10 ദിവസത്തിനകം മഴ പെയ്തില്ലെങ്കിൽ ലോഡ് ഷെഡിങ്
text_fieldsതിരുവനന്തപുരം: 10 ദിവസം കൂടി പൂർണമായി മഴ ഇല്ലാതെ വന്നാൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തും. ദിവസം 10 മുതൽ 15 വരെ മിനിറ്റ് നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ വ്യക്തമാക്കി. പീക്ക് സമയമായ വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെയാണ് നിയന്ത്രണം ആലോചിക്കുന്നത്.
മഴ കിട്ടി നീരൊഴുക്ക് ശക്തിപ്പെട്ടാൽ നിയന്ത്രണം വേണ്ടിവരില്ല. കൂടുതൽ വൈദ്യുതി കേരളത്തിൽ എത്തിക്കാൻ ലൈൻ ശേഷി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ദേശീയ ലോഡ് ഡെസ്പാച്ചിങ് സെൻററിനെ സമീപിച്ചു. ഇത് അംഗീകരിക്കപ്പെട്ടാൽ വലിയ പ്രതിസന്ധി ഒഴിവാകുമെന്ന് ബോർഡ് വ്യക്തമാക്കി.
ദിവസം 64 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയുക. ഇതിന് പുറമെ 10 ദശലക്ഷം യൂനിറ്റ് വൈദ്യുതി കൂടി എത്തിക്കാൻ ലൈൻ അനുവദിക്കണമെന്നാണ് ആവശ്യം. മറ്റ് സംസ്ഥാനങ്ങളും ആവശ്യക്കാരായതിനാൽ എത്രത്തോളം അനുമതി കിട്ടുമെന്ന് ആശങ്കയുണ്ട്. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തിപ്പെടാതിരിക്കുകയും കൂടുതൽ െവെദ്യുതി പുറത്തുനിന്ന് കിട്ടാതെയുമിരുന്നാൽ നിയന്ത്രണമല്ലാതെ മാർഗമില്ല. ഇപ്പോൾ 12 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പ്രതിദിന ജലവൈദ്യുതി ഉൽപാദനം. നീരൊഴുക്ക് കുറഞ്ഞാൽ അത് ഉടൻ കുറക്കും.
ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടുകളിലെ ജലനിരപ്പ് 11 ശതമാനം മാത്രമാണ്. അതായത് വെറും 438 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിക്കാനുള്ള വെള്ളം മാത്രമാണിത്. അടിത്തട്ടിലെ ജലം ഉൽപാദനത്തിന് കഴിയുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.