യു.ഡി.എഫിലായിരിക്കെ ഏഴ് സീറ്റ്, ഇപ്പോൾ മൂന്ന്; സി.പി.എമ്മിനെതിരെ എൽ.ജെ.ഡി
text_fieldsആലപ്പുഴ: എൽ.ഡി.എഫിൽ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയായിരിക്കെ അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതിയുമായി ലോക്താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) രംഗത്ത്. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ എന്നീ മൂന്ന് സീറ്റ് മാത്രമാണ് പാർട്ടിക്ക് അനുവദിച്ചത്. യു.ഡി.എഫിലായിരിക്കെ ഏഴ് സീറ്റിലാണ് മത്സരിച്ചത്. പാർലമെൻറിലേക്കും തദ്ദേശ തെരഞ്ഞെടുപ്പിലും തഴയപ്പെട്ടപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണനയാണ് സി.പി.എം വാഗ്ദാനം ചെയ്തത്. അതാണ് തെറ്റിച്ചിരിക്കുന്നത്.
എൽ.ഡി.എഫിലെ മൂന്നാമത്തെയും മലബാറിൽ സി.പി.എം കഴിഞ്ഞാൽ മുന്നണിയിൽ വലിയ പാർട്ടിയും എൽ.ജെ.ഡിയാണ്. എന്നാൽ, ഒൻപത് ജില്ലകളിൽ പാർട്ടിക്ക് പ്രാതിനിധ്യമുണ്ടാകില്ലെന്നതാണ് സീറ്റുവിഭജനം കഴിഞ്ഞപ്പോഴത്തെ സ്ഥിതി. നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് സംസ്ഥാന ജന.സെക്രട്ടറി ഷേക്ക്.പി ഹാരിസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ഒാരോ സീറ്റിന് കൂടിയാണ് പാർട്ടി ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ചിറ്റൂരിൽ മാത്രം പ്രസക്തിയുള്ള ജെ.ഡി.എസിന് നാല് സീറ്റ് നൽകിയിരിക്കെയാണ് എൻ.സി.പിക്കും ഐ.എൻ.എല്ലിനുമൊപ്പം മാത്രം എണ്ണം സീറ്റ് തങ്ങൾക്കും അനുവദിച്ചത്. പത്തിന് ചേരുന്ന സംസ്ഥാന കമ്മിറ്റി നിലവിലെ സ്ഥിതി വിലയിരുത്തും.
ആലപ്പുഴ ജില്ലയിലടക്കം സി.പി.എം മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് മികച്ച തീരുമാനമാണെന്നും പുതുതലമുറക്ക് കടന്നുവരാൻ ഇത് അവസരമൊരുക്കുമെന്നും ഷേക്ക്.പി ഹാരിസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.