സുധക്ക് വായ്പ ഇളവ്: കേരളബാങ്ക് ചെയർമാൻ വീട്ടിലെത്തി രേഖ കൈമാറി
text_fieldsപഴയന്നൂർ: നവകേരള സദസ്സിൽ തീർപ്പാക്കിയ വായ്പ തിരിച്ചടവ് ഇളവിനായി ബാങ്കിലെത്തിയ ഇടപാടുകാരനെ കേരള ബാങ്ക് മാനേജർ അപമാനിച്ചെന്ന പരാതിയിൽ മണിക്കൂറുകൾക്കകം ഇടപെട്ട് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. പരാതി നൽകിയ പഴയന്നൂർ സ്വദേശി സുധ ശശിയുടെ വീട്ടിൽ ഗോപി കോട്ടമുറിക്കൽ നേരിട്ടെത്തി വിശദാംശങ്ങൾ തേടി. വായ്പ തിരിച്ചടവിൽ ഇളവ് അനുവദിച്ച രേഖ നേരിട്ട് ചെയർമാൻ കൈമാറി. കേരള ബാങ്ക് പഴയന്നൂർ ശാഖക്കെതിരെയാണ് പഴയന്നൂർ കുമ്പളക്കോട് അളിഞ്ഞോട്ടിൽ വീട്ടിൽ സുധ ശശി മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കേരള ബാങ്ക് ചെയർമാനും പരാതി നൽകിയിരുന്നത്. കേരള ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നതിൽ തിരിച്ചടവിൽ ഇളവ് തേടി നവകേരള സദസ്സിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച് നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ജനുവരി 31നകം ബാങ്ക് ശാഖയിലെത്തി പരമാവധി ഇളവുകൾ കൈപ്പറ്റാമെന്ന് അറിയിച്ച് സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ മറുപടി നൽകിയിരുന്നു. ഈ കത്തുമായി വായ്പ തിരിച്ചടവിനായി ബാങ്കിന്റെ പഴയന്നൂർ ശാഖയിലെത്തിയ സുധയുടെ ഭർത്താവ് ശശിയോട് ബാങ്ക് മാനേജർ അപമാനിക്കുകയും നോട്ടീസ് വലിച്ചെറിയുകയുമായിരുന്നു. മറ്റൊരു ജീവനക്കാരി നിരവധി ഇടപാടുകാർ കേൾക്കെ ഉത്തരവ് ഉറക്കെ വായിച്ച് അപമാനിച്ചുവെന്നായിരുന്നു പരാതി. ശനിയാഴ്ച ഉച്ചക്കുശേഷമാണ് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പഴയന്നൂരിൽ സുധയുടെ വീട്ടിലെത്തിയത്.
വായ്പാ തിരിച്ചടവിൽ പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കി 270673 രൂപയുടെ ഇളവ് അനുവദിച്ചതിന്റെ രേഖ സുധക്ക് കൈമാറി. ബാങ്ക് ശാഖാ മാനേജരുടെ ഭാഗത്ത് നിന്നുണ്ടായ സംഭവം വിശദമായി പരിശോധിക്കുമെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.