ദമ്പതികളുടെ പേരിൽ വായ്പയെടുപ്പിച്ച് തിരിച്ചടച്ചില്ല; രണ്ടു പേർ അറസ്റ്റിൽ
text_fieldsരതീഷ് കുമാർ, ജെയ്ത്ത്
പന്തളം: സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഫിനാൻസിൽ നിന്ന് വീട്ടമ്മയുടെയും ഭർത്താവിന്റെയും പേരിൽ വായ്പയെടുപ്പിച്ച ശേഷം തിരിച്ചടക്കാത്ത കേസിൽ രണ്ടു പേർ പിടിയിൽ. ആലപ്പുഴ വെണ്മണി കഞ്ഞിക്കുഴി കക്കട രാജേഷ് ഭവനത്തിൽ രതീഷ് കുമാർ (41), ചങ്ങനാശ്ശേരി ശാന്തിപുരം ആര്യൻകാല പുതുപ്പറമ്പിൽ ജെയ്ത്ത് (കറുകച്ചാൽ കണ്ണൻ -30)എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കൊട്ടാരക്കര ചക്കുവരക്കൽ സ്വദേശിയ രതീഷ് കേസിനു ശേഷം വീടുവിട്ട് മാറിത്താമസിക്കുകയായിരുന്നു.
2020 ജൂൺ 18നാണ് സംഭവം. പന്തളം മങ്ങാരം സ്വദേശിനിയുടെയും ഭർത്താവിന്റെയും പേരിൽ 38 തവണകളായി തിരിച്ചടച്ചു കൊള്ളാം എന്ന വ്യവസ്ഥയിൽ 2,98,129 രൂപ വായ്പയെടുപ്പിച്ച ഒന്നാം പ്രതി രതീഷ്, സ്വന്തം ആവശ്യത്തിനായി കാർ വാങ്ങിയ ശേഷം വായ്പത്തുക തിരിച്ചടക്കാതെ മുങ്ങി. പിന്നീട് ഈ കാർ 80,000 രൂപക്ക് ജെയ്ത്തിന് പണയംവെച്ചു. ഇയാൾ പിന്നീട് വാഹനം മറിച്ചുവിറ്റു. കാർ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
മൊബൈൽ ഫോൺ ഇടക്ക് ഓണാക്കിയപ്പോൾ കിട്ടിയ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് സംഘം രതീഷിനെ കണ്ടെത്തിയത്. പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ജെയ്ത്തിനെ ചങ്ങനാശ്ശേരിയിൽ നിന്നാണ് പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ കെ.ബി. അജി, മനോജ് കുമാർ, പൊലീസുകാരായ അൻവർ ഷാ, എസ്.കെ. അമീഷ്, ജലജ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.