എൽ.ജെ.ഡിയും ജെ.ഡി.എസും ലയിക്കും
text_fieldsതിരുവനന്തപുരം: നേതൃസ്ഥാനങ്ങൾ തുല്യമായി പങ്കിട്ട് ലയനവുമായി മുന്നോട്ടുപോകാൻ ഇടതുമുന്നണിയിലെ കക്ഷികളായ ലോക്താന്ത്രിക് ജനതാദളും (എൽ.ജെ.ഡി) ജനതാദൾ സെക്കുലറും (ജെ.ഡി.എസ്) തീരുമാനിച്ചു. മാത്യു ടി. തോമസ് എം.എൽ.എ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റാകുമെന്നാണ് വിവരം. എം.വി. ശ്രേയാംസ് കുമാർ ദേശീയ സെക്രട്ടറിയാകും. ജില്ല പ്രസിഡന്റ് സ്ഥാനങ്ങളും വീതംവെക്കും. ഏഴെണ്ണം എൽ.ജെ.ഡിയിൽനിന്നുള്ളവർക്ക് നൽകും. മറ്റിടങ്ങളിൽ ജെ.ഡി.എസ് നേതാക്കൾതന്നെ സ്ഥാനത്ത് തുടരും.
ലയനത്തിന് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ധാരണ പ്രകാരം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങൾ എൽ.ജെ.ഡിക്കാകും ലഭിക്കുക. എൽ.ഡി.എഫിന്‍റെ കൂടി നിർദേശാനുസരണമാണ് ലയനം.
ലോക്സഭ തെരഞ്ഞെടുപ്പിലുൾപ്പെടെ ഇതു ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പാർട്ടികൾക്കുള്ളത്. കോഴിക്കോട് ലോക്‌സഭ സീറ്റിൽ അവകാശവാദം ഉന്നയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് എം.പി. വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ ഇടതുമുന്നണി വിട്ടത്. എന്നാൽ, പാർട്ടിയിലെ ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തോടൊപ്പം പോയത്.
14 വർഷത്തിനു ശേഷമാണ് എൽ.ജെ.ഡി വീണ്ടും പഴയ ജെ.ഡി.എസ് ആകാനൊരുങ്ങുന്നത്. ലയനം നടന്നാൽ നിലവിൽ വഹിക്കുന്ന പദവികളടക്കം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം അവസാന നിമിഷം വരെ എതിർത്തിരുന്നു. നേരത്തേ ദേശീയ തലത്തിൽ എൽ.ജെ.ഡി ശരദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ലയിച്ചിരുന്നു.
എന്നാൽ, ഈ ലയനത്തിന് കേരളത്തിലെ എൽ.ജെ.ഡി ഘടകം തയാറായില്ല. അവർ വേറിട്ടുനിന്ന ശേഷമാണ് ഇപ്പോൾ ജെ.ഡി.എസിൽ ലയിക്കാനുള്ള തീരുമാനം. ലയനത്തിലൂടെ മുന്നണിയിലും കൂടുതൽ കരുത്തരാകാൻ സാധിക്കുമെന്ന വിലയിരുത്തലുണ്ടെങ്കിലും നിലവിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോയെന്ന ആശങ്കയും പാർട്ടികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.