കരൾ മാറ്റിവെക്കപ്പെട്ടവർ കാത്തിരിക്കുന്നു, മുഖ്യമന്ത്രിയുടെ കനിവിനായി
text_fieldsകൊച്ചി: സംസ്ഥാനത്തുടനീളം സാന്ത്വന സ്പർശം അദാലത്തുകളിലൂടെ നിരവധി ജീവിതങ്ങളിലേക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുമ്പോഴും സർക്കാറിെൻറ സാന്ത്വനമെത്താത്ത ഒരുകൂട്ടമാളുകൾ ഇവിടെയുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ നടത്തി, വിലയേറിയ മരുന്നുകൾകൊണ്ടുമാത്രം ജീവൻ നിലനിർത്തുന്ന നൂറുകണക്കിനാളുകൾ. അനാരോഗ്യംമൂലം സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുക്കാനോ ആവലാതികൾ ബോധിപ്പിക്കാനോ കഴിയാത്തതിെൻറ നിരാശയിലാണ് ഇവർ.
ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന കരൾമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ഗുരുതര കരൾ രോഗികളിൽ ഏറെപ്പേരും ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലൊന്നും ഇതിന് സംവിധാനമില്ലെന്ന് ശസ്ത്രക്രിയ കഴിഞ്ഞവരുടെയും ദാതാക്കളുടെയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സെക്രട്ടറി എം. രാജേഷ് കുമാർ പറഞ്ഞു.
ഉള്ളതെല്ലാം വിറ്റുെപറുക്കിയും സുമനസ്സുകളുടെ സാമ്പത്തിക സഹായങ്ങളിലൂടെയുമാണ് ഭീമമായ തുക കണ്ടെത്തുന്നത്. തുടർന്ന്, ജീവിതകാലം മുഴുവൻ മരുന്നും ചികിത്സയുമായി കഴിയേണ്ടിവരും. പ്രതിമാസം 25,000 രൂപ വരെ മരുന്നിന് മാത്രം ചെലവഴിക്കുന്നവരുണ്ട്. രണ്ടോ മൂന്നോ മാസത്തിനിടെ നടക്കുന്ന പരിശോധനകളും മറ്റും വേറെ വരും. അധ്വാനമേറിയ ജോലികളൊന്നും ചെയ്യാനാവാത്തതുകൊണ്ട് ചെറിയ കടകളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനമാണ് പലരെയും മുന്നോട്ട് നയിക്കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സാമൂഹികക്ഷേമ വകുപ്പിൽനിന്ന് പ്രതിമാസം അനുവദിച്ചിരുന്ന 1000 രൂപ സമാശ്വാസ െപൻഷനും പലർക്കും കിട്ടുന്നില്ല. ശസ്ത്രക്രിയക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം കിട്ടിയവരും കുറവ്.
ഇത്തരത്തിൽ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്നവർക്ക് തങ്ങളുടെ പരാതികൾ അറിയിക്കാനുള്ള അവസരമായിട്ടും അദാലത്തിൽ പങ്കെടുക്കാനാവാതിരുന്നത് അണുബാധയും മറ്റും ഉണ്ടാവാനുള്ള സാധ്യത ഏറെയുള്ളതുകൊണ്ടാണ്. ജില്ലതലങ്ങളിൽ പ്രത്യേക അദാലത് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.