്യൂണിസ്റ്റായിട്ടായിരിക്കും -കെ.കെ. രമ
text_fieldsകോഴിക്കോട്: യു.ഡി.എഫിന്റെ പിന്തുണയോടെ എം.എൽ.എയായെങ്കിലും ആർ.എം.പി.ഐ ഒരിക്കലും മുന്നണിയിൽ സഖ്യകക്ഷിയാകില്ലെന്ന് കെ.കെ. രമ എം.എൽ.എ. ആർ.എം.പി.ഐ മുന്നോട്ടുവെക്കുന്നത് ഇടതു ബദൽ രാഷ്ട്രീയമാണ്. ദലിത് ക്ഷേമമാണ് മുഖ്യം. ഇടതു ബദൽ സാധ്യമാണെന്ന് ഉറച്ചു വിശ്വസിച്ചയാളായിരുന്നു ടി.പിയെന്നും രമ പറഞ്ഞു.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണ സ്വീകരിച്ചത്, മുന്നോട്ടു വരാൻ പിന്തുണ ആവശ്യമുള്ളതുകൊണ്ടാണ്. ഞങ്ങളുടെ രാഷ്ട്രീയം നടപ്പാക്കുന്നതിന് പിന്തുണ വേണം. ഞങ്ങളെ പിന്തുണച്ചതിന് കോൺഗ്രസിന് അവരുടെതായ ലക്ഷ്യങ്ങളുണ്ടാകും. എന്നാൽ പിന്തുണ വളരെ പ്രധാനമാണ്. പലരും ഇതിനെ അവസരവാദമായാണ് കാണുന്നതെന്നും കെ.കെ. രമ വ്യക്തമാക്കി.
യു.ഡി.എഫിനെ ജനാധിപത്യ മതേതര മുന്നണിയായാണ് ഞാൻ കാണുന്നത്. എന്നാൽ യു.ഡി.എഫ് എന്തെങ്കിലും തെറ്റായ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ ഞങ്ങൾ എതിർക്കും.
ഞാൻ കമ്മ്യൂണിസ്റ്റായാണ് ജീവിച്ചത്. മരിക്കുന്നതും കമ്മ്യൂണിസ്റ്റ് ആയിട്ടായിരിക്കും. ഒരിക്കലും യു.ഡി.എഫിന്റെ ഭാഗമാകില്ല. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആർ.എം.പി.ഐ മന്ത്രി ഉണ്ടായിരിക്കില്ല.
സഭയിൽ യു.ഡി.എഫ് എൽ.ഡി.എഫിനെ എതിർക്കുമ്പോൾ അവരത് കാര്യമായി എടുക്കുന്നില്ല. കാരണം എൽ.ഡി.എഫ് ചെയ്യുന്ന അതേ തെറ്റ് യു.ഡി.എഫും ചെയ്യുമെന്ന് അവർക്കറിയാം. എന്നാൽ എനിക്ക് അത്തരം പ്രശ്നങ്ങളില്ല. ആർ.എം.പി.ഐക്ക് ക്ലീൻ ട്രാക്ക് റെക്കോർഡാണുള്ളത്.
നിയമസഭയിൽ തുടക്കകാലത്ത് ഒറ്റപ്പെടൽ അനുഭവപ്പെട്ടിരുന്നു. എൽ.ഡി.എഫിന്റെ വനിതാ എം.എൽ.എമാർ സംസാരിക്കാൻ ഭയന്ന് എന്നെ അവഗണിക്കാറായിരുന്നു. ഇപ്പോൾ ആ പ്രശ്നമില്ല. എല്ലാവരുമായി നല്ല സൗഹൃദമാണ്.
യു.ഡി.എഫിൽ വനിതാ എം.എൽ.എമാർ വളരെയധികം കുറവാണ്. അത് കഴിവുള്ള സ്ത്രീകൾ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് യു.ഡി.എഫിലെ പാർട്ടികൾ സ്ത്രീകൾക്ക് അവസരം നൽകാത്തതിനാലാണ്. എൽ.ഡി.എഫിനെ അപേക്ഷിച്ച് യു.ഡി.എഫിൽ പുരുഷാധിപത്യം കൂടുതലാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിലാണ് രമ മനസു തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.