എളുപ്പം വായ്പ, പക്ഷെ ‘ഈട്’ ജീവിതം
text_fieldsകോട്ടയം: വായ്പ ആപ്പ് വഴി വളരെ എളുപ്പത്തിൽ വായ്പ കിട്ടും, പക്ഷെ ‘ഈടായി’ കൈമാറുന്നതോ വേണ്ടപ്പെട്ടവരുടെ ഫോൺനമ്പറുകളും ചിത്രങ്ങളും വിശദാംശങ്ങളും. ഇതുപയോഗിച്ചാണ് വായ്പ ആപ്പ് വഴി തട്ടിപ്പുകൾ നടക്കുന്നത്. ഇത്തരത്തിൽ മൊബൈൽ ഫോണിലുള്ള ഫോട്ടോകൾ ഉൾപ്പെടെ തട്ടിപ്പ് സംഘത്തിന് ലഭിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമാണ് ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതെന്ന് പൊലീസ് പറയുന്നു.
വായ്പ ആപ് തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിക്കുമ്പോഴും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിമിതിയുണ്ടെന്നും ചതികളിൽ അറിഞ്ഞുകൊണ്ട് തലെവക്കരുതെന്നുമുള്ള മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്.
ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാൻ കടമ്പകളേറെയുള്ളതിനാൽ പെട്ടെന്ന് വായ്പ ലഭിക്കുമെന്ന കാരണത്താലാണ് പലരും അംഗീകൃതമല്ലാത്ത ആപ്പുകളെ ആശ്രയിക്കുന്നത്. എന്നാൽ, ഇത് മൊബൈലിലേക്ക് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ തട്ടിപ്പുകാർക്ക് അടിമകളാകും.
ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അനുമതി നൽകുന്നതാണ് തട്ടിപ്പിന് കാരണമാകുന്നത്. കാര്യമായ ജാമ്യമൊന്നും ഇല്ലാതെ വായ്പ ലഭിക്കുമെങ്കിലും മൊബൈൽ ഫോണിലെ ഈ കോൺടാക്ട് നമ്പറുകളും ഫോട്ടോകളും ഒക്കെയാണ് ജാമ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
നമ്മുടെ കോൺടാക്ട് നമ്പറുകളുടെ എണ്ണം കൂടുംതോറും ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി വർധിക്കുമത്രേ. ഈ ആപ് ഡൗൺലോഡ് ചെയ്യുന്നതിനൊപ്പം അറിഞ്ഞോ അറിയാതെയോ സുഹൃത്തുക്കളെ ഉൾപ്പെടെ ചതിക്കുഴിയിലേക്ക് തള്ളിവിടുകയാണ്. വായ്പ അവർ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കിൽ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ ഫോണിൽനിന്ന് ശേഖരിച്ച ചിത്രങ്ങൾ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത് അയച്ചു നൽകും.
ഇത്തരം ചിത്രങ്ങൾ കോൺടാക്ട് ലിസ്റ്റിൽ ഉള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒക്കെ അയച്ചുനൽകുന്നതാണ് അടുത്ത രീതി. ഇത് പണം വായ്പയെടുത്ത ആൾക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കും. അങ്ങനെ മാനഹാനിയിൽ പലരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
കൈക്കലാക്കുന്ന പണം ക്രിപ്റ്റോകറൻസി മുതലായ മാർഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തുന്നതിനാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്കരവും ശ്രമകരവുമാണെന്ന് പൊലീസ് പറയുന്നു. അംഗീകൃതമല്ലാത്ത വായ്പ ആപ്പ് ഉപയോഗിക്കാതിരിക്കൽ മാത്രമാണ് പോംവഴിയെന്ന് പൊലീസ് പറയുന്നു. ലോൺ ആപ്പ് ഉൾപ്പെടെ സൈബർ തട്ടിപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ഹെൽപ് ലൈൻ നമ്പറായ 1930ൽ അറിയിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴും ജാഗ്രത വേണം
കോട്ടയം: നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ക്യു.ആർ കോഡ് ഉപയോഗിച്ച് ലിങ്ക് തുറക്കുമ്പോൾ യു.ആർ.എൽ സുരക്ഷിതമാണെന്നും വിശ്വസനീയ ഉറവിടത്തിൽനിന്നാണെന്നും ഉറപ്പാക്കണം
- ഇ-മെയിലിലെയും എസ്.എം.എസിലെയും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യു.ആർ കോഡുകൾ നയിക്കുന്ന യു.ആർ.എല്ലുകൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിങ് വെബ്സൈറ്റിലേക്ക് കൊണ്ടുപോകാനും സാധിച്ചേക്കും
- ക്യു.ആർ കോഡ് സ്കാനർ ആപ് സെറ്റിങ്സിൽ ‘ഓപൺ യു.ആർ.എൽസ് ഓട്ടോമാറ്റിക്കലി’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം
- അറിയപ്പെടുന്ന സേവന ദാതാക്കളിൽനിന്ന് മാത്രം ക്യു.ആർ കോഡ് ജനറേറ്റ് ചെയ്യുക
- ക്യു.ആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടൻ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക
- കസ്റ്റം ക്യു.ആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക
- ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമാതാവ് നൽകുന്നതുമായ വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.