ജെ.ഡി.എസ് ലയനം പ്രഖ്യാപിച്ച് എൽ.ജെ.ഡി; മാത്യു ടി. തോമസ് പ്രസിഡന്‍റായി തുടരും
text_fieldsകോഴിക്കോട്: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജനതാദൾ -എസുമായുള്ള (ജെ.ഡി.എസ്) ലയനം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി).
വ്യാഴാഴ്ച കോഴിക്കോട്ടുചേർന്ന എൽ.ജെ.ഡി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റി യോഗവുമാണ് ലയനത്തിൽ അന്തിമ തീരുമാനമെടുത്തത്. പാർട്ടി ദേശീയ നേതൃത്വം ആർ.ജെ.ഡിയിൽ ലയിച്ചപ്പോൾ വിട്ടുനിന്ന സംസ്ഥാന നേതൃത്വം സോഷ്യലിസ്റ്റ് പർട്ടികളിലൊന്നിൽ ലയിക്കാൻ തീരുമാനിച്ച് ജെ.ഡി.എസും ആർ.ജെ.ഡിയുമായി ചർച്ച നടത്തിയെന്നും ജെ.ഡി.എസിൽ ലയിക്കാൻ തീരുമാനിച്ചെന്നും സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തുടർചർച്ചയിൽ ഭാരവാഹി സ്ഥാനം പങ്കുവെക്കുന്നതിലടക്കം ധാരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പദവി ലഭിക്കാൻ എൽ.ജെ.ഡി നേതൃത്വം സമ്മർദം മുറുക്കിയിരുന്നുവെങ്കിലും ജെ.ഡി.എസ് അംഗീകരിച്ചിരുന്നില്ല. ഇതോടെ ലയനംതന്നെ വഴിമുട്ടിയ അവസ്ഥയിലായിരുന്നു. പിന്നീട് എൽ.ജെ.ഡി വിട്ടുവീഴ്ചക്ക് തയാറായി. ലയനശേഷവും സംസ്ഥാന പ്രസിഡന്‍റായി നിലവിലെ ജെ.ഡി.എസ് പ്രസിഡന്‍റ് മാത്യു ടി. തോമസ് എം.എൽ.എ തന്നെ തുടരും.
സീനിയർ വൈസ് പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി ജനറൽ പദവികൾ എൽ.ജെ.ഡിക്ക് നൽകും. ജെ.ഡി.എസിന്‍റെ നിലവിലെ 72 അംഗ സംസ്ഥാന കമ്മിറ്റിക്കൊപ്പം 72 എൽ.ജെ.ഡിക്കാരെ കൂടി ഉൾപ്പെടുത്തി അംഗങ്ങളുടെ എണ്ണം 144 ആക്കും. ഭാരവാഹികൾ പത്ത് -പത്ത് എന്നതോതിൽ വീതംവെക്കും. ജില്ല പ്രസിഡന്‍റുമാരിൽ ഏഴെണ്ണം എൽ.ജെ.ഡിക്ക് ലഭിക്കും.
ശ്രേയാംസ് കുമാറിന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം. ലഭ്യമാകുന്ന സീനിയർ വൈസ് പ്രസിഡൻറ്, സെക്രട്ടറി ജനറൽ പദവികളിലൊന്ന് വർഗീസ് ജോർജിന് ലഭിക്കും. അതിനിടെ, ജെ.ഡി.എസിൽ ലയിക്കുന്നതിനെതിരെ എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി. മുൻ എം.എൽ.എ എം.കെ. പ്രേംനാഥ്, പി. കിഷൻചന്ദ്, ശങ്കരൻ മാസ്റ്റർ, ഹംസ ഉൾപ്പെടെയുള്ളവരാണ് ആദ്യം എതിർപ്പറിയിച്ചത്. ജെ.ഡി.എസ് കർണാടകയിൽ ബി.ജെ.പിക്കൊപ്പം ചേർന്നതടക്കം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.