ലയനചർച്ചക്ക് എൽ.ജെ.ഡിക്ക് ഏഴംഗ സമിതി
text_fieldsകോഴിക്കോട്: ദേശീയ നേതൃത്വം ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ലയിച്ചതോടെ അതിജീവന വഴിതേടി മതനിരപേക്ഷ സോഷ്യലിസ്റ്റ് പശ്ചാത്തല പാർട്ടികളിലൊന്നിൽ ലയിക്കാൻ എൽ.ജെ.ഡി. ജനതാദൾ -എസ്, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി എന്നിവയുമായി ലയനം ചർച്ചചെയ്യാൻ ഏഴംഗ സമിതിക്ക് സംസ്ഥാന സമിതി രൂപംനൽകി. ദേശീയ നേതൃത്വം ശരദ് യാദവിന്റെ നേതൃത്വത്തിൽ ആർ.ജെ.ഡിയിൽ ലയിച്ചപ്പോൾ സ്വതന്ത്രമായി നിൽക്കാനായിരുന്നു സംസ്ഥാന തീരുമാനം. എന്നാൽ, ഒറ്റക്ക് നിലനിൽപില്ലെന്ന തിരിച്ചറിവിൽനിന്നാണ് ഏതെങ്കിലുമൊരു പാർട്ടിയിൽ ലയിക്കണമെന്ന് തീരുമാനിച്ചത്.
സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ, ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ. ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്നതാണ് ഏഴംഗ സമിതി. മൂന്നു പാർട്ടിയുടെയും നേതാക്കളുമായി ചർച്ചചെയ്ത് റിപ്പോർട്ട് തയാറാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നിവ റിപ്പോർട്ട് ചർച്ചചെയ്ത് തീരുമാനിക്കാനുമാണ് ധാരണ.
ലയന കാര്യങ്ങൾ എൽ.ഡി.എഫ് നേതൃത്വവുമായും ചർച്ചചെയ്യും. എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷിക ദിനമായ മേയ് 28ന് കോഴിക്കോട്ട് സമ്മേളനവും റാലിയും നടത്തിയാവും ലയനം പ്രഖ്യാപിക്കുക. കെ.റെയിൽ പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും കുടിയിറക്ക് ഭീഷണിയെയും സംബന്ധിച്ച് നേതാക്കൾ വലിയ വിമർശനങ്ങൾ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.