വടകര സീറ്റിനെ ചൊല്ലി എല്‍.ജെ.ഡി, ജനതാദള്‍ –എസ് തര്‍ക്കം
text_fieldsവടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ, ലോക്താന്ത്രിക് ജനതാദളും (എല്‍.ജെ.ഡി), ജനതാദള്‍ എസും തമ്മില്‍ വടകര നിയമസഭ സീറ്റിനെ ചൊല്ലി തര്‍ക്കം.
കഴിഞ്ഞദിവസം എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രനാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വടകര സീറ്റ് എല്‍.ജെ.ഡിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ടത്.
ജനതാദള്‍ എസിന് ജനപിന്തുണ നഷ്ടപ്പെട്ടതായും മനയത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ സി.കെ. നാണു എം.എല്‍.എ രംഗത്തെത്തി. ലോക്സഭ സീറ്റ് നഷ്ടപ്പെട്ടപ്പോഴും ആര്.എം.പി.ഐ പ്രതിസന്ധിക്കിടയിലും മുന്നണിക്കൊപ്പം ഉറച്ചുനിന്ന് വടകരയില്‍ മികച്ച വിജയം നേടിയ ജെ.ഡി.എസിനെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന് സി.കെ. നാണു എം.എല്‍.എ വ്യക്തമാക്കി.
ഇതിനിടെ, മാത്യു ടി. തോമസിനെ ജെ.ഡി.എസിെൻറ സംസ്ഥാന പ്രസിഡൻറാക്കിയതിനെ എതിര്‍ത്ത് ശനിയാഴ്ച സി.കെ. നാണു വിഭാഗം തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്.
മുന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസിെൻറ നേതൃത്വത്തിലാണ് യോഗം. എന്നാല്‍, യോഗത്തില്‍ സി.കെ. നാണു പങ്കെടുക്കില്ല. അതേസമയം, ജനത പാര്‍ട്ടികള്‍ തര്‍ക്കങ്ങള്‍ തുടരുമ്പോഴും വടകര സീറ്റില്‍ തട്ടി ലയന ചര്‍ച്ചകള്‍ ചിതറിപ്പോകുമോയെന്ന ആശങ്കയിലാണ് ഇരുപാര്‍ട്ടികളിലെയും അണികള്‍.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡി, ജനതാദള്‍ എസ് സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രവര്‍ത്തിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മനയത്ത് ചന്ദ്രന്റെ പ്രസ്താവന അനുചിതം –ജെ.ഡി.എസ്
വടകര: ജനതാദള്‍ എസിന് ജനപിന്തുണ നഷ്ടപ്പെട്ടെന്ന തരത്തില്‍ എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രന് നടത്തിയ പ്രസ്താവന അനുചിതവും അനവസരത്തിലുള്ളതുമാണെന്ന് ജനതാദള്‍ (എസ്) ജില്ല പ്രസിഡൻറ് കെ. ലോഹ്യ. വടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാര്‍ഥ താല്‍പര്യത്തിെൻറ പേരില്‍ ഇടതുമുന്നണി വിട്ട് എം.പി. വീരേന്ദ്രകുമാര്‍ വിഭാഗം യു.ഡി.എഫിെൻറ ഭാഗമായി നിന്നപ്പോള്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരെയും കൊണ്ട് മുന്നണിക്കൊപ്പംനിന്ന പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളത്. പിന്നീട്, പലരും ദളിനൊപ്പം വന്നു.
സീറ്റ് ആവശ്യപ്പെടേണ്ടത് മുന്നണിക്കകത്താണ്. മാധ്യമങ്ങളിലൂടെയല്ല. വടകര മേഖലയില്‍ കരുത്തുകാട്ടിയെന്ന് അവകാശപ്പെടുന്ന എല്‍.ജെ.ഡി ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലെ ഭരണനഷ്ടത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും ലോഹ്യ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ടി.എന്‍.കെ. ശശീന്ദ്രന്, കെ. പ്രകാശന്, കെ.ബി. അനൂപ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.