വായ്പപരിധി വെട്ടിക്കുറക്കൽ: നിയമപോരാട്ടത്തിന് കേരളം
text_fieldsതിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപൽ അടക്കം നിയമവിദഗ്ധരിൽനിന്നുള്ള ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പലതവണ കേന്ദ്രധന മന്ത്രാലയവുമായി കത്തിടപാട് നടന്നിട്ടും അനുകൂല സമീപനമുണ്ടാകാത്ത സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമ പോരാട്ടത്തിനൊരുങ്ങുന്നത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ചുമതലയേൽപിക്കുമെന്നാണ് വിവരം. വായ്പപരിധി വെട്ടിക്കുറച്ചതിനു പിന്നാലെ കടം സംബന്ധിച്ച നിർവചനങ്ങളിൽ മാറ്റം വരുത്തിയതും സർക്കാറിന് കീഴിലെ മറ്റ് ഏജൻസികൾ എടുക്കുന്ന വായ്പയും സംസ്ഥാന സർക്കാറിന്റെ വായ്പയായി പരിഗണിക്കുന്നതുമടക്കം വിഷയങ്ങളാണ് ചോദ്യം ചെയ്യുക.
സംസ്ഥാന സർക്കാറിന്റെ വരുമാനത്തിലെ മുഖ്യ സ്രോതസ്സാണ് കടമെടുപ്പ്. റിസർവ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങൾ 7.5 ശതമാനം പലിശക്ക് വിറ്റാണ് കടമെടുക്കുന്നത്. കടമെടുപ്പ് പ്രതീക്ഷിച്ചാണ് ബജറ്റടക്കം തയാറാക്കിയത്. കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനം കടമെടുക്കാമെന്നിരിക്കെ ഇത് 1.6 ശതമാനമായി വെട്ടിക്കുറക്കുകയായിരുന്നു. മൂന്നു ശതമാനമെന്ന കണക്കനുസരിച്ചും പതിവ് വെട്ടിക്കുറക്കലെല്ലാം കഴിഞ്ഞും 28,550 കോടിയെങ്കിലും വായ്പയെടുക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് കേന്ദ്രം ഇടങ്കോലിട്ടത്. ഫലത്തിൽ 15,390 കോടിയായി കടമെടുപ്പ് ചുരുങ്ങി.
സാധാരണ ഏപ്രിൽ പകുതിയോടെ കടമെടുപ്പിനുള്ള കേന്ദ്രാനുമതി ലഭിക്കാറുണ്ട്. ഇക്കുറി ഇതു നീണ്ടുപോയി. ഈ സാഹചര്യത്തിൽ താൽക്കാലികമായി 2000 കോടി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, അന്തിമാനുമതി നൽകിയ 15,390 കോടിയിൽ ഈ 2000 കോടിയും ഉൾപ്പെടുത്തി എന്നതാണ് മറ്റൊരു ഇരുട്ടടി. 15,390 കോടിയിൽ 11,500 കോടിയും കടമെടുത്തു. ശേഷിക്കുന്ന 3890 കോടിയിൽ 1000 കോടി ഈ ആഴ്ച കടമെടുക്കും. ദൈനംദിന ചെലവിന്റെ 64 ശതമാനവും തനത് വരുമാനത്തിൽനിന്നാണ് സംസ്ഥാനം കണ്ടെത്തുന്നത്. മറ്റു പല സംസ്ഥാനങ്ങളും 30 ശതമാനം മാത്രമാണ് തനത് വരുമാനത്തിൽനിന്ന് ചെലവിനുള്ള വക കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.