കെ.എസ്.ആര്.ടി.സിയിലും ബോട്ടുകളിലും എൽ.എൻ.ജി സാധ്യത പരിശോധിക്കാന്‍ ഉപസമിതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ബസുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, യാത്ര ബോട്ടുകള്‍ എന്നിവ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിെൻറ സാധ്യത പരിശോധിക്കുന്നു. ഇതിനായി ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിെൻറ അധ്യക്ഷതയില്‍ ഉപസമിതി രൂപവത്കരിച്ചു. ആഗോള താപനവും മലിനീകരണവും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പ്രകൃതിവാതക ഉപയോഗം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. െഗസ്റ്റ് ഹൗസില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പെട്രോനെറ്റ് എൽ.എൻ.ജി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കെ.എസ്.ആർ.ടി.സി ബസുകള്‍ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിന് പെട്രോനെറ്റ് എൽ.എൻ.ജി സഹായം വാഗ്ദാനം ചെയ്തിരുന്നു. 100 ബസ് വരെയായിരുന്നു വാഗ്ദാനം. മത്സ്യബന്ധന ബോട്ടുകളില്‍ മണ്ണെണ്ണയും ഡീസലുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നില്ല. മറ്റാവശ്യങ്ങള്‍ക്കായി കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ ഒരു വിഹിതം സബ്സിഡി നല്കി ബോട്ടുകള്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. യാത്ര ബോട്ടുകളും എൽ.എൻ.ജിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറ്റുന്നതിനുള്ള സാധ്യതയും ഉപസമിതി പരിശോധിക്കും. മത്സ്യഫെഡ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് (എച്ച്.എല്‍.എല്‍), ജലഗതാഗത വകുപ്പ് എന്നിവരും ഉപസമിതിയില്‍ അംഗങ്ങളാകും.
എൽ.എൻ.ജി ഉപയോഗിച്ചുള്ള പരീക്ഷണം യാത്രവാഹനങ്ങളില് ഇന്ത്യയിലെവിടെയും നടന്നിട്ടില്ല. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍ എന്നിവ ഏറ്റവുമധികം മലിനീകരണമുള്ള നഗരങ്ങളാണെന്നാണ് ഹരിത ൈട്രബ്യൂണൽ നിഗമനം. മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങളില്‍നിന്ന് പ്രകൃതി വാതകങ്ങളിലേക്ക് മാറുകയാണ് സര്‍ക്കാർ ലക്ഷ്യം. നിലവില്‍ കൊച്ചിയില്‍ മാത്രമാണ് എൽ.എൻ.ജി വിതരണമുള്ളത്. തിരുവനന്തപുരത്ത് എച്ച്.എല്‍.എല്ലിന് എൽ.എൻ.ജി വിതരണമുണ്ട്. ആനയറയില്‍ എൽ.എൻ.ജി, സി.എന്‍.ജി യൂനിറ്റ് സ്ഥാപിക്കാൻ നടപടി പുരോഗമിക്കുകയാണ്.
മലബാര്‍ മേഖലയില്‍ എടപ്പാളും കണ്ണൂരില്‍ അനുയോജ്യമായ സ്ഥലത്തും എൽ.എൻ.ജി ലഭ്യത ഉറപ്പാക്കാന്‍ നടപടി വേഗത്തിലാക്കും. പെട്രോനെറ്റ് എൽ.എൻ.ജി മേധാവി പ്രഭാത് സിങ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ എന്നിവരും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, എച്ച്.എല്‍.എല്‍, മത്സ്യഫെഡ്, ജലഗതാഗത വകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.